Sunday, 29 September 2013

അച്ഛൻ--എന്റെ ആദ്യ ഗുരു.

എന്റെ അമ്മയായിരുന്നു അധ്യാപികയെങ്കിലും,എന്നിൽ
വായനയോടും,മറ്റു കലകളോടുമുള്ള താത്പര്യം ഉണ്ടാക്കിയതിനു പിന്നിൽ എന്റെ അച്ഛനായിരുന്നു.

അങ്ങിനെ പറയുമ്പോൾ അച്ഛനായിരുന്നു എന്റെ ആദ്യ ഗുരു.

രാവിലെ എഴുന്നേറ്റു പ്രഭാത കർമങ്ങൾ കഴിഞ്ഞാലുടൻ പേപ്പർ വായിക്കുന്ന ശീലം, വായനയോടു മൊത്തത്തിലുള്ള സ്നേഹം എന്നിവ എന്നിൽ ഉണ്ടാക്കിയത് എന്റെ പ്രിയപ്പെട്ട അച്ഛൻ തന്നെയാണ്

ജീവജാലങ്ങളോടുള്ളസ്നേഹവും,സഹജീവികളോടുള്ളസഹാനുഭൂതിയുമെല്ലാം,എന്നിലുണ്ടാക്കിയത്,ഒരുപട്ടാളക്കാരനായിരുന്ന,രാജ്യസേവകനായിരുന്ന എന്റെ അച്ഛൻ തന്നെ എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും....

മറ്റു പല കുട്ടികളും ,തപ്പിയും,തടഞ്ഞും
കൊഞ്ചിയും,വായിച്ചപ്പോൾ,തട്ടും,തടവും കൂടാതെ ആദ്യമായി അക്ഷരസ്ഫുടതയോടെ,വായിക്കുവാൻ കഴിഞ്ഞ ഒന്നാം ക്ലാസ്സുകാരിയാവാൻ എന്നെ പ്രാപ്തയാക്കിയത് അച്ഛനാണെന്ന് നിസ്സംശയം എനിക്ക് പറയാൻ കഴിയും.

അച്ഛൻ സമ്മാനങ്ങളായി അധികവും വാങ്ങിത്തന്നിട്ടുള്ളത് പുസ്തകങ്ങളും, പല തരത്തിലുള്ള,
ചായങ്ങളുമാണ്..കുട്ടിക്കാലത്ത് അമർചിത്രകഥകളും,പഞ്ചതന്ത്രം,ഈസോപ്പ് കഥകളും,"അമ്പിളി അമ്മാവനു'മൊക്കെയായിരുന്നുവെങ്കിൽ,വലുതായപ്പോൾ, ഷേക്ക്സ്പീയറും ,ഷെല്ലിയുമൊക്കെ,വീട്ടിലെ അലമാരയിൽ അതിഥികളായെത്തിയത് അച്ഛന്റെ പ്രോത്സാഹനം കൊണ്ട് തന്നെയാണ്..

ഇത്തരുണത്തിൽ,ഇന്ന് അധ്യാപകദിനത്തിൽ,ഞാനെന്റെ ആദ്യഗുരുനാഥനെ,എന്റെ അച്ഛനെ ഒന്ന് കൂടി ഓർത്തു ഓർത്തു പോയി..അപ്പോൾ എന്നത്തേയും പോലെ,ഇന്നും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു..അച്ഛനെ ശരിക്കും കാണാൻ തോന്നി..

ജീവിച്ചിരിക്കുമ്പോൾ അച്ഛൻ പറയാറുള്ള പോലെ, " നീ വിഷമിക്കേണ്ട..നിങ്ങളെ വിട്ടു അച്ഛന് മറ്റൊരു ജീവിതമില്ല..മരിച്ചു പോയാലും,നിന്റെ മനസ്സ് വിഷമിച്ചാൽ,നിനക്ക് അച്ഛനെ കാണണമെന്ന്തോന്നിയാൽ അച്ഛൻ നിനക്ക് മുന്നിലുണ്ടാവും"
എന്ന്....

അങ്ങിനെയെങ്കിൽ,ഇപ്പോൾ..അച്ഛൻ പഠിപ്പിച്ച അക്ഷരങ്ങൾ കൊണ്ട്, അച്ഛന് ഞാൻ ചെയ്യുന്ന അർച്ചന കണ്ടു കൊണ്ട്, എന്റെ അച്ഛൻ എന്റെ അരികിലിരിക്കുന്നുണ്ടാവും...

സ്വതേയുള്ള ലളിതമായ പുഞ്ചിരിയോടെ..അതേ സ്നേഹത്തോടെ...

എന്റെയാ ആദ്യ ഗുരുവിനു മനസ്സിന്റെ അടിത്തട്ടിൽ നിന്നും 
ഒരു കോടി പൂക്കൾ കൊണ്ട് ആത്മാർച്ചന !!! 

അച്ഛന്റെയീ മകളുടെ ഹൃദയത്തിന്റെ സ്നേഹാർച്ചന....

കണ്ണുനീരിൽ കുതിർന്ന എന്റെ ബാഷ്പാർചന!!!

എന്ന്

അച്ഛന്റെ സ്വന്തം മായക്കുട്ടി.


അമ്മ

അമ്മ എനിക്ക് ഉമ്മ തന്നു...
ഞാനും അമ്മക്ക് ഉമ്മ കൊടുത്തു...
അമ്മ നിലാവ് പോലെ ചിരിച്ചു..
ഞാനും ചിരിച്ചു...

അമ്മ ഉണ്മയാണ്,അമ്മ സത്യമാണ്...
അമ്മ നന്മയാണ്,അമ്മ പെണ്മയാണ്..
അമ്മ സ്നേഹമാണ്,അമ്മ വാത്സല്യമാണ്..
അമ്മ അഖിലസാരമാണ്,അമ്മ ദേവിയാണെനിക്കെന്നും..

എഴുതിയത്


മായാരാജേഷ്, ഷാർജ

"
അമ്മ എന്ന ദേവത" (കവിത)

കവിത എഴുതിയത്

മായ മേനോൻ,ഷാർജ


(2003 -
ഇൽ ബി.എഡ്-നു
പഠിച്ചു കൊണ്ടിരുന്നപ്പോൾ എഴുതിയത് ,ഇതിനു ബി.എഡ് കോളേജിൽ വച്ച് ഒന്നാം
സമ്മാനം ലഭിക്കുകയും കോളേജ് മാഗസിനിൽ വർഷം ഇത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.

വാൽകഷ്ണം :

അമ്മയോടുള്ള ആരാധന
മൂത്ത എന്റെ മനസ്സ് അമ്മയെക്കുറിച്ച് പലപ്പോഴായി ചിന്തിച്ചു വച്ചതെല്ലാം ചേർത്ത് എഴുതാൻ ശ്രമിച്ചത്‌,അങ്ങിങ്ങായി കുത്തിക്കുറിച്ചു വച്ചത്,അന്ന് കാലത്ത്പഠിപ്പിച്ചിരുന്ന ഒരധ്യാപിക
കണ്ടെത്തിമത്സരത്തിനയക്കുകയായിരുന്നു.അവരെ ഞാൻ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.)
"അമ്മ എന്ന ദേവത" (കവിത)

അമ്മയെന്നമ്മയൊരു ദേവത!
നാമമീനാവിൽ പെയ്യുന്നു തേന്മഴ!.
ലോകവും പരലോകവുമറിഞ്ഞാലും
കാണുകില്ലെമ്മന്നയെപ്പോലുന്മയാര്ന്നഴകാർന്ന ശക്തമാം വ്യക്തിത്വത്തെ.
മനസ്സിലുഴറുന്ന,നീറുന്ന
ഒരു നൂറുപ്രശ്നങ്ങൾക്കൊക്കവയും,
ശാന്തി മന്ത്രമായതുന്ടെങ്ങിലതമ്മ മാത്രം.

അമ്മയെന്നമ്മയൊരു ദേവത!
നാമമീനാവിൽ പെയ്യുന്നു തേന്മഴ!.

ഭൂമിയിതിങ്കൽ ഞാനങ്കുരിച്ച നാൾ മുതൽ
അറിയുന്നാ ദിവ്യ അമൃത തുല്യമാം സ്നേഹം,നിസ്വാർത്ഥം;
അറിഞ്ഞു വളരവേ
മുലപ്പാലും,കണ്ണീരും,തൻ ജീവരക്തവും പോലും
മക്കൾക്കയർപ്പിചോരാ ജീവിക്കും ദൈവത്തെ ഞാൻ.
അർപ്പിച്ചാത്മാവിനാൽ,ആരാധിച്ചു ഞാനെനിക്കാ
വും പോലെയാ സ്ത്രീരത്നത്തെ,
എന്റെയീ ആരാധാനപൂർണമാം കൊച്ചു ഹൃദയം കൊണ്ട്..
അറിഞ്ഞു കൊണ്ട് തന്നെയെന്നുള്ളിൽ മിടിക്ക്യുമീ വിനീത ഹൃദയം പോലുമാ ഈശ്വരി തൻ ദാനമെന്ന്.

എനിക്കെന്തിനു മറ്റൊരു ദൈവം,
ഞാനെന്നമ്മയെ കാണുന്നല്ലോ,
എനിക്കെന്തിനു മറ്റൊരാരധാനാലയം
ഞാനെന്റെ മാതൃപാദങ്ങളെ സദാ ആരാധിക്കുന്നുവല്ലോ.
എനിക്കെന്തിനു പൂജാപുഷ്പങ്ങളമ്മ തൻ
അടിമലരിണയിൽ ഞാൻ സ്വയമൊരു തുളസീദളമല്ലോ.

അമ്മയെന്നമ്മയൊരു ദേവത!
നാമമീനാവിൽ പെയ്യുന്നു തേന്മഴ!.

ഗർഭപാത്രം വിട്ടിറങ്ങിയ നാൾ മുതൽ-
ഇന്ന് വരേക്കുമെൻ ആത്മസഖിയായ്,സ്നേഹവാത്സല്യമാർന്നൊരു-
കുളിര് തെന്നലായ്,എൻ നിഴലായ്,
എൻ വഴികാട്ടിയായ്‌,തളർന്നപ്പോൾ താങ്ങാ
യ്കരഞ്ഞപ്പോൾ സാന്ത്വനമായ്,
തകർന്നപ്പോൾ പ്രതീക്ഷയായ്,
അഗതിക്ക്ഗതിയായ്,
ശാപജന്മത്തിന്റെ മോക്ഷകവാടമായ്,
ശാന്തമായ്,സ്നേഹമായ്,നിറഞ്ഞ വാത്സല്യമായ്
കാരുണ്യമായ്,ആശ്വാസമായ്,ശക്തിയായ്,
ബുദ്ധിയായ്,തെളിഞ്ഞ നീലാകാശമെന്നപോൽ-
എനിക്ക് മേൽ ശരണ്യയായമ്മ നിന്നൂ.

തെറ്റ് കുറ്റങ്ങൾ ഞാനൊരു നൂറു കോടി ചെയ്തെന്നിരിക്കിലും,
ക്ഷമിക്കുമെന്നമ്മ ധരാദേവിയും നാണിക്കുംവിധം...

അതെ..അമ്മ..എന്നമ്മയൊരു ദേവത!
നാമമീനാവിൽ പെയ്യുന്നു തേന്മഴ!.

കാരുണ്യത്തിൻ,വാത്സല്യത്തിൻ മൂർത്തിമധ്ഭാവമേ,
അമ്മേ..,നിനക്ക് വന്ദനം പാടാത്ത മക്കൾ
അവരെത്ര ഉന്നതരാകിലും വെറും മൂഡന്മാർ,
നിനക്കർപ്പിക്കാത്ത പൂജകൾ-
അതെത്ര വലുതാകിലും നിഷ്ഫലം;
നിനക്ക് മുന്നില് കുനിയാത്ത ശിരസ്സ്‌----
അത് രാജരാജന്റെതാകിലും ശിരസ്ഛെദയോഗ്യം!

നിനക്ക് തരുവാൻ ശ്രമിക്കാത്ത
സ്നേഹപരിചരണങ്ങളാർക്കുമേ
അനുഭവയോഗ്യമല്ലാതാകുന്നു നൂനം.

ഇത്രയും കഥിക്കുവാൻ ശക്തയാക്കിയ ദേവതേ,എന്നമ്മേ,
നിൻ നാമമീ നാവിൽ പെയ്യുന്നു തേന്മഴ!


നന്ദി,നമസ്കാരം.