Sunday, 29 September 2013

അച്ഛൻ--എന്റെ ആദ്യ ഗുരു.

എന്റെ അമ്മയായിരുന്നു അധ്യാപികയെങ്കിലും,എന്നിൽ
വായനയോടും,മറ്റു കലകളോടുമുള്ള താത്പര്യം ഉണ്ടാക്കിയതിനു പിന്നിൽ എന്റെ അച്ഛനായിരുന്നു.

അങ്ങിനെ പറയുമ്പോൾ അച്ഛനായിരുന്നു എന്റെ ആദ്യ ഗുരു.

രാവിലെ എഴുന്നേറ്റു പ്രഭാത കർമങ്ങൾ കഴിഞ്ഞാലുടൻ പേപ്പർ വായിക്കുന്ന ശീലം, വായനയോടു മൊത്തത്തിലുള്ള സ്നേഹം എന്നിവ എന്നിൽ ഉണ്ടാക്കിയത് എന്റെ പ്രിയപ്പെട്ട അച്ഛൻ തന്നെയാണ്

ജീവജാലങ്ങളോടുള്ളസ്നേഹവും,സഹജീവികളോടുള്ളസഹാനുഭൂതിയുമെല്ലാം,എന്നിലുണ്ടാക്കിയത്,ഒരുപട്ടാളക്കാരനായിരുന്ന,രാജ്യസേവകനായിരുന്ന എന്റെ അച്ഛൻ തന്നെ എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും....

മറ്റു പല കുട്ടികളും ,തപ്പിയും,തടഞ്ഞും
കൊഞ്ചിയും,വായിച്ചപ്പോൾ,തട്ടും,തടവും കൂടാതെ ആദ്യമായി അക്ഷരസ്ഫുടതയോടെ,വായിക്കുവാൻ കഴിഞ്ഞ ഒന്നാം ക്ലാസ്സുകാരിയാവാൻ എന്നെ പ്രാപ്തയാക്കിയത് അച്ഛനാണെന്ന് നിസ്സംശയം എനിക്ക് പറയാൻ കഴിയും.

അച്ഛൻ സമ്മാനങ്ങളായി അധികവും വാങ്ങിത്തന്നിട്ടുള്ളത് പുസ്തകങ്ങളും, പല തരത്തിലുള്ള,
ചായങ്ങളുമാണ്..കുട്ടിക്കാലത്ത് അമർചിത്രകഥകളും,പഞ്ചതന്ത്രം,ഈസോപ്പ് കഥകളും,"അമ്പിളി അമ്മാവനു'മൊക്കെയായിരുന്നുവെങ്കിൽ,വലുതായപ്പോൾ, ഷേക്ക്സ്പീയറും ,ഷെല്ലിയുമൊക്കെ,വീട്ടിലെ അലമാരയിൽ അതിഥികളായെത്തിയത് അച്ഛന്റെ പ്രോത്സാഹനം കൊണ്ട് തന്നെയാണ്..

ഇത്തരുണത്തിൽ,ഇന്ന് അധ്യാപകദിനത്തിൽ,ഞാനെന്റെ ആദ്യഗുരുനാഥനെ,എന്റെ അച്ഛനെ ഒന്ന് കൂടി ഓർത്തു ഓർത്തു പോയി..അപ്പോൾ എന്നത്തേയും പോലെ,ഇന്നും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു..അച്ഛനെ ശരിക്കും കാണാൻ തോന്നി..

ജീവിച്ചിരിക്കുമ്പോൾ അച്ഛൻ പറയാറുള്ള പോലെ, " നീ വിഷമിക്കേണ്ട..നിങ്ങളെ വിട്ടു അച്ഛന് മറ്റൊരു ജീവിതമില്ല..മരിച്ചു പോയാലും,നിന്റെ മനസ്സ് വിഷമിച്ചാൽ,നിനക്ക് അച്ഛനെ കാണണമെന്ന്തോന്നിയാൽ അച്ഛൻ നിനക്ക് മുന്നിലുണ്ടാവും"
എന്ന്....

അങ്ങിനെയെങ്കിൽ,ഇപ്പോൾ..അച്ഛൻ പഠിപ്പിച്ച അക്ഷരങ്ങൾ കൊണ്ട്, അച്ഛന് ഞാൻ ചെയ്യുന്ന അർച്ചന കണ്ടു കൊണ്ട്, എന്റെ അച്ഛൻ എന്റെ അരികിലിരിക്കുന്നുണ്ടാവും...

സ്വതേയുള്ള ലളിതമായ പുഞ്ചിരിയോടെ..അതേ സ്നേഹത്തോടെ...

എന്റെയാ ആദ്യ ഗുരുവിനു മനസ്സിന്റെ അടിത്തട്ടിൽ നിന്നും 
ഒരു കോടി പൂക്കൾ കൊണ്ട് ആത്മാർച്ചന !!! 

അച്ഛന്റെയീ മകളുടെ ഹൃദയത്തിന്റെ സ്നേഹാർച്ചന....

കണ്ണുനീരിൽ കുതിർന്ന എന്റെ ബാഷ്പാർചന!!!

എന്ന്

അച്ഛന്റെ സ്വന്തം മായക്കുട്ടി.


No comments:

Post a Comment