"കണ്ണകി"
[ ഈ കവിത എഴുതിയത് - മായാരാജേഷ്,ഷാർജ
ദിവസം- 26-സെപ്റ്റംബർ -2013]
അഴിഞ്ഞുലഞ്ഞ കാർകൂന്തലും
വലതു കൈയിലമർന്ന സത്യമാം ചിലമ്പും
കത്തുന്ന കോപാഗ്നിയിൽ എരിയും മിഴിയിണകളും
വരുന്നിവൾ കല്പ്പാന്തകാലത്തിൻ അഗ്നിമഴ പോലെ - "കണ്ണകി"
എരിയും കണ്ണുകളിൽ ഒഴുകും ദ്രവശില!
പരിശുദ്ധയായിട്ടും,പതിവ്രതയായിട്ടും
വിരിയാത്ത ദാമ്പത്യത്തിൻ കനലെരിയും മനസ്സുമായി
കന്യകയാം കുടുംബിനിയായ്,വിധവയായ് തീർന്നവൾ-
"കണ്ണകി"
ഉയർത്തിയ ചിലമ്പിന്റെ മേഘനാദത്തൊടൊപ്പം,
ഉയർന്നു അന്നാദ്യമായൊരു കുലീനനാരി തൻ സ്വരം മന്നനു മുന്നിൽ!
ഉയിരിനേക്കാൾ, സത്യത്തിന്നായ് ഉയിർക്കൊണ്ടവൾ തൻ
ഉത്തരമില്ലാപ്രശ്നത്തിനു മുന്നിൽ അടിപതറിയ മധുരാരാജൻ!
പാതിവൃത്യം കൊണ്ട് ,
മരിച്ച കാന്തനെ പുനരുജ്ജീവിപ്പിച്ചോൾ, ഉരിയാടിച്ചോൾ -
"കണ്ണകി"
സ്വസത്യത്തിനാലെ തൻ പതിയുടെപൂർവകൃതപാപങ്ങളെ കഴുകി
സ്വജീവിതം തന്നെ നിസ്വാർത്ഥഗാഥയായ്തീർത്തവൾ - "കണ്ണകി"
എരിഞ്ഞു തീർന്നാരാജനും അസത്യവും
അസത്യം തുളുമ്പിയ രാജ്യവും,പ്രജകളും
കാലം കഴിഞ്ഞു, യുഗങ്ങളും എന്നിരിക്കിലും
മറക്കുവാനാകുമോയിന്നും നമുക്കാ സതീരത്നത്തെ - കണ്ണകിയെ?!!!
ഉയർത്തിയ ചിലമ്പുമായി നീതിക്ക് കേഴുമെൻ ഓമനപെണ്കിടാവിനെ?
പാതിവൃത്യത്തിൻ അവതാരത്തെ,സത്യത്തിൻ മൂർത്തിയെ?
കാന്തന്റെ സ്നേഹം നിഷേധിക്കപ്പെട്ടോരാ സ്ത്രീരത്നത്തെ?
അധർമിയാകിലും,സ്ത്രീലംബടനെന്നാകിലും
രോഗിയാകിലും,ദരിദ്രനാകിലും
"പതി"തന്നെ ദൈവമെന്നൊരാ ഭാരതീയാപ്തവാക്യത്തെ
ശരിയായ് കൈക്കൊണ്ടവളെ- കണ്ണകിയെ?!
നമിക്കുന്നു ഞാനാ ദേവിയെ,സ്ത്രീത്വത്തിൻ
കരുത്താർന്ന ഭാവത്തെ,ധർമത്തിൻ ദേവതയെ..
നമിക്കുന്നു ഞാനാ ദുർഗയെ,നീതിയോടു കൊടുങ്ങല്ലൂർ
വിലസീടുമെൻ നന്മയുടെ നിറവിനെ..
ആറ്റുകാലമ്മയായും,മംഗളാoബയായും
വാണരുളീടുമെന്റെ സത്യത്തിൻ കതിരിനെ..കണ്ണകിയെ
നമിക്കുന്നു അവിടുന്നടങ്ങുന്നൊരു
ഭാരത മണ്ണിന്റെ വനിതാരത്നങ്ങളെ...
വരിക..വരിക..കണ്ണകി എൻ വിരൽത്തുമ്പിലെവരികളിലൂടെ,
ഇനിയും പുകഴ്പെറ്റുയർന്ന ശിരസ്സും
അഭിമാനം നിറഞ്ഞ നെഞ്ചുമായ്,
അനീതിക്കെതിരെയോങ്ങുന്ന പടവാളായ്
കണ്ണിലെരിയും കനലോടെ നീ കടന്നു വരിക..
വാഴ്ക ..വാഴ്ക..കണ്ണകി..വാഴ്ക .വാഴ്ക..
എൻ മനസ്സിന്റെ രത്നസിംഹാസനത്തിലമർന്നു നീ വാഴ്ക..
നീണാൾ വാഴ്ക..നെടുനാൾ വാഴ്ക....
No comments:
Post a Comment