Saturday, 29 March 2014

അഹോ ദേവർഷിർ ധന്യോയം ( ഈ ദേവർഷി എത്ര ധന്യൻ!)

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ധന്യനായ ആ ദേവർഷി മറ്റാരുമല്ല, നാരദ മാമുനിയാണ്.

"നാരദൻ" - ആ പേര് കേൾക്കുമ്പോഴേ "എല്ലാവരെയും തമ്മിലടിപ്പിക്കുന്നവൻ,പരദൂഷണക്കാരൻ,ഏഷണിക്കാരൻ,കലഹപ്രിയൻ,നുണയൻ എന്നൊക്കെയാണ് സാധാരണയായി സാമാന്യജനങ്ങൾ വിചാരിച്ചു വച്ചിരിക്കുന്നത്. "നാരദൻ" എന്ന വാക്ക് ഏഷണിക്കാരായ ആളുകൾക്ക് പര്യായമായിപ്പോലും ഉപയോഗിക്കുന്നു എന്നതാണ് ഏറെ ദു:ഖകരമായ അവസ്ഥ.

എന്നാൽ ഇങ്ങിനെയൊക്കെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട - പുരാണത്തിലെ ഒരു വളരെ പ്രധാന കഥാപാത്രമാണ് പരമവിഷ്ണു ഭക്തനും,ദേവർഷിയുമായ "നാരദൻ" എന്ന് എത്ര പേർക്കറിയാം ?

"നാരം" അഥവാ “ജ്ഞാനം” ,"ദദാതി" അഥവാ “നൽകൽ." “നാരം ദദാതി ഇതി നാരദ" - അതായത് "ആത്മവിദ്യ ഉപയോഗിച്ച് നരനെ അഥവാ മനുഷ്യനെ അവന്റെ യഥാർത്ഥ നിലയിലേക്ക് ഉയർത്തുന്നവൻ" എന്നതാണ് "നാരദ"നെന്ന പദത്തിന്റെ അർത്ഥം.

ശ്രീഹരിയുടെ അപധാനങ്ങളെ തന്റെ പിത്രുദത്തമായ "മഹതി" എന്ന വീണയിൽ മധുരമായി മീട്ടിപ്പാടിക്കൊണ്ട് ,ആ ഗാനസാഗരത്തിൽ സ്വയം മറന്നു, ദു:ഖാതുരമായ ഈരേഴു പതിന്നാലു ലോകങ്ങളെയും പരമാനന്ദത്തിൽ ആറാടിച്ചു കൊണ്ട് സഞ്ചരിക്കുന്ന മഹത് വ്യക്തിയാണ് ശ്രീനാരദമുനി. ഒരു ജീവൻമുക്തനു ചേരും വിധം ഭക്തിയും, ജ്ഞാനവും,വൈരാഗ്യവും ദൃഡമായിരുന്നു അദ്ദേഹത്തിൽ.എന്നിട്ടും അദ്ദേഹം സ്വയം ആനന്ദം കണ്ടെത്തിയത് നാമജപത്തിലായിരുന്നു. ഈ കലിയുഗത്തിൽ ഏറ്റവും വേഗത്തിലും,എളുപ്പത്തിലും ഭഗവത് പ്രീതിക്ക് പാത്രമാകുവാൻ ചെയ്യേണ്ട ഒരേയൊരു കർമം നാമജപമാണെന്നോർക്കുക; ഇന്നാരും അധികം ചെയ്യാത്തതും!!!

ഈരേഴുപതിന്നാലു ലോകങ്ങളിലും,എന്ന് വേണ്ട ,സംഹാരരുദ്രനായ ശ്രീ പരമേശ്വരന്റെ തിരുസന്നിധിയിൽ പോലും ഏതു സമയത്തും കടന്നു ചെല്ലാവുന്ന അസാധാരണ വ്യക്തിപ്രഭാവത്തിന്നുടമയായിരുന്നു ദേവർഷി നാരദൻ.

ഗീതോപദേശ സമയത്ത് " മഹർഷിമാരിൽ ഞാൻ നാരദൻ" എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോടു പറയുന്നുണ്ട് .

അക്ഷീണനായ സഞ്ചാരിയായ നാരദന്റെ പര്യടനത്തിലുടനീളം ഭഗവാൻ ശ്രീകൃഷ്ണന്റെ ചൈതന്യമുണ്ട്.കാരണം അദ്ദേഹത്തിന്റെ ഓരോ യാത്രയും ലോകത്തിന്റെ പരമമായ നന്മയിലേക്കുള്ള ഓരോ വാതിലുകളായിരുന്നു.അദ്ദേഹത്തിന്റെ ഓരോ യാത്രയും ,ഓരോ സൂത്രവും ,തിന്മയെ നന്മ കൊണ്ട് ജയിക്കുവാനും ഓരോ വലിയ തത്വവും വളരെ എളുപ്പത്തിൽ സാധാരണക്കാരിലേക്ക് എത്തിക്കുവാനും ഉള്ള വഴിയായിരുന്നു.

മനുഷ്യരുടെയും,ദേവകളുടെയും,അസുരന്മാരുടെയും എന്ന് വേണ്ട എല്ലാവരുടെയും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന “അഹന്ത” എന്ന ദുർഗുണത്തെ പുറത്തു കൊണ്ട് വന്നു അതിനെ നശിപ്പിച്ച്,ആ വ്യക്തിക്ക് വിനയം വീണ്ടെടുത്തു കൊടുത്ത് ,പരമമായ നന്മയെ പ്രധാനം ചെയ്യുക ,അദ്ദേഹത്തെ സ്വഭാവത്തിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുക എന്നിവയാണ് യഥാർത്ഥത്തിൽ നാരദദൌത്യം.അതിനു വേണ്ടി അദ്ദേഹം ഒരുക്കിയിരുന്ന സൂത്രങ്ങൾ യഥാർഥത്തിൽ ലോകനന്മക്കുള്ള കുറുക്കു വഴികളായിരുന്നു.എന്നാൽ അവ സാധാരണ ജനങ്ങളുടെ കണ്ണിൽ ഏഷണിയായി മാറി എന്നതാണ് സത്യം.

യഥാർത്ഥത്തിൽ അദ്ദേഹം തൻറെ ചെയ്തികളിലൂടെ, മുഴുവൻ ലോകത്തെയും പല തത്വങ്ങളും ഉദ്ബോധിപ്പിക്കുകയായിരുന്നു. ഉദാഹരണമായി,ഒരിക്കൽ അദ്ദേഹം ഒരു മാമ്പഴവുമായി ശിവഭഗവാന്റെ വാസസ്ഥലമായ കൈലാസത്തിലെത്തി.അദ്ദേഹമവിടെ എത്തിയപ്പോഴേ ,ഭഗവാന് കാര്യത്തിന്റെ കിടപ്പ് പിടി കിട്ടി.അദ്ദേഹത്തിന്റെ കൈയിലെ മാമ്പഴം,കുട്ടികളായ ഗണപതിയെയും,സുബ്രമണ്യനെയും കൊതിപ്പിച്ചു.അവർ രണ്ടു പേരും മാമ്പഴത്തിനായി മുനിയുടെ മുന്നിൽ കൈ നീട്ടി.അപ്പോൾ സ്വതസിദ്ധമായ പുഞ്ചിരിയോടെ മഹർഷി, "ആരാണോ ഈരേഴു പതിന്നാലുലകങ്ങളും ,ചുറ്റി ആദ്യം തിരിച്ചു വരുന്നത് ,അവർക്കീ മാമ്പഴം സ്വന്തം" എന്നാ കരാർ വച്ചു.ഇത് കേട്ടതും തന്റെ വാഹനമായ മയിലിന്റെ അത്ഭുതവേഗതയിൽ അമിതവിശ്വാസമുള്ള ശ്രീമുരുകൻ,രണ്ടാമതൊന്നു ചിന്തിക്കാതെ ,വേഗം തന്നെ അതിന്റെ പുറത്തു കയറി ലോകം ചുറ്റി വരുവാൻ പോയി.എന്നാൽ, ശക്തി കൊണ്ടും, വേഗം കൊണ്ടും, നേടാനാവാത്തത് യുക്തി കൊണ്ടും,വിവേകബുദ്ധി കൊണ്ടും നേരിടാൻ കഴിവുള്ള ഗണപതി വളരെ സാവധാനം തന്റെ മാതാപിതാക്കളായ ശിവപാർവതിമാരെ മൂന്ന് തവണ വലം വച്ചു തൊഴുതു വന്നു പന്തയസമ്മാനമായ മാമ്പഴം വാങ്ങുന്നു.ഇത് കണ്ടു കൊണ്ട് വന്ന മുരുകൻ "എന്ത് കൊണ്ട് സമ്മാനം ഗണപതിക്ക് കൊടുത്തു?"എന്ന ചോദ്യത്തിന് നാരദമുനി, ലോകത്തിനു മുന്നിൽ മുന്നിൽ ഒരു തത്വം മനസ്സിലാക്കിത്തരുന്നു.

അതായത് സ്വന്തം മാതാപിതാക്കളാണ് ഒരു കുട്ടിക്ക് അവന്റെ അല്ലെങ്കിൽ അവളുടെ യഥാർത്ഥലോകം.കണ്മുന്നിലുള്ള അവരെ കാണാതെ, മനസ്സിലാക്കാതെ,വണങ്ങാതെ അവനോ,അവളോ ലോകം മുഴുവൻ കണ്ടു വന്നാലും,അത്രയും അറിവ് നേടിയാലും,ആരെയൊക്കെ വണങ്ങിയാലും അവൻ /അവൾ ഒന്നുമില്ലാത്തവർക്കു തുല്യമാണ് .സാധാരണ മാതാപിതാക്കൾ പോലും ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈരേഴു പതിന്നാലുലോകത്തിനു തുല്യമാണെങ്കിൽ പിന്നെ ജഗത്മാതാപിതാക്കളായ ശിവപാർവതിമാരുടെ കാര്യം പറയാനുണ്ടോ?!! ലോകസൃഷ്ടാക്കളായ അവരെ പ്രദക്ഷിണം വക്കുക വഴി ലോകത്തെ തന്നെയാണ് ശ്രീഗണപതി വലം വച്ചത് എന്ന പരമാർത്ഥം മാലോകരെ അറിയിക്കുവാനാണ് ശിവകുടുംബവും ഈ നാടകത്തിൽ പങ്കാളികളാകുന്നത്. ഇത് മനസ്സിലാക്കിയ ശ്രീമുരുകൻ തന്റെ തെറ്റു തിരുത്തുവാനാണ് എല്ലാമുപേക്ഷിച്ചു പഴനിമലയിൽ പോയി തപം ചെയ്തു പ്രായശ്ചിത്തം ചെയ്യുന്നത്. അല്ലാതെ ഓംകാരത്തിന്റെ പൊരുൾ പോലും അച്ഛന് ഉപദേശിക്കുവാൻ കഴിവുള്ള ആൾ വെറും ഒരു മാമ്പഴത്തിന്റെ പേരിൽ ,കുട്ടിക്കഥകളിൽ പറയും പോലെ പിണങ്ങി പോയതല്ല.മാത്രവുമല്ല പഴനിയിൽ വച്ച് അദ്ദേഹത്തിനു ഒരുപാട് കർമങ്ങൾ ലോകനന്മക്കായി ചെയ്യുവാനുമുണ്ടായിരുന്നു. യഥാർത്ഥത്തിൽ അതിനുള്ള പ്രചോദനം കൊടുക്കുകയാണ് നാരദ മഹർഷി ചെയ്തത്.അല്ലാതെ കുടുംബകലഹം ഉണ്ടാക്കുകയല്ല .

മറ്റൊരവസരത്തിൽ , ഉത്താനപാദ മഹാരാജാവിന്റെ മകനായി ജനിച്ചിട്ട് പോലും,രണ്ടാനമ്മ സുരുചിയുടെ ക്രൂരതകൾ കാരണം അച്ഛന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാതിരുന്ന "ദ്രുവൻ" എന്ന ബാലന് ,സാധ്വിയായ സ്വന്തം അമ്മ സുനീതിയുടെ വിഷ്ണുഭക്തി പകർന്നു കിട്ടിയിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രണ്ടാനമ്മയില്ലാത്തപ്പോൾ തന്റെ അച്ഛന്റെ മടിയിൽ കയറിയിരുന്നു കളിക്കുകയായിരുന്ന കൊച്ചുദ്രുവനെ ,ആ സമയത്ത് കയറി വന്ന രണ്ടാനമ്മ സുരുചി,അച്ഛന്റെ മടിയിൽ നിന്നും തള്ളിത്താഴെയിട്ട് കൊണ്ട് പറയുന്നു "ഈ ജന്മം നിനക്ക് നിന്റെ അച്ഛന്റെ മടിയിലിരിക്കാമെന്നു കരുതേണ്ട ,വേണമെങ്കിൽ നീ പോയി തപസ്സു ചെയ്തു മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തി വരം വാങ്ങി വന്ന് എന്റെ വയറ്റിൽ വന്നു ജനിച്ചാൽ മാത്രം അച്ഛന്റെ മടിയിരിക്കാമെന്നു".വേദനയും അച്ഛന്റെ പ്രതികരണമില്ലായ്മയും എല്ലാം കൂടി മനസ്സ് തകർന്ന കുഞ്ഞു ദ്രുവൻ കരഞ്ഞു കൊണ്ട് തന്റെ അമ്മ സുനീതിയുടെ അടുക്കൽ ചെല്ലുന്നു .നല്ലവളായ സുനീതി മകനോട് ,രണ്ടാനമ്മ പറഞ്ഞത് ശരിയാണെന്നും, അത് പ്രകാരം കാട്ടിൽ പോയി മഹാവിഷ്ണുവിനെ തപസ്സനുഷ്ടടിക്കുവാനും ഉപദേശിക്കുന്നു.ഉടനെ അവിടെ നമ്മുടെ നാരദ മഹർഷി കൊച്ചുദ്രുവന്റെ മുൻപിൽ വഴികാട്ടിയായി ,ഗുരുവായി പ്രത്യക്ഷപ്പെടുന്നു.കാരണം ആത്മജ്ഞാനത്തിനു വേണ്ടി ആരാണോ ഉത്കടമായി ആഗ്രഹിക്കുന്നത് , അവർക്ക് വഴികാട്ടിയായി ശ്രീനാരദൻ അവിടെ എത്തിയിരിക്കും.

അങ്ങിനെ നാരദന്റെ ഉപദേശപ്രകാരം വെറും അഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന "ദ്രുവൻ" എന്ന ഭക്ത്തോത്തമൻ ,"ഓം നമോ ഭഗവതേ വാസുദേവായ " എന്ന അതിശക്തമായ വിഷ്ണു മന്ത്രം ജപിച്ചു , ഒറ്റക്കാലിൽ നിന്ന് കൊണ്ട് അന്നം,ജലം,വായു എന്നിവ പോലും ഉപേക്ഷിച്ചു ഘോരതപസ്സനുഷ്ടിക്കുകയും,അതിന്റെഫലമായി ഈരേഴുപതിന്നാലുലകങ്ങളും സ്തംഭിച്ചു ശ്വാസവായു പോലും കിട്ടാതെ പിടയുകയും ചെയ്തു ,അവസാനം ഭഗവാൻ വിഷ്ണുവും ശ്രീ ലക്ഷ്മിയും പള്ളി കൊള്ളുന്ന പാൽക്കടൽ പോലും തിളക്കുവാൻ തുടങ്ങുകയും ,അവസാനം പ്രാണൻ രക്ഷിക്കുവാൻ വേണ്ടി സർവദേവകളും,വിഷ്ണുവിനെ ശരണം പ്രാപിക്കുകയും ചെയ്യുന്നു.ഒടുവിൽ,ഭഗവാൻ ലക്ഷ്മീസമേതനായി ഗരുഡന്റെ പുറത്തേറി കൊച്ചു ദ്രുവന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു.അവനെ വാരിയെടുത്ത് ഉമ്മ വച്ച് ,ശ്രീ ലക്ഷ്മീ ഭഗവതി പോലും ഇരിക്കുവാൻ കൊതിക്കുന്ന, തന്റെ മടിയിലിരുത്തുന്നു..അങ്ങിനെ വെറും മനുഷ്യരാജാവായ തന്റെ അച്ഛന്റെ മടിക്കു പകരം കുഞ്ഞു ദ്രുവനു ലോകമാതാപിതാക്കളുടെ - ലക്ഷ്മീ നാരായണൻമാരുടെ മടിയിലിരിക്കുവാനുള്ള അപൂർവാവസരം നാരദ മഹർഷിയുടെ കാരുണ്യം മൂലമാണ് ലഭിക്കുന്നത്.

ഇതിനിടയിൽ രണ്ടാനമ്മയായ സുരുചിയുടെ പുത്രൻ അച്ഛനൊപ്പം നായാട്ടിനു പോകവേ കാട്ടുതീയില്പ്പെട്ടു മരിക്കുന്നു.തന്റെ അപരാധം മനസ്സിലാക്കി പശ്താത്തപിക്കുന്ന സുരുചി ദ്രുവകുമാരന്റെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുകയും,അവനെ സ്വന്തം അച്ഛന്റെ മടിയിലിരുത്തുകയും,അടുത്ത കിരീടാവകാശിയായി വാഴിച്ചു കൊണ്ട് സ്വയം സന്യാസത്തിനായി വനത്തിലേക്ക് പോകുകയും ചെയ്യുന്നിടത്ത് ,നാരദമഹർഷിയുടെ രംഗ പ്രവേശത്തിന്റെ ഔന്നിത്യം അതായത് ,അർഹതപ്പെട്ടത് അർഹിക്കുന്ന ആൾക്ക് നൽകിക്കുകയും,തെറ്റ് ചെയ്തവരെ,കടുത്ത പരീക്ഷണത്തിലൂടെയാണെങ്കിലും അവരുടെ തെറ്റ് ബോധ്യപ്പെടുത്തിക്കൊടുത്തു നന്മയിലേക്ക് നയിക്കുകയും ചെയ്യുന്ന ദൈവദൂതനാണ് നാരദ മാമുനി.അങ്ങിനെ വിഷ്ണുഭക്തന്മാരുള്ളിടത്തെല്ലാം നാരദൻ അവരുടെ വഴികാട്ടിയായി നടന്നു.അഥവാ നാരദമുനി ചെന്നിടത്തെല്ലാം വിഷ്ണുഭക്തന്മാരുമുണ്ടായി

ലോകത്തിന്റെ ദു:ഖശാന്തിക്ക് ഈശ്വരചിന്തയല്ലാതെ മറ്റൊരു പോംവഴിയുമില്ല.ഇത് മനസ്സിലാക്കിയ അദ്ദേഹം "നാരദഭക്തിസൂത്രങ്ങൾ" രചിച്ചു.

"സൂത്രം" എന്നാൽ "പാശം" അഥവാ "കയർ".യശോദ കൃഷ്ണനെ പാശം കൊണ്ട് ബന്ധിച്ചത് പോലെ നിഷ്കളങ്ക സ്നേഹ ,ഭക്തികളാൽ ഭഗവാനെ ബന്ധിക്കുവാനുള്ള പാശമാണ് "നാരദഭക്തിസൂത്രം". കാളിയന്റെ ഫണം പോലെ പൊന്തി വരുന്ന ദുഷ്ചിന്തകളാണ് ഭക്തിക്കു തടസ്സം.ഈ ദുഷ്ചിന്തകളെ ഈശ്വരമയമാക്കുവാനുള്ള സാധനകളാണ് "നാരദഭക്തിസൂത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നത് .തന്റെ ഭക്തിസൂത്രം രചിച്ച നാരദമഹർഷി "ഏതു ജാതിയിലും ,പ്രായത്തിലും ഭക്തന്മാരുണ്ടാകാമെന്നു എന്ന് അതിൽ എഴുതി വച്ചു.പിന്നീടു "ഈ ലക്ഷണങ്ങൾ തികഞ്ഞ ഭക്തൻ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ ? ഇനി ഉണ്ടാകുമോ? "എന്നെല്ലാം ചിന്തിച്ചുവത്രേ.എന്നാൽ അതിനുള്ള അരങ്ങൊരുങ്ങുന്നുണ്ടെന്നു ഭഗവാന്റെ സൂചന ലഭിച്ചു പോലും.

അങ്ങിനെ ഒരു ദിവസം നാരദമഹർഷി ആകാശസഞ്ചാരം നടത്തുമ്പോൾ ദേവകളുടെ രാജാവായ ദേവേന്ദ്രൻ ഗർഭിണിയായ ഒരു അസുരസ്ത്രീയെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത് കണ്ടു .അത് ദുഷ്ടനായ അസുരൻ ഹിരണ്യകശിപുവിന്റെ സാധ്വിയായ ഭാര്യ "കയാദു"വായിരുന്നു.മഹർഷിയെക്കണ്ട ഇന്ദ്രൻ അവളുടെ ഉദരത്തിൽ വളരുന്ന ദൈത്യ പുത്രനെ കൊല്ലണം എന്നാണ് പദ്ധതിയെന്നറിയിക്കുന്നു.
എന്നാൽ ആ കുഞ്ഞു ദൈവാനുഗ്രഹമുള്ളവനാണെന്നും , ഇന്ദ്രനവനെ കൊല്ലാനാവില്ലെന്നും അറിയിച്ചു കൊണ്ട് "കയാദു"വിനെയും കൊണ്ട് പോയി ഒരു കുടിലുണ്ടാക്കി സംരക്ഷിക്കുന്നു."ഏതു ജാതിയിലും ,ഏതു പ്രായത്തിലും ഭക്തന്മാരുണ്ടാകാം” എന്ന് നാരദ സൂത്രത്തിൽ എഴുതി വച്ചത് പരീക്ഷിക്കുവാനായി ഗർഭിണിയായ കയാദുവിനു വിഷ്ണു ഭക്തി എന്ന "കർമം"ഉപദേശിക്കുന്നു. അങ്ങിനെ അമ്മയുടെ ഗർഭത്തിലിരുന്നു കൊണ്ട് ഭഗവാന്റെ അപദാനങ്ങൾ ശ്രവിച്ച കുഞ്ഞിലെ അസുരഭാവം പൂർണമായും അസ്തമിച്ചു, അവൻ പൂർണമായും
സാത്വികനായിത്തീരുന്നു.അങ്ങിനെ പുറത്തു വന്ന ഹിരണ്യകശിപുവിന്റെ പുത്രൻ,"പ്രഹ്ളാദൻ",വിഷ്ണുഭക്തരിൽ അഗ്രഗണ്യനും,ഭാഗവതോത്തമന്മാരിൽ പ്രാത:സ്മരണീയനുമാണ്.

"അസുരന്മാരിൽ ഞാൻ പ്രഹ്ളാദൻ "എന്നും ഭഗവാൻ ഗീതയിൽ പറയുന്നുണ്ട്.

കൊച്ചു പ്രഹ്ളാദൻ തന്റെ അച്ഛനെ നന്മയുടെ മാർഗത്തിലേക്ക് കൊണ്ട് വരുവാൻ പല തവണ ശ്രമിക്കുന്നു. എന്നാൽ ദുഷ്ടനായ ഹിരണ്യകശിപു തന്റെ മകനെ പല തരത്തിൽ വധിക്കുവാൻ ശ്രമിക്കുന്നു.അപ്പോഴെല്ലാം അവന്റെ രക്ഷക്കെത്തുന്ന മഹാവിഷ്ണുഭഗവാൻ,തന്റെ ഭക്തന്റെ വാക്കിനെ സത്യമാക്കുവാൻ,പ്രഹ്ളാദന്റെ രക്ഷക്ക് വേണ്ടി ,നിമിഷാർദ്ധം കൊണ്ടാണ് തന്റെ നാലാമത്തെ അവതാരമായ "ഉഗ്രനരസിംഹരൂപം "കൈക്കൊള്ളുന്നതും,ഹിരണ്യകശിപു വരത്തില്ലൂടെ നേടിയ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് അയാളെ വധിക്കുന്നതും. അങ്ങിനെ ഒരു അസുരസ്ത്രീക്ക് പിറന്ന ശിശുവിനെ പരമവിഷ്ണു ഭക്തനാക്കിക്കൊണ്ട് നാരദൻ തൻറെ “നാരദ സൂത്രം” സത്യമാണെന്ന് തെളിയിക്കുന്നു.

നാരദ മഹർഷി മഹാഭാരത കർത്താവായ വേദവ്യാസ മഹർഷിക്കുപദേശിച്ചതും ഈ ഭക്തി ശാസ്ത്രം തന്നെ.സാക്ഷാൽ ജ്ഞാനം പോലും ഭഗവാനിൽ ഭക്തിയില്ലാത്ത പക്ഷം ശോഭിക്കുന്നില്ല അതിനാൽ ബ്രഹ്മജ്ഞാനി ആയിട്ടു കൂടി ഹൃദയവ്യഥയോട് കൂടി കഴിയുന്ന വേദവ്യാസനെ ആശ്വസിപ്പിച്ചു കൊണ്ട് നാരദമുനി, സർവ ധർമങ്ങളുടെയും പരമഫലമായ, ഭഗവാന്റെ ദിവ്യലീലകളും തിരുനാമങ്ങളും ,ശ്രവണകീർത്തനങ്ങളും ഉൾക്കൊള്ളുന്ന തിരുനാമപ്രകാശകമായ ഒരു പുണ്യഗ്രന്ഥം രചിക്കുവാൻ ഉപദേശിക്കുന്നു. അങ്ങിനെ ആദ്യം ഭഗവാൻ വിഷ്ണുവിന്റെ അവതാരലീലകൾ വിവരിക്കുന്ന “ഭാഗവതസംഹിത” വേദവ്യാസൻ നിർമ്മിച്ചു.

പിന്നീട് സർവലക്ഷണയുക്തനായ ഒരു മനുഷ്യനുണ്ടെങ്കിൽ അതാരാണെന്ന മഹർഷി വാല്മീകിയുടെ ചോദ്യത്തിനുത്തരമായി "ഇക്ഷ്വാകുവംശപ്രഭവനായ ദശരഥപുത്രൻ ശ്രീരാമൻ" എന്ന് ഉപദേശിക്കുകയും അത് പ്രകാരം വാല്മീകിമഹർഷി സൂര്യവംശ തിലകമായ ശ്രീരാമനെക്കുറിച്ച് രാമായണരചന തുടങ്ങുകയും ചെയ്തു.നാരദമഹർഷിയുടെ ഉപദേശം കൊണ്ട് മാത്രം ദശരഥരാമന്റെ അമാനുഷികത തേടിപ്പുറപ്പെട്ട വാല്മീകി മുനിയുടെ തൂലിക, കഠിനമായ ധർമാചരണത്തിനു വേണ്ടി അർത്ഥകാമങ്ങൾ ത്യജിച്ച ശ്രീരാമപ്രഭുവിന്റെ ചിത്രം വളരെ മനോഹരമായും സത്യസന്ധമായും വരച്ചു കാട്ടിയിരിക്കുന്നു.

ഒരിക്കൽ നാരദമഹർഷി ഭഗവാൻ വിഷ്ണുവിനോട് സജ്ജന സംസർഗത്തിന്റെ പ്രാധാന്യമെന്തെന്ന് ചോദിച്ചു.ഭഗവാൻ മുനിയോട് ഭൂലോകം സന്ദർശിക്കാനും അവിടെ ഒരു സ്ഥലത്ത് ഒരു വൃക്ഷത്തിന്റെ ചില്ലയിൽ ഇരിക്കുന്ന പുഴുവിനോട് ചോദിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടുമെന്നും പറയുന്നു.അപ്രകാരം നാരദമഹർഷി ആ പുഴുവിനെ കണ്ടെത്തി അതിനോട് "സജ്ജന സംസർഗത്തിന്റെ പ്രാധാന്യമെന്ത്?" എന്ന് ചോദിക്കലും ആ പുഴു ഉത്തരം ഒന്നും പറയാതെ നാരദന്റെ മുന്നിൽ പിടഞ്ഞു വീണു മരിച്ചു. ഇതിന്റെ അർഥം മനസ്സിലാവാതെ അത്ഭുതപരവശനായ മുനി നാരദൻ തിരിച്ചു വന്നു ഭഗവാനോട് ഉണ്ടായ സംഭവം വിവരിച്ചു.

ഉടൻ തന്നെ ഭഗവാൻ നാരദമഹർഷിയോട് വീണ്ടും ഭൂലോകം
സന്ദർശിക്കുവാനും,അവിടെ ഒരു മുനിയുടെ കുടിലിൽ ഒരു അത്ഭുതതത്തയുണ്ടെന്നും "ആ തത്തക്ക് അങ്ങയുടെ സംശയനിവാരണം നടത്തുവാൻ കഴിയുമെന്നും" പറയുന്നു.അപ്രകാരം മുനി തത്തയുടെ അടുത്തെത്തിയതും ആ തത്ത നിമിഷം കൊണ്ട് മുനിയുടെ കാൽക്കൽ കൈകാലിട്ടടിച്ചു ചത്തു വീണു. ഇതിൽ മനം നൊന്ത മുനി നാരദൻ തിരിച്ചു വന്നു വീണ്ടും ഭഗവാനോട് ഉണ്ടായ സംഭവം വിവരിച്ചു.

ഉടൻ തന്നെ ഭഗവാൻ നാരദമഹർഷിയോട് വീണ്ടും ഭൂലോകം സന്ദർശിക്കുവാനും,അവിടെ "ഒരു വിഷ്ണുക്ഷേത്രത്തിനടുത്ത് ഒരു പശു പ്രസവിച്ചിട്ടുണ്ട് എന്നും അങ്ങിനെ ജനിച്ച ആ പശുക്കുട്ടിക്ക് ഈ പ്രശ്നത്തിനുള്ള ഉത്തരം തരുവാൻ കഴിയും" എന്നും പറയുന്നു.അപ്രകാരം പാവം നാരദൻ അവിടെയെത്തുകയും ,നാരദനെ കണ്ട ഉടനെ തന്നെ ആ പശുകുട്ടി ഉടനടി ചത്തു വീഴുകയും ചെയ്തു.ഇത് കണ്ട നാരദൻ ശരിക്കും പരിഭ്രമിച്ചു വിഷ്ണുഭഗവാന്റെ അടുത്തേക്ക് തിരിച്ചു ചെല്ലുന്നു.

സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാൻ നാരദനെ ഒരിക്കൽ കൂടി ഭൂലോകത്തിലേക്കയച്ചു.അവിടെ പ്രസിദ്ധനായ ഒരു ചക്രവർത്തിക്ക് ഒരു പുത്രൻ പിറന്നിട്ടുണ്ടെന്നും,ആ കുഞ്ഞിനോട് ചോദിച്ചാൽ തീർച്ചയായും സജ്ജന സംസർഗത്തിന്റെ പ്രാധാന്യമെന്തെന്ന് പറഞ്ഞു തരുവാൻ കഴിയുമെന്നും സമാധാനിപ്പിച്ച് പറഞ്ഞയക്കുന്നു.

അങ്ങിനെ കൊട്ടാരത്തിലെത്തിയ മഹർഷിയെ എല്ലാവരും അർഘ്യപാദങ്ങൾ എല്ലാം കഴിച്ചു സ്വീകരിച്ചു പുതുതായി ജനിച്ച കുമാരനെ കാണിക്കുവാൻ അന്ത:പുരത്തിലേക്ക് കൊണ്ട് പോയി.എന്നാൽ മുൻ അനുഭവങ്ങൾ മുന്നിലുള്ള നാരദൻ വളരെ പേടിച്ചു പേടിച്ചാണ് കുഞ്ഞിനടുത്തെത്തിയത് .നാരദനെ കണ്ടതും ആ ശിശു സംസാരിക്കുവാൻ തുടങ്ങി."ഞാൻ അങ്ങയുടെ സാമീപ്യം
കാത്തിരിക്കുകയായിരുന്നുവെന്നും,സജ്ജനസംസർഗത്തിന്റെ ഉത്തമ ഉദാഹരണമാണ് താനെന്നും, പുഴുവായും,തത്തയായും ,പശുക്കുട്ടിയായും അങ്ങയുടെ മുന്നിൽ കണ്ടതെല്ലാം തന്റെ പൂർവജന്മങ്ങൾ ആയിരുന്നുവെന്നും സദാ വിഷ്ണുനാമങ്ങളുരുക്കഴിക്കുന്ന പുണ്യവാനായ നാരദമഹർഷിയുടെ സാമീപ്യവും,ഉച്ച്വാസവായുവും മൂലമാണ് തനിക്കിന്നു ചക്രവർത്തികുമാരനായി ജനിക്കുവാൻ കഴിഞ്ഞതെന്നും,ശിശു നാരദ മഹർഷിയോട് പറയുന്നു.
ഇത് കേട്ടപ്പോഴാണ് സജ്ജനസംസർഗ്ഗത്തിന്റെ പ്രാധാന്യം നാരദമഹർഷിക്കും മനസ്സിലാവുന്നത്.

സാത്വികന്മാാരായ സജ്ജനങ്ങളുടെ സംസർഗം മൂലം രജ,തമോഗുണങ്ങളടങ്ങി മനസ്സ് ശാന്തമാവുന്നു.സത്വഗുണം വളരാൻ തുടങ്ങുന്നു.കൂടാതെ ഈശ്വരമഹിമാശ്രവണം മൂലം മനസ്സ് ശുദ്ധമാകുകയും അനാവശ്യ ചിന്തകളിൽ നിന്ന് ക്രമേണ മുക്തി നേടുകയും ചെയ്യുന്നു. നിരന്തരമായ സജ്ജനസംസർഗം വഴി മനസ്സ് ഭഗവാനിലേക്ക് തന്നെ സദാ പ്രവഹിച്ചു കൊണ്ടിരിക്കും. അതിനാൽ ജ്ഞാനം, തപസ്സു,യജ്ഞം,വേദാധ്യയനം, എന്നിവയൊന്നും കൂടാതെ തന്നെ സജ്ജനങ്ങളുടെ കൂടെ വർത്തിച്ചാൽ മാത്രം നിരന്തര ഭഗവത് ചിന്ത യാതൊരു വിഷമവും കൂടാതെ തന്നെ നിർലോഭം ലഭിക്കുന്നു.

അതായത് "സജ്ജനങ്ങൾ",ഈശ്വരനാകുന്ന പ്രകാശസ്രോതസ്സുമായി ,നന്മയാകുന്ന വയർ കൊണ്ട് നമ്മളുമായി ബന്ധിപ്പിച്ച ഒരു ഓണ് ആയ സ്വിച്ച് പോലെയാണ്.അതിലൂടെ ശുദ്ധമനസ്സ്, ഭക്തി,മറ്റു സദ് ഗുണങ്ങൾ എല്ലാം നമ്മിലേക്ക് സദാ കറെന്റ് പോലെ പ്രവഹിച്ചു കൊണ്ടിരിക്കും. പക്ഷെ ദുർജനങ്ങളുടെ സാമീപ്യം കൊണ്ടോ അഥവാ മറ്റു ചീത്ത സാഹചര്യങ്ങൾ കൊണ്ടോ ഈ സ്വിച്ച് ഇടക്ക് ഓഫ് ആക്കിയാൽ സാധാരണ മനുഷ്യർ ഈശ്വരൻ എന്ന ശക്തിയുടെ,കറെന്റിന്റെ പ്രവാഹത്തിൽ നിന്ന് വേറിട്ട് പോകുന്നു. അങ്ങിനെ അവരുടെ ഉള്ളിലെ ഈശ്വരീയമായ പ്രകാശം കെട്ടു പോകുകയും ചെയ്യുന്നു.

അതിനാൽ നാരദമഹർഷി സജ്ജനോത്തമനാണെന്ന് മനസ്സിലാക്കുക. രാവണനെയും താരകാസുരനെയും ഹിരണ്യകശിപുവിനെയും പോലുള്ളവരുടെ അഹങ്കാരമദം തീർക്കുവാൻ ഉപയോഗിച്ച സൂത്രങ്ങളല്ല, പുണ്യവാന്മാരായ ദ്രുവൻ,പ്രഹ്ളാദൻ,മഹാബലി എന്നിവരിലൂടെ ഭഗവാന്റെ ഭക്തവാത്സല്യം ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുവാൻ നാരദ മഹർഷി ഉപയോഗിച്ചത്.ഇനിയും നിരവധി കഥകളും,ഉപകഥകളുമുണ്ട് മനസ്സിൽ,"നാരദൻ" എന്നാ മഹത് വ്യക്തി പ്രഭാവത്തെക്കുറിച്ച് വർണിക്കുവാൻ ,പക്ഷെ സമയക്കുറവും വായനക്കാരുടെ ക്ഷമയും കരുതി തൽക്കാലം ഉപസംഹരിക്കുന്നു.

അത് കൊണ്ട് തന്നെ ഇനിയെങ്കിലും,എവിടെയെങ്കിലും"നാരദൻ"എന്ന പേര് കേൾക്കുമ്പോഴേ എല്ലാവരുടെയും മനസ്സിൽ
നന്മയുടെയും,ബുദ്ധികൂർമതയുടെയും,സർവോപരി വിഷ്ണുഭക്തിയുടെയും പര്യായമായ ഒരു മഹർഷിവര്യനെയായിരിക്കണം ഓർമ വരേണ്ടത്;അല്ലാതെ അറിവില്ലാത്തവർ കല്പ്പിച്ചുണ്ടാക്കിയ ഒരു "ഏഷണിക്കാര"നായിട്ടല്ല ആ മഹത് വ്യക്തി നമ്മുടെയെല്ലാം മനസ്സിൽ ജീവിക്കേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ട് തൽക്കാലം വിട വാങ്ങുന്നു.

നന്ദി

മായാരാജേഷ്

No comments:

Post a Comment