Monday, 31 March 2014

“മരണാന്തര ബഹുമതി”  [ഈ കഥ എഴുതിയത് മായാരാജേഷ് ,ഷാർജ; ദിവസം : 31-03-2014 ]

പെട്ടെന്നൊരു ദിവസമാണ് അയാളോട്  കൂട്ടുകാരൻ ചോദിക്കുന്നത് - “ഇത്രയും കഴിവുകളുള്ള നീയെന്തിനാ വല്ലവരുടെയും കീഴിൽ ജോലി ചെയ്യുന്നത് ?നിനക്ക് സ്വന്തമായി എഴുതാം, കവിതകൾ രചിക്കാം, പടം വരക്കാം,അവയ്ക്ക് ചായം പകർന്നു ജീവൻ കൊടുക്കാം,ഇവക്കൊക്കെ നല്ല ആവശ്യക്കാരുമുണ്ടാകും ഇക്കാലത്ത് ,മാത്രവുമല്ല, നമുക്ക് ദൈവം തന്ന കഴിവുകളിലൂടെ, ഇഷ്ടമുള്ള വിനോദങ്ങളിലൂടെ കാശുണ്ടാക്കുമ്പോൾ ,മനസ്സിനൊരു പറഞ്ഞറിയിക്കാൻ വയ്യാത്ത സംതൃപ്തിയുമുണ്ടാകും.”- സുഹൃത്ത് വാ തോരാതെ പറഞ്ഞു അയാളുടെ മനസ്സിളക്കുകയാണ് ,അയാൾക്കും  മടുത്തിരുന്നു..യാതൊരു പ്രതിപത്തിയുമില്ലാത്ത വെറുപ്പിക്കുന്ന ജോലി ചെയ്യാൻ തുടങ്ങിയിട്ട് പത്തുപതിനഞ്ചു കൊല്ലമായി,ഒരു തരത്തിലും ഗുണമില്ല,പോരാത്തതിന്  കീഴ്ജീവനക്കാരെ ശത്രുവായി കരുതുന്ന ഒരു ബോസും കൂടിയായപ്പോൾ പൂർണമായി...

അന്ന് രാത്രി ഉറങ്ങാതെയിരുന്നു അവൻ ചിന്തിച്ചു.കൂട്ടലും കിഴിക്കലും നടത്തി നോക്കി. എങ്ങിനെ വന്നാലും സ്വന്തമായി എന്തെങ്കിലും വീട്ടിലിരുന്നു ചെയ്യുകയാണ് നല്ലതെന്ന് തന്നെ തീരുമാനിച്ചു.കുറഞ്ഞ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ,ഇത് ആരുടെയോ കമ്പനി നന്നാക്കുവാൻ  വേണ്ടി വർഷം കുറെയായി എന്നെപ്പോലുള്ള പലരും കിടന്നു കഷ്ടപ്പെടുന്നു.എന്നിട്ടും എന്നും കുറ്റവും വഴക്കും മാത്രം മിച്ചം ..ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടെ രക്തസമ്മർദം കൂടുന്നതനുസരിച്ച്,അവർക്ക് വായിൽ തോന്നുന്നതൊക്കെ വിളിച്ചു കൂവാനാണോ നമ്മളെപ്പോലെയുള്ളവരെ നിയമിച്ചിരിക്കുന്നതെന്ന് തോന്നും , ചില സമയത്തെ ബോസിന്റെ ഭാവം കാണുമ്പോൾ! അത് കൊണ്ട് അവൻ രണ്ടും കല്പ്പിച്ചു തീരുമാനമെടുത്തു.
അന്ന് പതിവ് പോലെ ബോസ് തന്റെതല്ലാത്ത  തെറ്റിന് തന്നെ വിളിച്ചു വഴക്ക് പറഞ്ഞു കഴിഞ്ഞതും, പതിവ് പോലെ വിഷമിക്കുവാനും ,തന്റെ ഭാഗം വ്യക്തമാക്കാനും നില്ക്കാതെ ,പതിയെ തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു വളരെപ്പെട്ടെന്നു തന്നെ ഒരു രാജിക്കത്ത്  തയ്യാറാക്കി ബോസിന്റെ റൂമിലേക്ക് കടന്നു ചെന്ന് ഒരു ഗൂഡ മന്ദസ്മിതത്തോടെ  അത്  മുന്നിലെക്കിട്ടു കൊടുത്ത് തിരിഞ്ഞു നടക്കുമ്പോൾ ജീവിതത്തിന്റെ ഏറ്റവും കഷ്ടമേറിയ ഒരു കാലത്തിനു വിട പറയുകയാണെന്ന വിചാരമായിരുന്നു മനസ്സിൽ….

അങ്ങിനെ വീട്ടിലെത്തിയ അവൻ സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചു ,ഒരു വിധത്തിൽ കൈയിൽ ഉണ്ടായിരുന്ന ചെറിയ സമ്പാദ്യവും ,പിന്നെ പതിന്നാലു വർഷത്തെ ജോലി വിട്ടു വന്നപ്പോൾ കിട്ടിയ ഗ്രാറ്റിവിറ്റിയും എല്ലാം ചേർത്തു ഒരു കലാപരമായ ഒരു സ്ഥാപനം തുടങ്ങി.വിസയും അടിച്ചു കിട്ടി. കഴിഞ്ഞ പത്തു ഇരുപതു വർഷമായി പൊടി പിടിച്ചു കിടന്ന തന്റെ കഴിവുകളെല്ലാം ഒന്ന് പൊടി തട്ടി മിനുക്കിയെടുത്തു .പിന്നീടവിടുന്നു
ജീവന്മരണപ്പോരാട്ടമായിരുന്നു.രാത്രിയും പകലുമില്ലാതെ അവൻ ഇരുന്നു നിറയെ വരച്ചു,പലതിനും നിറം നല്കി മോടി പിടിപ്പിച്ചു,,കവിതകളും കഥകളുമെഴുതിക്കൂട്ടി.തുടക്കത്തിൽ വൻസ്വീകരണമായിരുന്നു;എല്ലാവരും നല്ല അഭിപ്രായങ്ങൾ  കൊണ്ട് അവനിൽ പ്രതീക്ഷയുടെ ഒരു കടൽ തന്നെ സൃഷ്ടിച്ചു. നിരവധി പുസ്തകങ്ങളിൽ അവന്റെ  കഥകളും, കവിതകളും അച്ചടിച്ചു വന്നു. അവന്റെ പല ചിത്രങ്ങളും ചിത്രപ്രദർശനങ്ങൾക്കും ക്ഷണിക്കപ്പെട്ടു.പലരും പല എണ്ണച്ചായചിത്രങ്ങളും,വാങ്ങിക്കൊണ്ടു പോയി ആരോടും അവൻ കണക്കു പറഞ്ഞില്ല ,പലരോടും കാശു വാങ്ങിയില്ല. കാരണം അത്രയ്ക്കു കലയോട് അഭിനിവേശമായിരുന്നു അവനു;പണം വേണ്ടെന്നല്ല ,ജീവിക്കാൻ പണം വേണം ,പക്ഷെ അതിനേക്കാൾ അവൻ വില കല്പ്പിച്ചത് അവനു വലിയ വലിയ കലാകാരന്മാരോടോത്തുള്ള ചിത്രപ്രദർശനങ്ങളായിരുന്നു, വലിയ കവികളോടും,
എഴുത്തുകാരോടുമൊപ്പമുള്ള  കാവ്യസന്ധ്യകളായിരുന്നു.

യഥാർത്ഥ കലയുടെ വില  മനസ്സിലാക്കുന്ന,”ബുദ്ധിജീവികൾ “എന്ന് സ്വയം വിശേഷിപ്പിക്കുന്ന “മലയാളികൾ” തന്നെയും കൈവിടില്ലെന്ന് അവൻ കരുതി.എന്നാൽ പുറമേ മധുരമായി പുഞ്ചിരിക്കുകയും പുകഴ്ത്തുകയും ചെയ്യുമ്പോഴും ഉള്ളിൽ മറ്റൊരു മുഖം സൂക്ഷിക്കുന്ന,പരദൂഷണം പറഞ്ഞു രസിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത,അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗമാണ് അവരെന്നു വളരെ വൈകിയാണ് അവൻ മനസ്സിലാക്കിയത്. “സ്വന്തം കാര്യം സിന്ദാബാദ്”എന്നാ മുദ്രാവാക്യവുമായി ജീവിക്കുന്ന അവർ തനിക്കൊരു ഗുണവും ചെയ്യില്ലെന്ന് അയാൾക്ക് മനസ്സിലായി.
അവസാനം "സ്വാധീനിക്കാൻ ആളും അർത്ഥവുമില്ലാത്തവർ കല കൊണ്ട് നടന്നാൽ കലത്തിൽ കഞ്ഞി വേവില്ലെന്നു” വൈകിയെങ്കിലും മനസ്സിലാക്കിയ അയാൾ നഷ്ടപ്പെട്ട സ്വന്തം ജോലി തിരിച്ചു കിട്ടുവാൻ ബോസ്സിന്റെ കാലു പിടിക്കാനും തയ്യാറായി.പഴയ ജോലിസ്ഥലത്തേക്ക്  ചെന്നപ്പോൾ കണ്ട കാഴ്ച - തന്നെ കലാകാരനായി വളരാൻ ആശീർവദിച്ചു പറഞ്ഞയച്ച സുഹൃത്തിന്റെ അളിയൻ തന്റെ സീറ്റിലിരുന്നു ജോലി ചെയ്യുന്നതാണ് !!! അയാളെ ഒന്ന്, രണ്ടു പ്രാവശ്യമേ താൻ
കണ്ടിട്ടുള്ളു,അവസാനം കാണുമ്പോൾ അയാൾ ,അയാളുടെ പഴയ ഓഫീസിൽ എന്തോ തരികിട കാണിച്ചു ,ജോലി നഷ്ടപ്പെട്ടു മദ്യപാനം തുടങ്ങിയ അവസ്ഥയിലായിരുന്നു. ഇപ്പോൾ തന്നെ കലാകാരനായി ഉദ്ധരിക്കുവാൻ സഹപ്രവർത്തകൻ തിടുക്കം കാട്ടിയതിന്റെ കാരണം അയാൾക്ക് കുറെയൊക്കെ വ്യക്തമായി.ഒന്നും മിണ്ടിയില്ല,ഒരാളുടെ ജീവിതപ്രശ്നമല്ലേ?അങ്ങിനെയേ ചിന്തിച്ചുള്ളൂ.

എന്നാലും കാര്യത്തോടടുക്കുമ്പോൾ മനുഷ്യർ എത്ര സ്വാർത്ഥരാകുന്നുവെന്നു അയാൾ വേദനയോടെ ചിന്തിച്ചു. ബോസ്സ്  അയാളെ  കണ്ട ഭാവം നടിച്ചില്ല..കുറെ മാപ്പ് പറഞ്ഞു നോക്കി,കാര്യം പറഞ്ഞു കാലു വരെ പിടിക്കാൻ തയ്യാറായി. അങ്ങിനെയെങ്കിലും  തന്റെ കുടുംബത്തെ രക്ഷിക്കണം, അയാൾക്കത് മാത്രമായിരുന്നു മനസ്സിൽ…എന്നാൽ ഒന്നും നടന്നില്ല. നാട്ടിൽ തന്നെ കാത്തിരിക്കുന്ന ,വിവാഹം കഴിയാത്ത  3 പെങ്ങമ്മാരും,വയസ്സായ അമ്മയും,എന്തും സഹിക്കാൻ തയ്യാറായി തന്നോടൊപ്പം ഇറങ്ങി വന്ന ഭാര്യയും രണ്ടു  പൊന്നോമന മക്കളും അടങ്ങുന്ന വലിയ കുടുംബത്തെയോർത്തപ്പോൾ തന്റെ വിഡ്ഢിത്തത്തിൽ അയാൾക്ക് അമർഷം തോന്നി.

”ഗതിയില്ലാത്തവന് പറഞ്ഞിട്ടുള്ള കാര്യമല്ല കല” എന്ന അറിവ്,വീണ്ടും അയാളുടെ ഹൃദയത്തെ വല്ലാതെ നീറ്റിച്ചു. കണ്ണുകൾ നിറഞ്ഞു വന്നത് ആരും കാണാതെ തുടച്ചു കളഞ്ഞു അയാൾ ഓഫീസിന്റെ പടിയിറങ്ങി..ലിഫ്റ്റിൽ വച്ച് പല പരിചയക്കാരെയും കണ്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി.അതിലൊരാൾ ചോദിച്ചു, ”ഇപ്പോൾ
വലിയകലാകാരനായിപ്പോയല്ലോ, ഇപ്പൊ നമ്മളെയൊന്നും ഓർമ കാണില്ലായിരിക്കും അല്ലെ” ?എന്ന്.ഞാൻ താങ്കളുടെ കഥയും കവിതയുമൊക്കെ വായിക്കാറുണ്ട് ,ചിത്രങ്ങളും കണ്ടു ;ഇപ്പൊ നല്ല വരുമാനമായിരിക്കും അല്ലെ?! അല്ലെങ്കിലും കലാകാരന്മാർക്കൊന്നും പറ്റിയതല്ല ഈ ഓഫീസ് ജോലിയൊക്കെ,യാതൊരു വികാരവുമില്ലാത്ത,പുതിയതായി ഒന്നും ചെയ്യേണ്ടാത്ത ,വളരെ യാന്ത്രികമായ ജോലി.തനിക്ക് കല തന്നെയാണ് ചേരുക,ബെസ്റ്റ് ഓഫ് ലക്ക് “ എന്നൊക്കെ പറഞ്ഞു അയാൾ നടന്നകന്നു..

അന്ന് വീട്ടിൽ ചെന്ന ഉടനെ അയാൾ താൻ കടം കൊടുത്തവരെയൊക്കെ വിളിച്ചു കഴിയുന്നതും വേഗം തരാനുള്ള പൈസയൊക്കെ തിരിച്ചു തരുവാൻ അപേക്ഷിച്ചു.പക്ഷെ മാസാവസനാമായത് കൊണ്ട് ആരുടെയടുത്തും പൈസയില്ല .താൻ ആദ്യം പൈസ വേണ്ട എന്ന് പറഞ്ഞു ചിത്രങ്ങളും, കവിതകളും കൊടുത്തവരോട് നാണം കേട്ട് വീണ്ടും പ്രതിഫലം ചോദിച്ചു നോക്കി; അവർ പറഞ്ഞു ,”ഇപ്പോൾ ഇല്ല,ഇനിയടുത്ത വർക്ക് തരുമ്പോൾ ഒരുമിച്ചു തരാം” എന്ന്, “അന്ന് തന്നപ്പോൾ വേണ്ടെന്നു പറഞ്ഞത് കൊണ്ട് അത് മറ്റു ബിസ്സിനസ്സുകൾക്ക് വിനിയോഗിച്ചു” എന്നെല്ലാം. എല്ലാം കൊണ്ടും തളർന്നു വീട്ടിലെത്തിയ അയാൾ കുറെ ആലോചിച്ചു.അധികം
സുഹൃത്തുക്കളില്ലാത്തത്  കൊണ്ട് ആരോടും തന്റെ ദുഃഖം പങ്കു വക്കാനും കഴിയുന്നില്ല. പൊതുവെ ഇക്കാലത്ത് ,ദു:ശീലങ്ങൾ തീരെ ഇല്ലാത്തവർക്ക്  കൂട്ടുകാർ കുറവായിരിക്കുമല്ലോ?!

ഒടുവിൽ അയാൾ നാട്ടിലുള്ള  കുടുംബത്തെ വിളിച്ചു സംസാരിച്ചു.പതിവില്ലാതെ  വീട്ടിലെല്ലാവരോടും കുറെ നേരം സംസാരിച്ചു .മക്കൾക്ക് വലിയ സന്തോഷമായി.കുറെ നാളായി അച്ഛന്റെ ശബ്ദം കേട്ടിട്ട് ..കണ്ടിട്ടാണെങ്കിൽ രണ്ടരവർഷം കഴിഞ്ഞിരിക്കുന്നു..അവർ രണ്ടു പേരും കുറെ പരിഭവം പറഞ്ഞു.

മൂത്ത മകൻ ,സ്കൂളിൽ പടം വര,കവിത,കഥ എന്നിവക്കു ഫസ്റ്റ് ആയതും രണ്ടാമത്തെ സുന്ദരി മോൾ പാട്ടിനും ,നാടകത്തിനും ,ശില്പങ്ങൾ ഉണ്ടാക്കുന്നതിലും  സമ്മാനങ്ങൾ വാരിക്കൂട്ടിയതും പറഞ്ഞു.പോരാത്തതിന് “ഇനി അച്ഛൻ വരുമ്പോൾ  അവരോടൊപ്പം സ്കൂളിൽ ചെന്ന് കൂട്ടുകാർക്കും, അധ്യാപകർക്കുമെല്ലാം നിറയെ , മിഠായി  കൊടുക്കണമെന്നുമൊക്കെ” പറഞ്ഞതു  കേട്ടപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു വന്നു.അമ്മയും കുറെയായി അയാളെ കണ്ടിട്ട്; "കാണാൻ കൊതിയാകുന്നു” എന്ന് സങ്കടം പറഞ്ഞു.പെങ്ങമാരും അയാളോട്  എന്തൊക്കെയോ കൊച്ചു കൊച്ചു പരിഭവങ്ങൾ പറഞ്ഞു .എന്നാൽ ഭാര്യ മാത്രം “കുറെ ദിവസമായി വല്ലാത്ത ഒരു ദു:സ്വപ്നം തന്നെ വേട്ടയാടുന്നതായി” പറഞ്ഞു കുറെ കരഞ്ഞു.സൂക്ഷിച്ചു നടക്കണമെന്നും. ആരോഗ്യം നല്ല വണ്ണം നോക്കണമെന്നും ഓർമിപ്പിച്ചു. സദാ ഈശ്വരചിന്തയോടെ  ജീവിക്കണമെന്നും,തനിക്കു വീട്ടുകാർ പോലും തുണയില്ലെന്ന കാര്യം ഓർമ വേണമെന്നും പറഞ്ഞു…

ഫോണ്  കട്ട് ചെയ്തിട്ട് അയാൾ കട്ടിലിലേക്ക് വീണു കുറെ കരഞ്ഞു.പിന്നെ കൂടുതൽ ആലോചിച്ചു മനസ്സ് മാറും മുൻപ് , താൻ സൃഷ്ടിച്ച കഥകളും,കവിതകളും ,ചിത്രങ്ങളും കൂടിയിട്ടു കത്തിച്ചു; മുറിയുടെ തട്ടിനോളം ഉയർന്ന തീനാളങ്ങൾക്ക്  നടുവിൽ മറ്റൊരു വലിയ തീ നാളമായി കത്തിയമർന്നു.അങ്ങിനെ അയാളെന്ന യഥാർത്ഥ കലാകാരന്റെ   എല്ലാ വേദനകളും ,നിരാശകളും ആ അഗ്നിനാളങ്ങൾ വിഴുങ്ങി – എന്നെന്നേക്കുമായി…ഒപ്പം ദൂരെ അയാളെ മാത്രം പ്രതീക്ഷയായിക്കണ്ട് ജീവിക്കുന്ന ഒരു സാധുകുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും ,മോഹങ്ങളും കൂടി  ആ തീനാളങ്ങൾക്കു നടുവിൽ കത്തിയമർന്നു തീർന്നു.

എന്നാൽ അതിനേക്കാൾ എല്ലാവരെയും ദുഖത്തിലാഴ്ത്തിയത്, എല്ലാ നടപടികളും തീർത്ത് അയാളുടെ ഭൌതികാവശിഷ്ടം കേരളത്തിലയാളുടെ വീട്ടിലെത്തിയ അതേ ദിവസം തന്നെയാണ് ,വളരെ യാദൃചികമായി , അയാളുടെ ഒരു കൃതി  “കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനും” ഒപ്പം മറ്റൊരു കവിത  ജ്ഞാനപീഠ അവാർഡിനും അർഹമായി എന്ന
അറിയിപ്പുമെത്തുന്നത്.വിദേശത്ത് അയാളുടെ കൃതികൾ വായിക്കാനിടയായ , സുഹൃത്തായ ഒരു പത്രപ്രവർത്തകനാണ് അയാളുടെ ഏതാനും കൃതികൾ മത്സര ഇനമായി അയാളുടെ പേരിൽ തന്നെ അയച്ചു കൊടുത്തത്.

ഇന്നെല്ലാവരും  അയാളെ ആരാധിക്കുവാനും,അയാളുടെ സൃഷ്ടികളെ വാനോളം പാടിപ്പുകഴ്ത്തുവാനും തുടങ്ങിയിരിക്കുന്നു.  അയാളുടെ അവാർഡിനർഹമായ കൃതികൾ ഇന്ന് കുട്ടികൾ അവരുടെ പാഠപുസ്തകത്തിലൂടെ പഠിക്കുന്നു. ജീവിച്ചിരുന്നപ്പോൾ അയാളുടെ പ്രതിഭ അറിയാതിരുന്ന രാഷ്ട്രീയനേതാക്കൾ അയാളുടെ പേരിൽ പ്രതിമ സ്ഥാപിക്കുവാനും അയാളെക്കുറിച്ച് ഘോരഘോരം കവലകളിൽ പ്രസംഗിക്കുവാനും മത്സരിക്കുന്നു.

എല്ലാവർക്കും ഇന്നയാൾ “ഒരു കാലത്ത് ജീവിച്ചിരുന്ന മഹാനായ കലാകാരനാണ്”. ജീവിച്ചിരുന്നപ്പോൾ അയാളെ സ്വന്തം നാട്ടുകാർ പോയിട്ട് ബന്ധുക്കൾ പോലും പോലും തിരിഞ്ഞു നോക്കിയിരുന്നില്ല.എന്നാൽ അതെ ആളുകൾ  ഇന്ന് തങ്ങൾ അയാളുടെ നാട്ടുകാരനാണെന്ന് , തന്റെ പ്രിയപ്പെട്ട ബന്ധുവായിരുന്നുവെന്നോക്കെ മേനി പറയുവാൻ മത്സരിക്കുന്നു;അയാളെ കണ്ടാൽ മുഖം തിരിച്ചു നടന്നിരുന്ന അയാളുടെ സഹപ്രവർത്തകരും ഇന്നയാളുടെ  ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നു സമർത്ഥിക്കുന്നു;ഇതാണ് കലാകാരന്റെ ജീവിതം.ജീവിച്ചിരിക്കുമ്പോൾ ആരും അയാളുടെ
വിലയറിയുന്നില്ല. അയാളോ,അയാളുടെ കുടുംബമോ എങ്ങിനെ ജീവിക്കുന്നുവെന്നു പോലും ആരും തിരക്കാറില്ല .എന്നാൽ മരണാനന്തരം എല്ലാവർക്കും അയാൾ പെട്ടെന്ന്  പ്രിയപ്പെട്ടവനാകുന്നു.ജീവിച്ചിരുന്നപ്പോൾ അയാളെ കുറിച്ച് ചിന്തിക്കാത്തവർ പോലും മരണാന്തരം അയാളെ ബഹുമതികൾ കൊണ്ട് മൂടുവാൻ മത്സരിക്കുന്നു…

ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത അംഗീകാരങ്ങൾ “മരണാനന്തരബഹുമതി”യായി  തേടിയെത്തുന്ന ദുരന്തം ഒരു കലാകാരന് മാത്രംസംഭവിക്കുന്നതാണ്. കാലങ്ങളായി ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു; ഒരു തുടർക്കഥ പോലെ… :(

No comments:

Post a Comment