Wednesday, 26 March 2014


[ ശ്രീ വിഷ്ണുസഹസ്രനാമത്തിലെ എന്നെ വളരെ ആകർഷിച്ച ഒരു പദമാണ് "പ്രഗ്രഹ:" അതിനെക്കുറിച്ച് കൂട്ടുകാരോട് ഇന്ന് അല്പം ആശയം പങ്കുവക്കണമെന്നു തോന്നി..വായിക്കുമല്ലോ. ]

പ്രഗ്രഹ:

പ്രഹർഷേണ ഗ്രഹിക്കുന്നവൻ ആരോ അവൻ "പ്രഗ്രഹൻ"."
പ്രഹർഷം" എന്നാൽ "സന്തോഷം" എന്നർഥം ."ഗ്രഹിക്കുക" എന്നാൽ "സ്വീകരിക്കുക" എന്നർഥം.ഭക്തന്മാരുടെ സമർപ്പണം സന്തോഷത്തോടെ ഭഗവാൻ സ്വീകരിക്കുന്നു.

മനസ്സില് ഭഗവാനെ സ്മരിച്ച് എന്താണോ തനിക്കു ഭക്തൻ സമർപ്പിക്കുന്നത്,അത് താൻ സന്തോഷത്തോടെ സ്വീകരിക്കുന്നു.
അത് കൊണ്ടാണ് പണ്ട് ശ്രീരാമാവതാരകാലത്ത്,ശബരി കഴിച്ചു നോക്കി മധുരമുള്ള പഴങ്ങൾ മാത്രം ശേഖരിച്ചു സമർപ്പിച്ചപ്പോൾ ഭഗവാൻ ശ്രീരാമൻ വളരെ സന്തോഷത്തോടെ അവ ഭക്ഷിച്ചതും ഭക്തിക്കാണ് പ്രാധാന്യമെന്നും,വൃത്തിക്കോ,വില കൂടിയ പദാർഥങ്ങൾക്കോ അല്ല വില എന്നും ഒരിക്കൽ കൂടി തെളിയച്ചതും.

അത് പോലെ തന്നെ കീറിപ്പറിഞ്ഞ തുണിയിൽ പൊതിഞ്ഞു ഭഗവാനു സമർപ്പിക്കാനായി കുചേലപത്നി കൊടുത്തയച്ച അവൽ ഭഗവാൻ കുചേലന്റെ വിയർപ്പു നാറുന്ന കക്ഷത്തിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയാണ് ഭക്ഷിക്കുന്നത്.ഭഗവാനെ സംബന്ധിച്ചിടത്തോളം അവൽ വളരെ നിസ്സാരമായ ഒരു വസ്തുവാണ്.എന്നാൽ തന്റെ ഭർത്താവ് വളരെ നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തിനെ കാണുവാൻ പോകുമ്പോൾ വെറും കൈയോടെ വിടാതിരിക്കുവാനായി ,ഒരു പാട് വീടുകളിൽ തെണ്ടി കിട്ടിയ കല്ലും മണ്ണും കലർന്ന നെല്ല്,വെട്ടം പോലുമില്ലാത്ത തന്റെ കുടിലിലെ ഇരുട്ടത്ത് ഉരലിൽ കുത്തി അവലാക്കി,കൊടുത്തയക്കുവാൻ മറ്റു
പാത്രങ്ങളൊന്നുമില്ലാതിരുന്നത് കൊണ്ട് ,താൻ ഉടുത്തിരുന്ന ചേലയിൽ നിന്നും ഒരു കഷണം വലിച്ചു കീറി, അതിൽ ഈ അവൽ ,കിഴി കെട്ടി കൊടുത്തയക്കുന്ന കുചേലപത്നിയുടെ മനസ്സാണവിടെ ഭഗവാൻ ശ്രദ്ധിച്ചത്.വാസ്തവത്തിൽ ഭഗവാൻ കുചേലഗൃഹത്തിലേക്ക് ശ്രീലക്ഷ്മീദേവിയെ പറഞ്ഞയച്ചത് കുചേലനെ ഓർത്തല്ല,മറിച്ചു്,സദാ സമയവും കൃഷ്ണനെയോർത്തു കൊണ്ട് സ്വധർമമായ കുടുംബകാര്യങ്ങൾ ശ്രദ്ധിച്ച് കുട്ടികളെ വളർത്തിയ ശുദ്ധയായ കുചേലപത്നിയെ ഓർത്തായിരുന്നു.

മറ്റൊരവസരത്തിൽ തന്റെ ഭാഷാകാവ്യം തെറ്റ് തിരുത്തുവാൻ കൊണ്ട് ചെന്ന ഭക്തോത്തമനും,സാധുവുമായ പൂന്താനം തിരുമേനിയെ തന്റെ പാണ്ഡിത്യപ്രഭാവം കാട്ടി അപമാനിക്കുവാൻ ശ്രമിച്ച മറ്റൊരു ഭക്തനും,കവിയും, പണ്ഡിതനുമായ ഭട്ടതിരിപ്പാടിനോട് ഭഗവാൻ സ്വയം "പട്ടേരിയുടെ വിഭക്തിയെക്കാൾ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണെന്നു" പറയുന്നുന്നുണ്ട് .

വേറൊരിക്കൽ,ശ്രീ വിഷ്ണുസഹസ്രനാമം വായിക്കവേ അതിൽ "പദ്മനാഭോ അമരപ്രഭു"(പദ്മനാഭൻ ദേവന്മാരുടെ പ്രഭു അഥവാ ഈശ്വരൻ) എന്നതിന് പകരം അറിവില്ലാതെ പൂന്താനം തിരുമേനി "പദ്മനാഭോ മരപ്രഭു" എന്ന് തെറ്റി വായിച്ചപ്പോൾ വീണ്ടും ഭട്ടതിരി പരിഹസിക്കുകയും,ഉടനെ ഗുരുവായൂർ ശ്രീലകത്തു നിന്നും "ആര് പറഞ്ഞു ഞാൻ ദേവന്മാരുടെ മാത്രം പ്രഭുവാണെന്ന്;ഞാൻ മരങ്ങളുടെയും,സകലചരാചരങ്ങളുടെയും പ്രഭുവാണ് " എന്ന അശരീരി കേൾക്കുകയുമുണ്ടായി.

പറഞ്ഞു വരുന്നത് ,ക്ഷേത്രങ്ങളിൽ വഴിപാടു നേരുന്നവർ അവർ നേരുന്ന വഴിപാടിന്റെ മൂല്യത്തേക്കാൾ അത് നേരുന്ന സമയത്തുള്ള ഭക്തന്റെ മനോഭാവമാണ് ഭഗവാൻ ശ്രദ്ധിക്കുന്നത് .സമ്പന്നരായവർക്കു വളരെ മൂല്യമുള്ള വഴിപാടു ദേവന് സമർപ്പിക്കുവാൻ കഴിയും. എന്നാൽ അവരുടെ മനസ്സ് ഭഗവാനു സമർപ്പിക്കുന്നില്ലായെങ്കിൽ ആ വഴിപാടു നടത്തിയ വ്യക്തിക്ക് ഗുണം ചെയ്യുന്നില്ല.

ഭഗവത് ഗീതയിൽ ഭഗവാൻ തന്നെ പറയുന്നുണ്ട് ;

"പത്രം, പുഷ്പം, ഫലം, തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദ്‌ അഹം ഭക്തി-ഉപഹൃതം
അസ്നാമി പ്രയതാത് മന: "

[അതായതു ആരാണോ എനിക്ക് ശുദ്ധമായ സ്നേഹത്തോടും കളങ്കമില്ലാത്ത ഭക്തിയോടും കൂടെ ഒരു ഇലയോ ,പൂവോ,ഫലമോ ,വെള്ളമോ സമർപ്പിക്കുന്നത് അവരുടെ ആ സമർപ്പണം ഞാൻ പൂർണ തൃപ്തിയോടെ സ്വീകരിക്കുന്നു.]

ഭഗവാന് എന്തും ഭക്തന്റെ കഴിവനുസരിച്ച് സമർപ്പിക്കാം.പക്ഷെ ഭഗവാൻ അവ പ്രഹർഷേണ ഗ്രഹിക്കണമെങ്കിൽ, ഭക്തമനസ്സിൽ ഭഗവത്സ്വരൂപം ഉണ്ടായിരിക്കേണം. പ്രഗ്രഹനായ ഭഗവാനെ ധ്യാനിച്ച്‌ ഭഗവാന് എന്ത് സമർപ്പിച്ചാലും അത് വിജയിക്കുന്നതാണ് .കാരണം ഭഗവാൻ ഭക്തന്മാരുടെ മനസ്സിലേക്കാണ്‌ പ്രവേശിക്കുക അപ്പോൾ മനസ്സ് ശുദ്ധമല്ലെങ്കിൽ ഭഗവാന് എങ്ങിനെ ഭക്തന്റെ മനസ്സിൽ പ്രവേശിക്കുവാൻ കഴിയും?

"ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധിം തു സാരഥിം വിദ്ധി
മന:പ്രഗ്രഹമേ വച"

"പ്രഗ്രഹം" എന്നതിന് കടിഞ്ഞാണ്‍ എന്നർത്ഥമുണ്ട്.മനുഷ്യശരീരം തേരും, ആത്മാവ്‌ തേരിന്റെ ഉടമയും,ബുദ്ധി തേരാളിയും,മനസ്സിനെ അതിലെ കുതിരകളെ നിയന്ത്രിക്കുന്ന കടിഞ്ഞാണുമായി സങ്കല്പ്പിക്കുവാൻ കടോപനിഷത്തിൽ പറയുന്നുണ്ട് .

ഇന്ദ്രിയങ്ങളാണ് കുതിരകൾ.അവ പല ഭാഗത്തേക്കും കുതിച്ചാൽ തേരാളിയാകുന്ന ബുദ്ധിക്കു ശരീരമാകുന്ന രഥത്തെ ശരിയായ മാർഗത്തിലൂടെ ഓടിക്കുവാൻ സാധ്യമല്ല .അങ്ങിനെയുള്ള സന്ദർഭത്തിൽ മനസ്സാകുന്ന കടിഞ്ഞാണ് കൊണ്ട് അവകളെ നിയന്ത്രിച്ചു, തേരാകുന്ന ശരീരത്തെയും, തേരിലിരിക്കുന്ന വ്യക്തിയാകുന്ന - അതിന്റെ ഉടമയാകുന്ന
ആത്മാവിനെയും, തേരാളി അഥവാ ബുദ്ധി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

ഇവിടെ ഭഗവാൻ വിഷ്ണു "പ്രഗ്രഹ"നെന്ന നിലയിൽ ലോകത്തെത്തന്നെ നിയന്ത്രിക്കുന്ന കടിഞ്ഞാണാണ് .അതിനാൽ നാമോരുത്തരും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ സ്വജീവിതം സാർത്ഥകമാക്കുവാൻ ഭാഗ്യമുള്ളവരാകട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് നിറുത്തുന്നു.

ഇവിടെ എനിക്ക് കൂടുതൽ പരിചയമുള്ള വാക്കായതു കൊണ്ട് ഞാൻ "വിഷ്ണു" എന്ന് പറഞ്ഞു എന്നേ ഉള്ളു . ഇത് തന്നെയാണ് യേശുവായാലും ,അല്ലാഹുവായാലും ബുദ്ധനായാലും മറ്റേതൊരു നന്മയുടെ പ്രവാചകനായാലും എന്ന് സാരം.

പേരിലും,മനുഷ്യനിർമിതമായ സമുദായത്തിലുമല്ല,മറിച്ച്‌ ആത്യന്തികമായ നന്മയിലാണ് കാര്യം.അത് മാത്രമാണ് പല പേരുകളിലും രൂപത്തിലും വിളങ്ങുന്ന ആ പരംപൊരുൾ നോക്കുന്നുമുള്ളൂ.

ലോകാസ്സമസ്താ സുഖിനോ ഭവന്തു:

നന്ദി

മായാരാജേഷ്
 — feeling blessed.

1 comment:

  1. I believe that this story contains much food for thought as does the story about MElappattooR and PoontAnam (memorialized in VaLLattOL's "Bhaktiyum vibhaktiyum).

    This amara-prabhu story is about language in two contexts: One-- the context of tantRam and VEdOcchaaraNam. Two -- Bhakti.

    In the first context, language has to be precisely used and mantRa-s accurately presented, otherwise the results will not be achieved or even bad results might befall the chanter. The grammarian Patan^jali's ideas about the need for correctness of language show us that even outside of VEdic samskR^tam, there was a devotion to accuracy of pronunciation of words (Sabdam).

    In context # 2, the emphasis is on sincerity of feeling and depth of faith in the Deity. If the bhakta is sincere and humble, then even a litany of non-sense, e.g. "VidDHikkooSmANDam" can become effective. That seems to be the Bhakti doctrine about language. There are even ideas such as "the Divine is vaachAm-agOcharam." So why care about purity of language? KR^shNa may be safely addressed as Kissna.

    It is these two contexts that are here problematized in this story about amarapRabhu.

    But the importance of accuracy of pronunciation in the VEdic and tAntRic contexts is not repudiated. It is merely established that in the Bhakti context, it is not necessary.

    MalayALi-s are very dialectically oriented (look at the success of Buddhism and Marxism in KEraLam) and therefore many tend to swing to extremes and to take one view to beat up another view. Even in the MElpattooR-PoontAnam story, some use PoontAnam to punish MElpattooR. Some scholars have pointed out the fact that we have no evidence to prove that the two poets ever met. That story might just be a progeny of the MalayAlI need for dialectics. DKM Kartha

    ReplyDelete