Thursday, 20 March 2014


ദേവനന്ദ മേനോൻ എന്ന "മണിച്ചേച്ചി"[എഴുതിയത്  മായാരാജേഷ് ,ഷാർജ,
ദിവസം :20-03-2014 ]

"പൊട്ടിത്തകർന്ന കിനാവ്കൊണ്ടൊരു പട്ടുനൂലൂഞ്ഞാല  കെട്ടീ ഞാൻ..

കാലക്കടലിന്റെ അക്കരയക്കരെ ..മരണത്തിൻ മൂകമാം താഴ്വരയിൽ..

കണ്ണീരു കൊണ്ട് നനച്ചു വളർത്തിയ  കല്ക്കണ്ട മാവിന്റെ കൊമ്പത്ത്...

പൊട്ടിത്തകർന്ന കിനാവ്കൊണ്ടൊരു പട്ടുനൂലൂഞ്ഞാല  കെട്ടീ ഞാൻ...."

മഹാനായ പി.ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് എന്ന സംഗീത മാന്ത്രികന്റെ ഈണവും, മലയാളത്തിന്റെ എന്നത്തേയും പ്രിയഗായിക എസ്.ജാനകി അമ്മയുടെ ശബ്ദവും കൂടിയായപ്പോൾബേപ്പൂർ സുൽത്താൻഎന്നറിയപ്പെടുന്ന  വൈക്കം  മുഹമ്മദ്ബഷീറിന്റെ "പച്ചവെളിച്ചം" എന്ന കൃതി "ഭാർഗവിനിലയം എന്ന സിനിമയായി..അതിലെ മനോഹരിയായ നായികഭാർഗവിയുടെ യക്ഷി വേഷം ചെയ്ത നായികവിജയനിർമലപ്രേക്ഷകരുടെ  പ്രിയങ്കരിയുമായി...

എന്നാൽ,യാത്രയിൽ എവിടെയോ വച്ച് കേട്ട,ആത്മാവിന്റെ മുഴുവൻ വേദനയും ആവാഹിച്ച പഴയ മധുരഗാനം തന്റെ കാതുകളിൽ മധുരമഴ പെയ്യിച്ചപ്പൊഴും, കണ്ണുകളെ വല്ലാതെ ഈറനണിയിച്ചതും,മനസ്സ് നീറ്റിയതും എന്ത് കൊണ്ടാണെന്ന് അവളറിഞ്ഞു
അത് വീണ്ടും തന്നെ, തന്റെ ബാല്യത്തിലേക്ക്,അതിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടു   പോകുന്നത് അവളറിഞ്ഞു

അവളോർത്തു - എല്ലാ മനുഷ്യരെയും പോലെ തന്റെ കുട്ടിക്കാലത്ത് താൻ കണ്ടവ്യക്തികൾ,അവരുടെ കുടുംബ പശ്ചാത്തലം,സ്വഭാവ സവിശേഷതകൾ,ദൈനംദിന ജീവിതം,അവരിലെ നന്മകൾ,അവരനുഭവിച്ച വേദനകൾ എന്നിവ ,തന്നെവളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങിനെ സ്വാധീനിച്ച വളരെ കുറച്ചു പേരിൽ  പ്രിയപ്പെട്ട ഒരാൾ, പാട്ട് കേട്ടതിലൂടെ, വീണ്ടും ഓർമയിൽ തെളിഞ്ഞു വരികയായിരുന്നു
 കഥാപാത്രം മറ്റാരുമായിരുന്നില്ല-  “ദേവനന്ദ മേനോൻഎന്ന  അവളുടെ പ്രിയപ്പെട്ട  "മണിച്ചേച്ചി"യാണ്

തൃശൂർ ജില്ലയിലെ പ്രസിദ്ധമായ (നൂറ്റിയെട്ട് ദുർഗാലയങ്ങളിലൊന്നായ) ഒരു  ദുർഗാക്ഷേത്രത്തിനരുകിൽ  ഒരു വലിയ കുലീന നായർ കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസമുള്ള അച്ഛനും,അമ്മയ്ക്കും ജനിച്ച മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾ ആയിരുന്നു അവളുടെയീ പ്രിയ കഥാനായിക. മൂത്ത മക്കൾ രണ്ടു പേരും ആണ്മക്കൾ. ഒരാൾ പണ്ടത്തെ ബോംബെയിൽ (ഇന്നത്തെ മുംബൈ) പ്രസിദ്ധനായ അഡ്വക്കേറ്റ്.രണ്ടാമൻ പഴയ കാല പേർഷ്യയിൽ (ഇന്നത്തെ ഇറാൻ അല്ലെങ്കിൽ ഇറാഖു് ) മറൈൻ എഞ്ചിനീയർ. മൂന്നാമത്തെ പൊന്നോമന മകളായി സമ്പന്നതയിലാണ്നമ്മുടെ കഥാനായികയുടെ ജനനം.
കാലത്ത് ബി.എസ്.സി.ഫിസിക്സ്ഒന്നാം ക്ലാസ്സോടെ പാസ്സായി,അന്നത്തെ നാട്ടു നടപ്പനുസരിച്ചു ടൈപ്പും,ഷോർട്ട് ഹാൻഡും,പിന്നെ തയ്യലും,അവരുടെ ഔട്ട്ഹൌസിൽ താമസിച്ചിരുന്ന അമ്മ്യാർ  ടീച്ചറുടെയടുത്ത് നിന്ന് അത്യാവശ്യം സംഗീതവും പഠിച്ച ശേഷം, വീട്ടിൽ നിന്ന്  ജോലിക്കൊന്നും വിടാത്തത്കൊണ്ട്  അമ്മയെ അടുക്കളയിൽ പാചകത്തിൽ സഹായിച്ചു കഴിയുന്ന കാലം.അതിസുന്ദരിയായിരുന്നതു  കൊണ്ടും ജോലിക്ക് വിടാത്തത്കൊണ്ട് ഉപരിപഠനത്തിനു പോയി നേരം കളയെന്ടെന്നു മാതാപിതാക്കൾക്ക് തോന്നിയത് കൊണ്ടും അവരുടെ വിവാഹം നടത്തുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി.. എല്ലാ സൌഭാഗ്യങ്ങളും ,സൌന്ദര്യവും ആവശ്യത്തിലേറെയുണ്ടായിരുന്നത് കൊണ്ട് വിവാഹം പെട്ടെന്ന് തന്നെ തീരുമാനവുമായി.വരൻ ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ശമ്പളവുമുള്ള ഒരു സർക്കാരുദ്യോഗസ്ഥൻ;വലിയ തറവാട്ട്മഹിമ അവകാശപ്പെടുവാൻ കഴിവുള്ള കുടുംബം.എല്ലാം കൊണ്ടും എല്ലാവർക്കും ബന്ധം ഇഷ്ടപ്പെട്ടു.നിശ്ചയം കഴിഞ്ഞു ഒരു മാസത്തിനകം വിവാഹവും കഴിഞ്ഞു.മണിചേച്ചി പോയതോടെ വീടുറങ്ങിയ പോലെയായി...

ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോൾ പതിവ് പോലെ മണിചേച്ചിയുടെ വീട്ടിൽ വച്ച്ഇരുപത്തെട്ടു കെട്ടുനടത്തി.പെണ്കുഞ്ഞിനു ലക്ഷ്മീദേവിയുടെ പര്യായമായ "പദ്മ" എന്ന് പേരിട്ടു.അടുത്തടുത്ത  മൂന്ന് വർഷങ്ങളിലും രണ്ടു പെണ്കുഞ്ഞുങ്ങൾ കൂടി ജനിച്ചു,അവരെ യഥാക്രമം നന്ദിനി,ബാല എന്നീ പേരുകൾ നല്കി വിളിച്ചു. പക്ഷെ അതോടെ മണിചേച്ചിയുടെ ജീവിതം മാറി  മറിയുകയായിരുന്നു.മൂന്നും പെണ്കുഞ്ഞുങ്ങളായത് , പൊതുവെ അല്പം അന്ധവിശ്വാസികളായ  ഭർത്താവിനും,വീട്ടുകാർക്കും അശുഭമായി തോന്നി ,പോരാത്തതിന് ഏറ്റവും താഴെയുള്ള കുട്ടിയുടെ ജാതകം അച്ഛന് ദോഷമാണെന്ന് ഒരു ജ്യോതിഷി പറയുക കൂടി ചെയ്തതോടെ  മണിചേച്ചിയുടെ ജീവിതം നരകതുല്യമായി.എന്നും വീട്ടില് വഴക്കും ബഹളവുമായി.അവസാനം ദോഷം തീർക്കുവാൻ ജ്യോതിഷി തന്നെ  പരിഹാരവും നിർദേശിച്ചു.ഭാര്യയോടൊപ്പം ഇനിയൊരിക്കലും താമസിക്കാതിരിക്കുക,പ്രത്യേകിച്ച് ,താഴെയുള്ള കുട്ടിയുള്ള വീട്ടിൽ!!!

ഒടുവിൽ ഭർത്താവിന്റെ വീട്ടുകാർ അതിനുള്ള പരിഹാരവും കണ്ടെത്തി.അവർ മണി ചേച്ചിയെയും അവരുടെ മൂന്ന് കൊച്ചുപെണ്കുഞ്ഞുങ്ങളെയും തിരിച്ചു അവരുടെ വീട്ടിൽ കൊണ്ട് വന്നു വിട്ടു.കുറച്ചു ദിവസത്തേക്ക് മകളും കുട്ടികളും വിരുന്നു വന്നതെന്ന് കരുതി സന്തോഷിച്ച അച്ഛനുമമ്മയും,കാര്യമറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു പോയി..ഉടനെത്തന്നെ അവർ കാരണവന്മാരെ  കൂട്ടിചെന്നു കാര്യം തിരക്കിയപ്പൊഴും ,ഭർത്താവിന്റെ വീട്ടുകാരുടെ ഭാവം മാറിയില്ല.മൂന്ന് പെണ്കുഞ്ഞുങ്ങളുണ്ടായത് കുടുംബത്തിനു നല്ലതല്ലെന്നും മൂന്നാമത്തെ കുഞ്ഞു അച്ഛന് ദോഷമാണെന്നും അത് കൊണ്ട് ഇനിയും ബന്ധം തുടരാൻ പറ്റില്ലെന്നും അവർ തീർത്ത്പറഞ്ഞു.അവസാനം മൂന്നാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് വരികയാണെങ്കിൽ   മണി ചേച്ചിയെ തല്ക്കാലം സ്വീകരിക്കാമെന്നായി.അതും അടുത്ത കുഞ്ഞു ആണ്കുഞ്ഞാകുമൊഎന്നറിയും വരെ മാത്രം.പക്ഷെ അതിനു മണി ചേച്ചി സമ്മതിച്ചില്ല.അങ്ങിനെ മണി ചേച്ചി വീണ്ടും സ്വന്തം വീട്ടിൽ വന്നു കുഞ്ഞുങ്ങളോടൊപ്പം താമസം തുടങ്ങി.

ഒരു വർഷത്തിനുള്ളിൽ അവരുടെ വിവാഹമോചനവും നടന്നു. അതിനു ഭർത്താവിന്റെ വീട്ടുകാർ  പറഞ്ഞ കാരണം മണിചേച്ചിക്ക്  “മനോരോഗമുണ്ടെന്നും, അത് മറച്ചു വച്ചാണ് വീട്ടുകാർ വിവാഹം കഴിപ്പിച്ചതെന്നു”മാണ് .അന്നത്തെ  കാലത്തെ  പ്രഗത്ഭനായ ഒരു വക്കീലിനെക്കൊണ്ടാണ് ഭർത്താവിന്റെ വീട്ടുകാർ കേസ് നടത്തിയത് .അയാൾ യാതൊരു ദയയുമില്ലാതെ ,കിട്ടിയ ഫീസിന്റെ കനത്തിനനുസരിച്ചു ഇല്ലാത്ത കഥകളുണ്ടാക്കി,കള്ളസാക്ഷികളെയും തെളിവുകളെയും നിരത്തി പാവത്തെ കോടതിയിൽ വച്ച് കുറെ വേദനിപ്പിക്കുകയും,അപമാനിക്കുകയും ചെയ്തു.തന്റെ കഴുത്തിൽ താലി കെട്ടിയ ,തന്റെ മൂന്നു പെണ്കുട്ടികളുടെ അച്ഛനായ, വിദ്യാസമ്പന്നനെന്നു നടിക്കുന്ന മനുഷ്യൻ തന്റെ നേരെ കോടതിയിൽ വച്ച് പറഞ്ഞു കൂട്ടിയ കള്ളക്കഥകൾ കേട്ട് പാവം കോടതിയിൽ തലചുറ്റി വീണു.. വക്കീല്ലായ സ്വന്തം ആങ്ങളയാവട്ടെ അയാളുടെ ജോലിസംബന്ധമായ കാരണങ്ങൾ പറഞ്ഞു മുംബൈയിൽ നിന്നും വരുക പോലും ചെയ്തില്ല . ഇതൊക്കെ കൊണ്ട് മണിച്ചേച്ചിയുടെ അമ്മ മനോവേദന കൊണ്ട് കിടപ്പിലായി.താമസിയാതെ മരണമടയുകയും ചെയ്തു.അതോടെ പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളുമായി പ്രായമായ  സ്വന്തം അച്ഛനോടൊപ്പം, മനോവേദന സഹിച്ചു കഴിയവേ ഒരു ദിവസം ആദ്യമായി അവരിൽ ശരിക്കും  മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു.. 

പാവം അച്ഛനത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.കുറച്ചു ദിവസങ്ങൾ കഴിയവേ അസുഖം കൂടിക്കൂടി വന്നു.കുട്ടികളുടെകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെയായി.കുളിക്കാതെയും ജപിക്കാതെയുമായി. കുഞ്ഞുങ്ങളുടെ കാര്യം കഷ്ടത്തിലായി...ജോലിയിൽ നിന്നും വിരമിക്കാറായ അച്ഛന് കുട്ടികളെ മണി ചേച്ചിയുടെ അടുത്തു വിട്ടു ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായി.വീട്ടിലെ എല്ലാ പാത്രങ്ങളും,ഉപ്പു തൊട്ടു കർപ്പൂരം  വരെയുള്ള സാധനങ്ങളും  കണ്ണ് തെറ്റിയാൽ മണി ചേച്ചി എടുത്തു കിണറ്റിൽ എറിയും എന്ന ഘട്ടം വരെയെത്തി. പിന്നീട് ബന്ധുക്കളുടെ നിർബന്ധം മൂലം അച്ഛന്  ,മണിചേച്ചിയെയും,കൊച്ചുകുഞ്ഞുങ്ങളെയും നോക്കുവാൻ വേണ്ടി രണ്ടാമതൊരു വിവാഹം കഴിക്കേണ്ടി വന്നു . രണ്ടാമത് വിവാഹം കഴിച്ചു കൊണ്ട് വന്ന സ്ത്രീ നല്ല കാര്യപ്രാപ്തിയും ,കുടുംബഭരണത്തിൽ മിടുക്കിയുമായിരുന്നത്  കൊണ്ട് പെട്ടെന്ന് തന്നെ അവർ കാര്യങ്ങളുടെയെല്ലാം കടിഞ്ഞാണ്തന്റെ കൈയിലാക്കി.അതോടെ മണി ചേച്ചിയുടെ അച്ഛന് മനസ്സമാധാനത്തോടെ ഓഫീസിൽ പോകാമെന്നായി. പിന്നീട്  3 വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകനും കല്യാണം കഴിച്ചു .അങ്ങിനെ പുതിയതായി രണ്ടു സ്ത്രീകൾ കൂടി വന്നപ്പോൾ വീട്ടിലെ കാര്യങ്ങൾ വീണ്ടും ഒരു വിധം ഭംഗിയായി നടക്കുവാൻ തുടങ്ങി..

ഇതിനിടയിൽ മണിചേച്ചി  മാനസികവിഭ്രാന്തി വരുമ്പോൾ മനോഹരമായി പാടാനും തുടങ്ങി. എല്ലാ പാട്ടുകളും ഒന്നുകിൽ പ്രേമം നിറഞ്ഞവ അല്ലെങ്കിൽ വിരഹം നിറഞ്ഞത്എന്നിങ്ങനെയായിരുന്നു


"മധുരപ്രതീക്ഷ തൻ പൂങ്കാവത്തിൽ വച്ച് മണിവേണു ഗായകനെ കണ്ടു മുട്ടീ ഞാൻ..",

"അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്നു  ഞാനറിഞ്ഞൂഅതിനുള്ള വേദന ഞാനറിഞ്ഞൂ.." 

തുടങ്ങിയവ  അവയിൽ ചിലത് മാത്രം.

എന്നാൽ അസുഖമില്ലാത്ത സമയത്ത് ആരോടും ഒന്നും അധികം സംസാരിക്കാതെ അടുക്കള ജോലികളൊക്കെ ചെയ്യും.ഞങ്ങൾ കുട്ടികൾക്ക് കണക്കും ഇംഗ്ലീഷും പഠിപ്പിച്ചു തരും.നല്ല ഭംഗിയിൽ ,വീട്ടിലുണ്ടായ  മുല്ലപ്പൂ കൊണ്ട് വാഴനാരിൽ മാല കൊരുത്തു തരും. തന്റെ ചിറ്റയുടെ പ്രായമുണ്ടെങ്കിലും മണിച്ചേച്ചിയുടെ   മനോഹരമായ രൂപവും ,അതിമനോഹരശബ്ദവും , കുട്ടിക്കാലത്തെപ്പൊഴൊ, അവളെ, മണിച്ചേച്ചിയുടെ  ആരാധികയാക്കി മാറ്റിയിരുന്നൂ.. മണിച്ചേച്ചിക്കും കുട്ടികളിൽ വച്ച് അവളെ വലിയ കാര്യമായിരുന്നൂഅത് കൊണ്ട് തന്നെ, അസുഖമുള്ള സമയത്തും, സ്വന്തം കുട്ടികളെ ഉപ്ദ്രവിച്ചാലും മണിച്ചേച്ചിയവളെ മാത്രം ഉപ്ദ്രവിച്ചിരുന്നില്ല എന്ന വസ്തുത എല്ലാവരും അത്ഭുതത്തോടെ ശ്രദ്ധിച്ചിരുന്നു.അത് കൊണ്ട് അവളവിടെയുള്ളപ്പോൾ അവർക്ക് അസുഖമുണ്ടായാൽ എല്ലാവരും അവർക്കുള്ള  മരുന്ന് അവളുടെ കൈയിലാണ് കൊടുത്തു  വിടാറുള്ളത്‌. അങ്ങിനെ മരുന്നുമായി ചെല്ലുമ്പോൾ മണിച്ചേച്ചി അവരുടെ മുറിയിലെ ജനലിനരുകിൽ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരിക്കും.പുറത്തു ജനലിനടുത്തായി ഉണ്ടായിരുന്ന കർപ്പൂരമാവിന്റെ കൊമ്പിലേക്കു  നോക്കി  കുറെ നേരമിരിക്കുന്നത് കാണാം.ഇടയ്ക്കു എപ്പോഴോ ചുണ്ടിൽ നിന്നും മധുരമൂറുന്ന പഴയ സിനിമാ ഗാനങ്ങളും, കീർത്തനങ്ങളും  പിറന്നു വീഴും...അത് കേൾക്കുമ്പോൾ അവൾക്കു തോന്നാറുണ്ട്ഇത്ര കഴിവുള്ള ഒരു ഗായിക,ഒരു തെറ്റായ വിവാഹത്തിന്റെ പേരിൽ ഇങ്ങിനെ നരകിച്ചു തീരുകയാണല്ലോഎന്ന്. വിവാഹത്തിനു പകരം അവരെ വല്ല ഗായികയാകുവാൻ അനുവദിക്കുകയോ ,അല്ലെങ്കിൽ സഹോദരന്മാരെപ്പോലെ വല്ല ജോലിയിലും ചേർന്ന് സ്വന്തം കാലിൽ നില്ക്കുവാൻ സമ്മതിക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഒരു പക്ഷെ അവർക്കീ ഗതി വരില്ലായിരുന്നുവെന്നു അവൾക്കു  പലപ്പോഴും തോന്നിയിട്ടുണ്ട്

ചിലപ്പോൾ  മുഖത്തു നിർവികാര ഭാവമായിരിക്കും..മറ്റു ചിലപ്പോൾ കണ്ണ്കളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരിക്കും..ഐശ്വര്യമുള്ള   മുഖത്തു കണ്ണുനീർചന്ദനച്ചാലുകൾ തീർത്തിരുന്നു അവളെ  കാണുമ്പോൾ കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് ചോദിക്കും ,"എന്താ കുട്ടീ ,മരുന്നും കൊണ്ട് വന്നതാവും ല്ലേ? മണിചേച്ചിക്കെന്തിനാ ഇനി മരുന്നൊക്കെ? മണി ചേച്ചി മരിച്ചു പോവുന്നതല്ലേ  എല്ലാർക്കും നല്ലത്?എനിക്ക് ഭ്രാന്തല്ലേ കുട്ടിയേ " അവൾക്കതു കേട്ട് ശരിക്കും സങ്കടം വന്നു. അവൾ പതിയെ പറഞ്ഞു.."എന്റെ മണി ചേച്ചിക്ക് ഭ്രാന്തൊന്നുമില്ല,ഉണ്ടെന്നു പറയുന്നവർക്കാണ്ഭ്രാന്ത് "എന്ന്.അപ്പോഴേക്കും അവൾതേങ്ങിപ്പോയിരുന്നു...ഒരു വിധം കൊണ്ട് ചെന്ന മരുന്ന് അവരുടെ കൈയിൽ സ്നേഹത്തോടെ പിടിപ്പിച്ചിട്ട് കരച്ചിൽ പുറത്തും വരും മുൻപ് അവൾ ഓടിയകലും.
ഓടി വീടിനു പുറകിലെ ,വിശാലമായ കശുമാവുകൾ  നിറഞ്ഞ പറമ്പിൽ പോയി നിന്ന് അവൾ
മതിയാവോളം കരയും. പറമ്പിൽ വച്ചാണ് മണിചേച്ചി കുട്ടികൾ ഞങ്ങൾക്ക് ഇഷ്ടം പോലെ കശുവണ്ടി ചുട്ടു തന്നിട്ടുള്ളത്. അവിടെ വച്ചാണ് ഞങ്ങൾ അവിടത്തെ പശുക്കുട്ടികളെ വേപ്പെണ്ണ തേച്ചു കുളിപ്പി ക്കാറുള്ളത്.അതിനിടയിൽ വലിയ പശു കുത്താൻ വരുമ്പോൾ ഓടി കശുമാവിൽ വലിഞ്ഞു കയറി തുട ഉരഞ്ഞു പൊട്ടി ചോരയോലിപ്പിക്കാത്ത ഒരൊറ്റ വേനലവധിക്കാലം പോലും അന്നൊന്നും ഉണ്ടായിരുന്നില്ല..

 മാനസിക വിഭ്രാന്തി നിറഞ്ഞ ചില ദിവസങ്ങൾ ഒഴിച്ചാൽ മാസത്തിൽ മറ്റെല്ലാ ദിവസവും മണി ചേച്ചി വളരെ ശാന്ത സ്വഭാവിയും ,എല്ല് മുറിയെ വീട്ടിലെയും ,മറ്റു പുറം പണികളും എടുക്കുകയും ചെയ്യുന്ന നല്ല വീട്ടമ്മയുമായിരുന്നു..മാത്രവുമല്ല അവർ വളരെ രുചികരമായി ഭക്ഷണം പാചകം ചെയ്യുമായിരുന്നു,വളരെ നല്ല അതിഥിപ്രിയയുമായിരുന്നു.എല്ലാം വച്ചുണ്ടാക്കുക മാത്രമല്ല ,കുട്ടികളെ സ്നേഹത്തോടെ കഴിപ്പിക്കുവാനും അവർ വളരെ ശ്രദ്ധാലുവായിരുന്നു.

എന്നാൽ മാനസികമായി സുഖമില്ലാതാകുന്ന ദിവസങ്ങളിൽ ആൾ അടുക്കളയിൽ കയറാറില്ല..മുറിയിൽ തന്നെ ചടഞ്ഞിരിക്കും.പിന്നീട് അസുഖം കുറച്ചു കൂടുതലാവുമ്പോൾ അവരുടെ മുറി പുറത്തു നിന്നും പൂട്ടാറുണ്ട്. അവളവിടെയുള്ള ഒരു അവധിക്കാലത്ത് ഒരു ദിവസം മണി ചേച്ചിയുടെ ചെറിയ നാത്തൂൻ അവരെ മുറിയിലിട്ട് പൂട്ടി ,ഭക്ഷണ സമയമായപ്പോൾ , അവർക്കുള്ള ഭക്ഷണം അവളുടെ കൈയിൽ കൊടുത്ത് വിട്ടു.അവൾ അവിടെ ചെന്ന് നാത്തൂന്റെ നിർദേശപ്രകാരം മുറിയുടെ കിളി വാതിലിൽ ഭക്ഷണം വച്ചിട്ടു മണി ചേച്ചിയെ വിളിച്ചപ്പോൾ അനുസരണയുള്ള കുട്ടിയെപ്പോലെ അവർ കിളി വാതിലിനടുത്ത് വന്നു നിന്ന്,ക്ഷീണിച്ച കണ്ണുകളോടെ അവളെ നോക്കിക്കൊണ്ട്‌ മധുരമായി പ്രസിദ്ധമായ ഒരു  കവിത ചൊല്ലി "ബന്ധുര കാഞ്ചന ക്കൂട്ടിലാണെങ്കിലും  ബന്ധനം ബന്ധനം  തന്നെ പാരിൽ " എന്ന്.അതിന്റെ അർത്ഥ വ്യാപ്തി കേട്ടു നിന്നവരിൽ ഞെട്ടലും ഒപ്പം സങ്കടവും ഉളവാക്കി.പതിവ് പോലെ അന്നും അവൾ അവിടെയുള്ളവരോട്  മണി ചേച്ചിയെ ഒരു നല്ല ഡോക്ടറിനെ കാണിക്കുവാൻ പറഞ്ഞു നിർബന്ധിച്ചു..അവർ പറഞ്ഞു."മാനസിക രോഗാശുപത്രിയിലൊക്കെ കൊണ്ട് പോയാൽ അത് അവരുടെ കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കും ,പോരാത്തതിന് മണി ചേച്ചിക്കുള്ളത്മൂന്നു പെണ്മക്കളും,അതവരുടെ ഭാവിയെക്കൂടി ബാധിക്കും എന്നൊക്കെ.


അങ്ങിനെ വേണ്ട രീതിയിൽ ചികിത്സ ലഭിക്കാതെ , അവരുടെ ആരോഗ്യനില വഷളായി..അപ്പോഴും വീട്ടില് ഡോക്ടറിനെ കൊണ്ട് വന്നു ചികിത്സിപ്പിക്കുമെന്നല്ലാതെ,ആശുപത്രിയിൽ കൊണ്ട് പോയി വേണ്ട രീതിയിൽ ചികിത്സ നല്കുവാൻ ആരും മുതിർന്നില്ല..ഇതിനിടയിൽ മണി ചേച്ചിയുടെ അച്ഛൻ മരിച്ചു.പിന്നീട് രണ്ടാനമ്മയും,നാത്തൂന്മാരും മണിചേച്ചിയോടു കുറേക്കൂടി പരുക്കനായി പെരുമാറാൻ തുടങ്ങി. മണിചേച്ചിയുടെ  മൂന്നു പെണ്കുട്ടികളും ചുരുക്കിപ്പറഞ്ഞാൽ ചോദിക്കാനും പറയാനും ആരുമില്ലാത്തവരായി,വിവാഹം വരെയും വീട്ടിലെ ശമ്പളമില്ലാത്ത വേലക്കാരായി കഴിഞ്ഞു കൂടി. അച്ഛനുണ്ടായിരുന്നത്കൊണ്ട് അടങ്ങി കഴിഞ്ഞിരുന്ന ആങ്ങളമാരുടെ ഭാര്യമാർ , അവരുടെ മക്കളുടെ  ശോഭനമായ ഭാവിക്ക് വേണ്ടി വേറെ വീടെടുത്ത് മാറിത്താമസിക്കുവാൻ ആലോചിച്ചു.തന്റേടിയും,സ്വന്തം കാര്യം മാത്രം നോക്കുന്നവനുമായ മൂത്ത ആങ്ങള , അയാളുടെ ഭാര്യയേയും കുട്ടികളെയും ബോംബയിലെ തന്റെ ജോലി സ്ഥല ത്തേക്കു കൊണ്ട് പോയി. പിന്നീടിത് വരെയും- അയാളും കുടുംബവും മുംബൈ വിട്ടു നാട്ടിലേക്ക് വന്നിട്ടില്ല.

അതിനിടയിൽ അച്ഛൻ മരിച്ച സമയത്ത് നാട്ടിൽ വന്ന രണ്ടാമത്തെ ആങ്ങള ഗൾഫിലേക്ക് തിരിച്ചു പോയില്ല.അദ്ദേഹം നാട്ടിൽ തന്നെ ഒരു ചെറിയ ജോലിയിൽ ചേർന്ന് വീട്ടിലെ കാര്യങ്ങൾ നോക്കുവാൻ തുടങ്ങി.അദേഹത്തിന് കാര്യമെന്തൊക്കെ പറഞ്ഞാലും തന്റെ പെങ്ങൾ "മണി" എന്ന് വച്ചാൽ വലിയ കാര്യമായിരുന്നു. മനസ്സിനു സുഖമില്ലാതിരിക്കുമ്പോൾ പോലും മണിചേച്ചി  അദ്ദേഹം പറഞ്ഞാൽ അനുസരിക്കുമായിരുന്നു..മണിചേച്ചിയെ മരുന്ന് കഴിപ്പിക്കാനും, കുളിപ്പിക്കാനും പോലും വീട്ടിലെ സ്ത്രീകൾ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു ഇതിനിടയിൽ കാലം കടന്നു പോയി...ആങ്ങളയുടെ കുട്ടികളും ,മണിചേച്ചിയുടെ കുട്ടികളും ,എല്ലാം ഒരുമിച്ചു വളർന്നു. മണിചേച്ചിയുടെ  മൂത്ത മകൾക്ക് പതിനെട്ടു വയസ്സായതും,അവരെ അടുത്ത ഗ്രാമത്തിലെ ,ഒരു നല്ല തറവാട്ടിലേക്ക് കല്യാണം കഴിപ്പിച്ചയച്ചു.പക്ഷെപെണ്കുട്ടികൾക്ക് അധികം വിദ്യാഭ്യാസമായാൽ അമ്മയുടെ  ഗതി വരുമെന്ന്പറഞ്ഞു മൂന്നു പേരെയും പത്താം തരം വരെ മാത്രമേ രണ്ടാനമ്മ പഠിപ്പിച്ചിരുന്നുള്ളൂ.അതിനാൽ ചേച്ചിക്ക് ഉദ്യോഗത്തിനൊന്നും പോകാൻ കഴിഞ്ഞില്ല .മാത്രവുമല്ല വിദ്യാസമ്പന്നരായ അവരുടെ ഭര്ത്താവിന്റെ വീട്ടുകാരിൽ നിന്ന് ഇതിന്റെ പേരില് അവർക്ക് പല കയ്പ്പേറിയ അനുഭവങ്ങളും സഹിക്കേണ്ടിയും വന്നു.
താമസിയാതെ രണ്ടാമത്തെ മകളുടെയും മൂന്നാമത്തെ മകളുടെയും വിവാഹങ്ങളും നടന്നു. ആർക്കും തന്നെ ,അമ്മയുടെ അസുഖത്തിന്റെ പേരും,അച്ഛന്റെ അസാന്നിധ്യവും ,വിദ്യാഭ്യാസക്കുറവും കാരണമായി ചൂണ്ടിക്കാട്ടി  യോജിച്ച ബന്ധമൊന്നും കിട്ടിയില്ല.മാത്രമല്ല...ചുരുക്കത്തിൽ, വീട്ടിലെ കയ്പേറിയ നിരവധി അനുഭവങ്ങളും,വേദനയും,അപമാനവും ഒറ്റപ്പെടുത്തലും,അമ്മയുടെയും അച്ഛന്റെയും സ്നേഹവും തണലുമെന്തെന്നറിയാത്ത ബാല്യവുമെല്ലാം കൂടി അവരെ തീർത്തും മടുപ്പിച്ചിരുന്നു.അത് കൊണ്ട് തന്നെ അന്യവീട്ടിൽ നിന്നും ലഭിച്ച എല്ലാ വേദനകളും സഹിക്കുവാൻ അവർ തയ്യാറായിരുന്നു; മാത്രവുമല്ല വിവാഹം കഴിഞ്ഞു പോയ അവരെല്ലാം തന്നെ പിന്നീട് വീട്ടിൽ ആരുടെയെങ്കിലും വിവാഹമോ ,മരണമോ ഉണ്ടെങ്കിൽ മാത്രമേ അങ്ങോട്ട്തിരിഞ്ഞു നോക്കിയിരുന്നുള്ളൂ.. അങ്ങിനെ മണി ചേച്ചി  തീർത്തും അനാഥമായ അവസ്ഥയിലായി.

ഇതിനിടയിൽ ,പഠനത്തിനും മറ്റുമായി തിരക്കിലാവുകയും,നാട്ടിൽ നിന്ന് പലപ്പോഴും മാറി നിൽക്കേണ്ടതായും വന്നത് കൊണ്ട് അവസാനകാലങ്ങളിൽ  അവൾക്കു മണിചേച്ചിയെ അധികം കാണുവാൻ കഴിഞ്ഞിരുന്നില്ല .എന്നാൽ പി.ജി ക്ക്  രണ്ടാം വർഷം പഠിച്ചു കൊണ്ടിരുന്നപ്പോൾ,പരീക്ഷക്ക്‌ മുൻപുള്ള ഒരു പഠനാവധിക്കാലത്ത് വീട്ടിലേക്കു ഒരു ഫോണ്‍ വന്നു. അത് കേട്ടതും അച്ഛന്റെ മുഖം വല്ലാതാകുന്നതും ,പെട്ടെന്ന് തന്നെ അമ്മയോടെന്തോ പറഞ്ഞ ശേഷം,എല്ലാവരോടും വേഗം റെഡിയാകുവാൻ പറഞ്ഞു കാറ് വിളിച്ചു കൊണ്ട് വരുവാൻ പോയി.അച്ഛൻ കാറ് വിളിക്കാൻ പോയ സമയത്ത്  അമ്മ അവളോട്‌  മണി ചേച്ചി കുറച്ചു നേരം മുൻപ്  കാർഡിയാക് അറസ്റ്റ്  വന്നു മരിച്ചു പോയി എന്ന വിവരം പറഞ്ഞ ശേഷം, തൊട്ടടുത്തു താമസിക്കുന്ന സഹോദരങ്ങളെയും വിവരമറിയിച്ചു എല്ലാവരും കൂടി അവിടെയെത്തുമ്പോൾ കണ്ട കാഴ്ച!ചുറ്റും നെയ്ത്തിരികൾ നിറഞ്ഞു കത്തുന്ന നാളികേരങ്ങൾക്കും തലക്കലായി എരിയുന്ന നിലവിളക്കിനും, ചുറ്റും വിതറിയിട്ടിരിക്കുന്ന അരിക്കും,പൂവിനും നടുവിൽ ഒരു ദേവതയെപ്പോലെ വെള്ള പുതച്ചുകിടക്കുന്ന മണിചേച്ചി! ചന്ദനനിറമുള്ള  നെറ്റിയിൽ,ജീവിച്ചിരുന്നപ്പോൾ,യാതൊരു ഗുണമുണ്ടായില്ലെങ്കിലും,മരിക്കുമ്പോളും  അവൾ സുമംഗലിയായിരുന്നുവെന്നു  ലോകത്തെ ബോധിപ്പിക്കുവാനെന്ന പോലെ ആരോ ചുവന്ന കുങ്കുമം കൊണ്ട് വലിയ പൊട്ടു തൊടുവിച്ചിരിക്കുന്നു. വീട്ടിലെ ഒരുപാട് പെണ്‍കുട്ടികളെ  ഒരുപാട് മുല്ലപ്പൂമാല കൊരുത്തു ചൂടിച്ചിട്ടുള്ള അവരുടെ മുടിയിൽ അവസാനമായി ആരോ ചെറിയ ഒരു മുല്ലപ്പൂമാല ചൂടിച്ചത് കണ്ടവൾ തേങ്ങിപ്പോയീ .ഒപ്പം മണിചേച്ചിയുടെ അലമാരയിൽ കുട്ടിക്കാലത്ത് പലപ്പോഴും അവൾ കണ്ടിരുന്ന, കൈതപ്പൂമണമുള്ള കാഞ്ചീപുരത്തിന്റെ ചുവന്ന നിറത്തിലുള്ള കല്യാണസാരിയും അവരുടെ ദേഹത്ത് നെടുമാന്ഗല്യ സൂചകമായി അവർ പുതപ്പിച്ചിരുന്നു. നോക്കി നോക്കിയിരിക്കെ മണിചേച്ചിയുടെ ചുണ്ടിലാദ്യമായി മധുരമായ ഒരു പുഞ്ചിരി തങ്ങി നില്ക്കുന്നതായി അവൾക്കു തോന്നി. ആ നരകതുല്യമായ ജീവിതത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ മുഴുവൻ ആശ്വാസവും അവരുടെ മുഖത്തവൾ കണ്ടു.അത് കൊണ്ട് തന്നെ ജീവിതത്തിലാദ്യമായി തനിക്കേറ്റവും പ്രിയപ്പെട്ട ആളായിരുന്നിട്ടു കൂടി മണി ചേച്ചിയുടെ മരണത്തിൽ അവൾ കരഞ്ഞില്ല..നാൽപ്പത്തിമൂന്നാം വയസ്സിൽ ചന്ദന മുട്ടികൾക്ക്‌ നടുവിൽ മറ്റൊരു ചന്ദന വിഗ്രഹമായിക്കിടന്ന മണിചേച്ചിയുടെ വിശുദ്ധിയാർന്ന ശരീരത്തെ തൊടുവാൻ അഗ്നിനാളങ്ങൾ പോലും മടിക്കുന്നുവോയെന്നു തോന്നി,ആളിപ്പടരുന്നതിലുള്ള അവയുടെ സാവധാനത കണ്ടപ്പോൾ!!!

അതിനു ശേഷം പിന്നീടൊരിക്കലും അവളാ വീട്ടിലേക്കു പോയിട്ടില്ല കാരണം,അവൾക്കവിടെ കാണേണ്ടിയിരുന്ന പ്രിയപ്പെട്ട ആൾ ഇന്നവിടെയില്ല എന്നത് തന്നെ...
ആ സുന്ദരമുഖം,ആ മാധുര്യമാർന്ന വാക്കുകൾ, മനോഹരമായ സ്വരമാധുരി,പിന്നെ തറവാടിത്തം സ്ഫുരിക്കുന്ന കുലീനമായ പെരുമാറ്റം,പാചകനൈപുണ്യം,പല കാര്യങ്ങളിലുമുള്ള അറിവ്,അതിലൊക്കെയേറെ കറയറ്റ സ്നേഹം ..അതെ ..അങ്ങിനെയൊരാൾ ഇനിയാ വീട്ടിലില്ല എന്ന അറിവ് തന്നെ വല്ലാത്ത നീറ്റലുണ്ടാക്കുന്നു - ഇപ്പോഴും മനസ്സിൽ..
എത്രയോ നല്ല സ്ത്രീകൾ പണ്ട് ഇങ്ങിനെ എന്തെല്ലാം അനുഭവിചിട്ടുണ്ടാകാം ഓരോ വീടുകളിൽ..ഇന്നും അനുഭവിക്കുന്നുണ്ടാകാം....അറിയില്ല..

വണ്ടി എവിടെയോ നിന്നപ്പോൾ നിറഞ്ഞു തൂവിയ കണ്ണുകൾ അമർത്തിത്തുടച്ചവൾ കണ്ണുകളടച്ചിരുന്നു.. വീണ്ടും വണ്ടി നീങ്ങിത്തുടങ്ങിയെന്നു  തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ മനസ്സിലായി..ഒഴുകിയ കണ്ണുനീരിനുമേൽ തണുത്ത കാറ്റ് ഉമ്മ വച്ചപ്പോൾ അത് മണി ചേച്ചി, തന്നെ സമാധാനിപ്പിച്ചു കൊണ്ട്, ഉമ്മ വച്ചത് പോലെ തോന്നി അവൾക്ക്...അത് മനസ്സിന് വല്ലാത്ത ഒരു ഉന്മേഷം പകർന്നു... അപ്പൊഴുമാ പാട്ട്‌ ഒഴുകി വന്നുകൊണ്ടേയിരുന്നു... മണിചേച്ചിയുടെ ആത്മാവിന്റെ നീതിക്ക് വേണ്ടിയുള്ള രോദനം പോലെ,തിരിച്ചു കിട്ടാത്ത നിഷ്കളങ്കസ്നേഹത്തിന്റെ ഗദ്ഗദം പോലെ.....


"പൊട്ടിത്തകർന്ന കിനാവ്കൊണ്ടൊരു പട്ടുനൂലൂഞ്ഞാല  കെട്ടീ ഞാൻ...

കാലക്കടലിന്റെ അക്കരയക്കരെ ..മരണത്തിൻ മൂകമാം താഴ്വരയിൽ..

കണ്ണീരു കൊണ്ട് നനച്ചു വളർത്തിയ  കല്ക്കണ്ട മാവിന്റെ കൊമ്പത്ത്...

പൊട്ടിത്തകർന്ന കിനാവ്കൊണ്ടൊരു പട്ടുനൂലൂഞ്ഞാല  കെട്ടീ ഞാൻ...."

[ വാൽക്കഷ്ണം :  മണി ചേച്ചിയെ  ഉപേക്ഷിച്ച ശേഷം ആദ്യ ഭർത്താവ് വേറെ സ്ത്രീയെ വിവാഹം കഴിച്ചു ,അതിൽ അയാൾക്ക് വീണ്ടും മൂന്നു പെണ്കുട്ടികൾ തന്നെ ഉണ്ടായി..വിശദമായി പരിശോധിച്ചപ്പോൾ അയാൾ"ആരെ വിവാഹം ചെയ്താലും പെണ്കുട്ടികൾ മാത്രമേ ഉണ്ടാകൂ" എന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.അയാളുടെ രണ്ടാമത്തെ ഭാര്യയിലെ ആദ്യത്തെ കുട്ടി ജനിച്ച ദിവസം തന്നെ അയാളുടെ അമ്മ കോണിയിറങ്ങുമ്പോൾ കാൽ വഴുതി വീണു മരിച്ചു.ഒരു വർഷം കഴിയും മുൻപ് അച്ഛനും മരിച്ചു. മൂന്നാമത്തെ കുഞ്ഞു ജനിച്ചു കഴിഞ്ഞതും അയാൾ ഏതോ കേസിൽ പെട്ട്  സസ്പെൻഷനിലായി.താമസിയാതെ അയാളുടെ രണ്ടാം ഭാര്യ അയാളുമായി വഴക്കിട്ടു,കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിൽ പോയി നില്പ്പായി.ഇന്നയാൾക്ക്ആരുമില്ലഅയാളുടെ ഒരു മക്കളും അയാളെ തിരിഞ്ഞുനോക്കുന്നില്ല.നിരപരാധിയായഒരുസ്ത്രീയുടെ മനസ്സിന്റെ അറിഞ്ഞോ അറിയാതെയോയുള്ള ശാപത്തിന്, ഈ കലിയുഗത്തിലും  ഇത്ര വലിയ ശക്തിയോ എന്ന് അത്ഭുതപ്പെട്ടു പോകുന്നു!!! ]



No comments:

Post a Comment