Monday 5 May 2014

"ഊർധം വലിക്കുമ്പോഴാണോ നാമീശ്വര പ്രാർഥന ചെയ്യുവാനാരംഭിപ്പൂ 
തൊണ്ടക്കുഴിക്കുള്ളിൽ മണ്ടിക്കരയേറും ചണ്ടിക്കഫമുണ്ടോ മിണ്ടിക്കുന്നൂ..? "

ഇന്ന് ലോകത്ത് മിക്കവരും വിചാരിക്കുന്നത്" "ഭക്തി "എന്നത് ശുദ്ധ അബദ്ധമാണ്; അത് വിദ്യ,ബുദ്ധി ,ആരോഗ്യം എന്നിവയുള്ള ചെറുപ്പകാലത്ത് ആവശ്യമില്ല .അത് വെറുതെ സമയനഷ്ടമാണ് വരുത്തുന്നത് എന്നൊക്കെയാണ്.

"ഭക്തി "എന്നത് ശാസ്ത്രത്തിനു നിരക്കാത്തതാണ് ,ചെറുപ്പകാലത്ത് ആവോളം ജീവിതം ആസ്വദിച്ചു, ദൈവനിഷേധമായ പ്രവൃത്തികൾ ചെയ്തു വയസ്സായി ,അവരവർക്ക് ആരുമില്ലാതെ ആരോഗ്യം ക്ഷയിച്ച സമയത്ത് ,നേരം പോക്കിനോ, മരണഭയം വരുമ്പോൾ രക്ഷക്കോ ആയി ചെയ്യേണ്ട ഒന്നാണെന്നാണ് .

എന്നാൽ ഒന്നോർത്തു നോക്കൂ..മരണസമയത്ത് തൊണ്ടക്കുഴിയിൽ തികട്ടി വരുന്ന കഫത്തിനാൽ ,ഊർധ്വശ്വാസം വലിച്ചു ശ്വാസം മുട്ടി കിടക്കുന്ന നേരത്ത് നാമെങ്ങിനെ ആത്മാർഥതയോടെ,സമാധാനത്തോടെ,പൂർണമായ സമർപ്പണത്തോടെ ദൈവം എന്ന പരംപൊരുളിനെ ആരാധിക്കും,സേവിക്കും???!!! അഥവാ ആ സമയത്ത് മാത്രം മനസ്സിൽ വരുന്ന നാമങ്ങൾക്ക് ദൈവത്തിനെ നമ്മിലേക്ക്‌ ആകർഷിക്കുവാൻ കഴിയണമെന്നില്ല..കാരണം ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ ..ആരോഗ്യമുള്ള ഒരു മനസ്സിനേ നമ്മുടെ ചിന്തകളെ ഒരു പ്രത്യേക ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചു അതിൽ നിന്നും സത്ഫലം സൃഷ്ടിക്കാനാവൂ.

"ദൈവം" എന്നത് മറ്റൊരർഥത്തിൽ പറഞ്ഞാൽ ,തുടക്കം മുതൽക്കേ നമ്മുടെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന,നമ്മുടെ ഉള്ളിൽ തന്നെ വസിക്കുന്ന,നമ്മുടെ "സ്വന്തം മനസ്സാക്ഷി" തന്നെയാണ്.അത് സ്വന്തം പ്രവർത്തികളിൽ സ്വയം സന്തുഷ്ടമല്ലെങ്കിൽ മരണസമയത്തും സന്തുഷ്ടമായിരിക്കില്ല.മറിച്ച്, അവിടെ കുറ്റബോധവും, നിരാശയും മാത്രമായിരിക്കും ഫലം. എന്നാൽ തുടക്കം മുതൽ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ഒരാൾക്ക്‌ ഒരിക്കലും തന്റെ മനസ്സാക്ഷിക്കെതിരായി പ്രവർത്തിക്കാനോ,ജീവിക്കാനോ കഴിയില്ല..ഈ മനസ്സാക്ഷിയുടെ ഇടപെടലാണ് പലപ്പോഴും നമ്മൾ "ദൈവഭയം" എന്ന വളരെ ലളിതമായ വാക്കിനാൽ വിവക്ഷിക്കുന്നത് .

അങ്ങിനെ ദൈവഭയത്തോടെ ജീവിക്കുമ്പോൾ നമ്മൾ സ്വാഭാവികമായും ശരിയായ വഴികളിലൂടെ നയിക്കപ്പെടുന്നു, അഥവാ നമ്മൾ സ്വയം ചിന്തിച്ചു ശരിയായ വഴികൾ മാത്രം തിരഞ്ഞെടുക്കുന്നു. ജീവിതത്തിൽ മുൻപ് വന്നു പോയ തെറ്റുകൾ തിരുത്തി പൂർവാധികം ഉത്സാഹത്തോടെ ,ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നു.അത് കൊണ്ട് തന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന ബന്ധങ്ങളും നന്മ നിറഞ്ഞവയായിരിക്കും,അത് കുടുംബബന്ധമായാലും,സുഹൃത്ത്ബന്ധമായാലും എല്ലാം നമ്മെ നന്മയിലേക്ക് മാത്രം നയിക്കുന്നവയായിരിക്കും.അതിന്റെ ഫലമായി ശുദ്ധമായ മനസ്സും,നന്മ നിറഞ്ഞ അനുഭവങ്ങളും,മുന്പുണ്ടായ പാളിച്ചകൾക്ക് ശേഷവും നമ്മെ പിന്തുടരും.ആത്മവിശ്വാസം വീണ്ടും തിരിച്ചു വരികയും,വർദ്ധിക്കുകയും ചെയ്യും,ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങും,ഭാവി ശോഭനമാക്കുവാൻ വേണ്ടെതെല്ലാം ചെയ്യാൻ തുടങ്ങും.ഇതിന്റെ ഫലമായി സജാതീയ വാർദ്ധക്യവും സമാധാനം നിറഞ്ഞ,കിടന്നു നരകിക്കാത്ത ഒരു മരണവും നമുക്ക് പ്രാപ്തമാകും.

ഇതിനു വേണ്ടിയാണ് ചെറുപ്പത്തിലേ തന്നെ നമ്മൾ നമ്മുടെ മനസ്സാക്ഷിയെ അഥവാ ദൈവത്തെ അറിഞ്ഞും ആരാധിച്ചും ജീവിച്ചാലേ ആരോഗ്യവും സന്തോഷവും നിറഞ്ഞ വാർദ്ധക്യവും,സമാധാനം നിറഞ്ഞ മരണവും പ്രാപ്തമാകൂ എന്ന് മുകളിൽപ്പറഞ്ഞ വരികളിലൂടെ വിവക്ഷിക്കുന്നത്.

ഒന്ന് വളരെ ലളിതമാണ് ; നമുക്ക് രണ്ടു തരത്തിലും ജീവിക്കാം - ദൈവവിശാസത്തിലും,അല്ലാതെയും .ഒന്നേയുള്ളൂ വ്യത്യാസം,ദൈവത്തിൽ വിശ്വസിക്കുമ്പോൾ ,നമ്മൾ കൂടുതൽ നമ്മളിൽത്തന്നെ വിശ്വസിക്കുന്നു.നമുക്ക് മാനസികമായി കൂടുതൽ ഉറപ്പും,ആത്മവിശ്വാസവും ലഭിക്കുന്നു "യഥാർത്ഥഭക്തൻ" തന്റെ സഹജീവികളെ യഥാർത്ഥമായി സ്നേഹിച്ചു തുടങ്ങുന്നു; ഒപ്പം ആരെയും വഞ്ചിക്കാതിരിക്കുവാൻ ശ്രമിക്കുന്നു.

എന്നാൽ ദൈവവിശ്വാസിയല്ലാത്ത ഒരാൾ പലപ്പോഴും ആരെയും കൂടുതൽ വിശ്വസിക്കുകയില്ല,അയാൾക്ക്‌ സ്വയം പോലും പലപ്പോഴും വേണ്ടത്ര വിശ്വാസമുണ്ടാകണമെന്നില്ല, തൽഫലമായി അയാൾക്ക്‌ ആരെയും മനസ്സിൽ തൊട്ടു സ്നേഹിക്കാനുമാവില്ല.ആരുടെയും യഥാർത്ഥ സ്നേഹം നേടാനും.അങ്ങിനെയുള്ള ഒരാളുടെ വാർദ്ധക്യവും,മരണവും,മരണശേഷവും എങ്ങിനെയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ ?!!!

അത് കൊണ്ട് വളരെ ബുദ്ധിയുള്ളവരെന്നു നടിച്ചു,പല കർമങ്ങളിലും, കർമബന്ധങ്ങളിലും ജീവിതപരീക്ഷണങ്ങളിലും പെട്ട് പോകുമ്പോൾ ഓർക്കുക,നമ്മുടെ സ്വയം ശക്തിയിൽ ,ഈശ്വര ശക്തിയെക്കൂടി ശക്തമായി ഉൾപ്പെടുത്താൻ സമയമായി എന്ന്..അത് ഊർധ്വം വലിക്കുമ്പോഴല്ല,ഇപ്പോൾ തന്നെ ചെയ്തു തുടങ്ങേണ്ട ഒന്നാണെന്ന്.അതിനു യാതൊരു പണച്ചിലവുമില്ല,സ്ഥല പരിമിതിയോ,കാല പരിമിതിയോ ഇല്ല എന്നും ഓർക്കുക.

ഒപ്പം പ്രാർഥനകൾ ചൊല്ലുമ്പോൾ അല്പം ഉച്ചത്തിൽ ചൊല്ലണമെന്നാണ് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പറയുന്നത്. കാരണം നമ്മൾ ചൊല്ലുന്ന ഈശ്വരനാമങ്ങൾ, സദ്‌വാക്കുകൾ,മന്ത്രങ്ങൾ എന്നിവ ചുറ്റുമുള്ള ചരാചരങ്ങൾക്കും,മിണ്ടാനാവാത്ത ജീവജാലങ്ങൾക്കും മോക്ഷപ്രാപ്തിയെ കൊടുക്കുമെങ്കിൽ അതിലും വലിയ പുണ്യം മറ്റെന്തുണ്ട് ഈ നശ്വരമായ മനുഷ്യ ജന്മത്തിൽ ?!!!അതിനു ലജ്ജയോ,സ്വാർത്ഥമായ മനസ്സോ തടസ്സമാകരുത് .കാരണം പല ജന്മങ്ങൾ കടന്നു നമ്മളും ഇന്നീ മനുഷ്യജന്മത്തിൽ അംഗവൈകല്യങ്ങളോ ,ബുദ്ധിക്കു കുഴപ്പമോ ഒന്നും കൂടാതെ ജനിച്ചു വളർന്നു ഇത്രയും ആയതു ,ലോകനന്മ മാത്രം ചിന്തിച്ച,ഏതോ പുണ്യാത്മാവിന്റെ കാരുണ്യമായിരിക്കാം... ലോകാസ്സമാസ്താത് സുഖിനോ ഭവന്തു: 

No comments:

Post a Comment