Wednesday, 9 October 2013


“ഭക്തമീര” - യോഗിനിയാം ഭൂലോകരാധ! [ഈ കവിത

എഴുതിയത് മായാരാജേഷ്,ഷാർജ. ദിവസം: 9-ഒക്ടോബർ-2013]


“ഭക്തമീര” - യോഗിനിയാം ഭൂലോകരാധ! "

മഞ്ജുളരൂപവും,സന്യാസതുല്യമാം
ശാന്തമാം ഭാവവും ചേർന്നൊരു കുമാരിയിവൾ - മീര!

തേജസ്സോലും മിഴികളും, രജപുത്രവീര്യവും
ആത്മാവിലലതല്ലുമാനന്ദഭാവം വിരിയും മുഖവും
നിമിഷാർധം പോലും വിട്ടു പിരിയാതെ-
നാവിൽ ശ്രീകൃഷ്ണനാമവും
ഇവളത്രേ കൃഷ്ണന്റെ മീര....ഭൂലോകരാധിക!

ജനിച്ചു പുകഴ്പെറ്റ ഭാരതമണ്ണിലിവൾ,
അരചന്മാരുടെ മണ്ണിൽ -രാജസ്ഥാനിൽ,
സൂര്യവംശിയായ്, മേർത്തകുമാരിയായ്
കൃഷ്ണഭക്തയായ് നിഷ്കളങ്കയായ്

കൊട്ടാരത്തിൽ ജനിച്ചൂയിവൾ,
കൊട്ടാരത്തിൽ വളർന്നൂ
മനസ്സിലുറച്ചൂ ഭക്തി,ദ്വാരകാനാഥനിൽ
ഭക്താനാം താതൻ രത്തൻ സിന്ഹിനാലതു നൂനം.

ഋഷി നല്കിയ കൃഷ്ണ ബിംബത്തെ ചൂണ്ടിക്കളിയായ്-
പ്പറഞ്ഞു മാതാവവൾ കുഞ്ഞായിരിക്കും നാളിൽ
- "ഇത് തന്നെ  നിൻ സഖാവും, പതിയും ;
ചരിച്ചു കൊള്ളുക നീയിനിയിവനുടെ പാതയിൽ  താൻ”.
വിശ്വിച്ചന്നു മുതലവൾ; കരുതി  തൻ പതിയായ് തന്നെ..
ലോകൈകനാഥനാം  ഗിരിധർ ഗോപാലനെ...

രാജ്ഞിയാമമ്മ തൻ മരണശേഷം , സ്വന്തം
മാതുലനൊപ്പമായ് കൊച്ചുമീര തൻ ശേഷബാല്യം,
മംഗളമാകും യൗവനകാലത്തിങ്കൽ
മാതുലൻ, മീര തൻ വേളിയും ചെയ്യിച്ചു,
ചിറ്റോറിൻ കുമാരനാം ഭോജനുമൊത്തു തന്നെ.

സാത്വികനാം, പതി -"ഭോജൻ";
തുണച്ചു മീരയെ, ഭക്തനാകുക  മൂലം;
അംഗീകരിച്ചില്ല മറ്റാരും, പതി തൻ കൊട്ടാരത്തിൽ
ശുദ്ധയാമാ ബ്രഹ്മപ്രണയിനിയെ --ചിറ്റോറിൻ റാണിയെ!

വിധി തൻ വിളയാട്ടത്തിലവൾ വീണ്ടുമുലഞ്ഞപ്പോൾ
പതിയും ഗമിച്ചു മൃത്യുപുരിക്ക് വൈകീടാതെ…
പരീക്ഷണങ്ങൾ  കൊണ്ട് വീണ്ടും മൂടിനാൻ മാധവൻ,
ഇളകീലവൾ തെല്ലും യോഗിനിയാക മൂലം…

കൃഷ്ണനാമത്തിൽ തന്റെ
ജീവിതദു:ഖത്തെയൊന്നായ്-
തൻ ശക്തിയാക്കീയവൾ
സമർപ്പിച്ചു സർവസ്വവു-
മീശനിൽ തന്നെ സദാ  !

ഭക്തപ്രിയനാം   മുകുന്ദനിൽ,
അനാഥ രക്ഷകനിൽ, ലോകൈകനാഥനിൽ!
"മീര തൻ പ്രഭു ഗിരിധർ ഗോപാൽ"
മന്ത്രമായ് ചുണ്ടുകളിൽ,
തോഴനായ്,രക്ഷയും സദാ.

സാധു- സജ്ജനങ്ങൾക്കൊപ്പം ആടിയും പാടിയുമവൾ
പുകഴ്ത്തി കേശവനെ,യശോദാനന്ദനനെ..
സഹിച്ചില്ലിതൊന്നും,കൊട്ടാരബന്ധുൾക്കൾക്ക്,
അഹങ്കാരമായ്,,അനാശാസ്യമായ്,ചിത്രീകരിച്ചതവർ!

എശിയില്ലിതൊന്നും -
പരമമുക്തയാം റാണി മീരയെ,
പ്രണവത്തെ പ്രണയിക്കുമാ കണ്ണന്റെ-
മായാരാധയെ, ശുദ്ധഭക്തയെ.

ഭർതൃസോദരൻ വിക്രമാദിത്യനും,
പിന്നെ സോദരി ഉദാബായിയും
ഒരുക്കീ കുതന്ത്രങ്ങൾ ഒന്നോന്നായി
സാധുമീരയെ തീർത്തിടുവാനായിത്തന്നെ!

കൊടുത്തൂ ഉഗ്രവിഷം “പ്രസാദ”മെന്ന പേരിൽ
കഴിച്ചൂ അനന്തശായി തൻ നാമം ജപിച്ചവൾ
അടുത്ത നിമിഷത്തിൽ ഘോരമാം  സർപ്പവിഷം
മാറ്റീ ഭക്തവത്സലൻ -കണ്ണൻ ദിവ്യമാം അമൃതമായ് !!!

പാകീ ഇരുമ്പാണികൾ അവൾ തൻ
മെത്തയാകവെ ക്രൂരരവർ പിന്നെയും -
അറിഞ്ഞതില്ലാ മനം മുകുന്ദനിലുറയ്ക്ക മൂലം
കൃഷ്ണ..കൃഷ്ണായെന്നു ജപിച്ചു കിടന്നതും
ആണികൾ മാറി പൂമെത്തയായതും മാറിപ്പോയി !!!

വിഷത്തെപ്പോലും വെല്ലും ഭക്തി തൻ
ശക്തിയറിയാ മൂഡരാമവർ
മെനഞ്ഞു കുതന്ത്രങ്ങൾ
വീണ്ടുമങ്ങോരോ വിധം

കൊടുത്തു വിട്ടു പൂക്കുട്ടയിൽ
ഘോരസർപ്പത്തെ, മീര തൻ കൈയിലായ്
"ഗിരിധറി"നു ചാർത്തുവാൻ
സുഗന്ധമോലും പൂമാലയെന്നു നുണ ചൊല്ലി..!

മനസ്സാ സ്വീകരിച്ചു ശുദ്ധയാം മീരയുമത്
തുറന്നു കൂടയും, അത്ഭുതമെന്നേ വേണ്ടൂ!
മാറിനാൻ ‘മാധവമായ’യാൽ സർപ്പം
ശരിക്കും വാസനിക്കും പൂമാലയായ് തന്നെ!!!

ശേഷകാലം കഴിച്ചു മമ  മീര
ഭക്തിരസത്തിൽ  മുങ്ങീ
സന്യാസിനിയായീ  മുദാ
ദ്വാരകാനാഥൻ തന്റെ-
പുരിയിൽ, ക്ഷേത്രത്തിലായ്.

പ്രാർഥിച്ചു നിൽക്കേയൊരു ദിനം
മാലോകരെല്ലാം കാണ്കെ  മീര
അലിഞ്ഞു ചേർന്നൂ ശുദ്ധപ്രേമത്തിൻ  മൂർത്തിയിൽ
ദ്വാരകാനാഥന്റെ കമനീയബിംബത്തിങ്കൽ !!!

കണ്ടു നിന്നവരെല്ലാം അറിഞ്ഞൂ മീര തൻ
കടുത്ത ഭക്തി തൻ പൊരുളും,ശുദ്ധതയും
അറിഞ്ഞു വാഴ്ത്തീയവർ "ഭക്തമീര' എന്നവളെ !!!
ചിറ്റോറിൻ യശസ്സുയർത്തിയ കുമാരിയാം യോഗിനിയെ !

ജന്മജന്മാന്തരങ്ങളായ് തൻ
ഒറ്റക്കമ്പി വീണയിലായ്
കണ്ണനെ ആവാഹിച്ച
പവിത്രയാം മീരാഭായ് തൻ-
പുണ്യമാം ഓർമകൾക്ക്
മുന്നിലെന്നാത്മപ്രണാമം…
സ്നേഹാദരങ്ങൾ തുളുമ്പുമെൻ
ഹൃദയത്തിൻ എളിയ പ്രണാമം.

No comments:

Post a Comment