Monday 7 April 2014

“കാലക്കൊടുങ്കാറ്റ്” [എഴുതിയത് മായാരാജേഷ് ,ഷാർജ - ദിവസം -06-04-2014]

കാലത്തിൻ കൊടുങ്കാറ്റിലുലയുന്നീ ജീവിതച്ചെറുതോണിയും
ദൈവമാം തോണിക്കാരൻ തൻ കരങ്ങളിൽ നല്കുന്നൂ ഞാൻ
കരക്കടുപ്പിക്കാം,അല്ലായെങ്കിൽ മുക്കിയില്ലാതെയുമാക്കാം
എല്ലാമവൻ തൻ ഇഷ്ടത്തിന്നായ് തന്നെ വിടുന്നു ഞങ്ങൾ.

തെറ്റുകൾ ചെയ്യുന്നവർ കൊടികുത്തി വാഴുമീയുലകിൽ;
തെറ്റൊന്നും ചെയ്യാതെ ഞങ്ങളലയുന്നീ സംസാരത്തിൽ
തൻകാര്യം മാത്രം നോക്കി ജീവിക്കുന്നവർക്കിടയിൽ
തന്റെ കാര്യം "മാത്രം" നോക്കാൻ മറന്നു-
നോക്കുകുത്തിയായ് നില്പ്പൂ ഞങ്ങൾ.

ചവിട്ടുപടിയായ് കരുതി പലരും ഞങ്ങളെ-
യിന്നു മുകളിലെത്തിയിട്ടോ നോക്കി കൊഞ്ഞനം കുത്തീടുന്നു...
എല്ലാ നീരും വലിച്ചൂറ്റിക്കഴിഞ്ഞു പിന്നെ-
വലിച്ചെറിഞ്ഞു കളയും കറിവേപ്പിലയെന്നപോലെ .

ഇഹലോകത്തിൻ കൂത്തുകളിൽ കമ്പമില്ലാത്തോരെങ്കിലും-
ഈലോകകേളികളിൽ പങ്കാളികളായ്ത്തീർന്നവർ ഞങ്ങൾ.
മനസ്സ് നോക്കിയാണ് വിധിക്കുന്നത് ദൈവമെങ്കിൽ
എന്നുമുണ്ടാകും നൂനം ഞങ്ങളാ സന്നിധിയിൽ
രാജകീയമാം പ്രഭാവത്തോടെ,അതിലേറെ തേജസ്സോടെ
വിളങ്ങി നിന്നീടുമാ ശക്തി ഞങ്ങൾ തൻ അന്ത:രംഗത്തിലായ്.

അതിനായ് കാത്തിരിക്കുന്നു ഞങ്ങൾ സതതം
അമാനുഷീകനവൻ തൻ വരവിന്നായോരിക്കൽ കൂടി
പണ്ടു വന്നപ്പോഴൊക്കെ കാട്ടീയത് പോൽ-
തൻ ശക്തിപ്രഭാവം ഞങ്ങൾ തൻ ജീവിതത്തിൽ!!!

No comments:

Post a Comment