Saturday, 8 March 2014

"അവൾ" [ഈ കവിത എഴുതിയത് മായാരാജേഷ് ,ഷാർജ. ]

[ സ്ത്രീയെ ബഹുമാനിച്ചു തുടങ്ങാൻ ഒരു പ്രത്യേക ദിവസം വേണമെന്നില്ല..അത് സ്വന്തം അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരിലും എന്നും ഉണ്ടാവേണ്ട ഒരു ഭാവമാണെന്നു ഞാൻ വിശ്വസിക്കുന്നു എല്ലാ കൂട്ടുകാർക്കും "ലോക വനിതാദിന ആശംസകൾ” ]

"അവൾ" 

വിശുദ്ധയാം ജനനിയാകാം അവൾ 
സ്നേഹവും കുറുമ്പും തുളുമ്പും ഭഗിനിയുമാകാം,
അതുമല്ലെങ്കിൽ സ്നേഹിതയോ,സത്സഖിയോ ആവാം
ചപലയാം കാമുകിയോ,സദാ പരിഭവിക്കും വിരഹിണിയോ ആവാം
അതുമല്ലെങ്കിൽ തൻ പട്ടട വരെ സന്തതസഹചാരിയാകും ധർമപത്നിയുമാകാം
ഇനിയൊ തൻ ജീവന്റെ കണിക കൊണ്ടുയുർപ്പിച്ച
പുണ്യവതിയാമൊരു പുത്രിയുമാകാം പിന്നെ
അറിവും പാണ്ഡിത്യവും നിറഞ്ഞൊരു മാന്യയോ
ഉന്നതപദവികളലങ്കരിക്കും മഹിളയോ,
ശാസ്ത്രത്തിനും ,കലകൾക്കും ഇരിപ്പിടമോ അവൾ
കഥകൾക്കും,കവിതകൾക്കും അമ്മ തന്നെയോ ആവാം
ഇതൊന്നുമല്ലാതെയിനി സർവവും ത്യജിച്ചോരു സന്യാസിനിയോ,
പശിയടക്കാൻ പാടുപെടും ഭിക്ഷുകിയോ ആവാം.

കണ്ണിൽ സ്നേഹിപ്പവർക്കായ് കണ്ണുനീരും,
നെഞ്ചിൽ തൻ കുഞ്ഞിൻ പശിയകറ്റാൻ മുലപ്പാലും ,
ചങ്കിൽ വിശുദ്ധപ്രേമത്തിൻ ചെന്ചോരയും ധരിക്കുന്നോൾ
എന്നിരുന്നാലും പ്രാണനിൽ ശക്തിയും തേജസ്സും നിറച്ചുള്ള
അഗ്നി തൻ ആത്മസ്വരൂപമായവൾ!

കറയില്ലാമനസ്സും,തെളിഞ്ഞ ബുദ്ധിയും കൈമുതലായുള്ളവൾ
കരുണയും,സഹാനുഭൂതിയും കവചമായുള്ളവൾ
ഒന്നും പ്രതീക്ഷിക്കാതെ നന്മകൾ ചെയ്യുന്നോൾ
ലോകത്തിനു മുഴുവനായ് നന്മയോതാൻ കഴിവുള്ളോൾ

ആരുമായ്ക്കൊള്ളട്ടേയവൾ അറിയുക നീയവളെ-
സ്നേഹിക്കാനും പോറ്റാനും,സഹിക്കാനും മാത്രമല്ല
സ്വയം എരിയാനും മറ്റുള്ളോരെ എരിക്കാനും കഴിവുള്ളോളെന്നു!

വന്നിടാം ഒരു നാൾ നിൻ മുന്നിലവൾ
ഏതു രൂപത്തിലും, ഭാവത്തിലുമീയുലകത്തിൽ
തിരിച്ചറിയുകയവൾ തൻ തേജോരൂപത്തെ
നേടുക അവൾ തൻ സ്നേഹാനുഗ്രഹാശിസ്സുകളെ..

നേടിയില്ലാ അതൊന്നുമെങ്കിലും നേടായവൾ തൻ ശാപകോപങ്ങളെ
കാരണം,
അവൾക്കു മുന്നിൽ നിന്ന് ഞെളിയാനാളി ല്ലൊരുത്തരും
ത്രിമൂർത്തികൾ പോലും ,പിന്നെയോ പാവമീ കലിയുഗക്കോലങ്ങൾ!

10 comments:

  1. Thank you for your poem.

    I am posting a few KR^shNa prayers of mine published in Bhakta-PRiya and other magazines. Hope you, as a devotee of BhagavAn, will have some time to read them.

    കൃഷ്ണമുക്തകങ്ങൾ

    ഡി. കെ. എം. കർത്താ 

    കൃഷ്ണജാഗരം 

    നേരം ദിവ്യവിഭാതവേള, ഹരി  തൻ നിദ്രാടനം നിർത്തിയാ
    നീലക്കൺകൾ തുറന്നു, വീണ്ടുമലസം പൂട്ടീ, മയങ്ങീടുവാൻ;
    ദേഹം തെല്ലു തിരിഞ്ഞു, കൈകളരികിൽ തപ്പുന്നു, സ്വപ്നാലസം,
    വേണൂസ്പർശം, ഉടൻ സ്മിതോദയം !  ഇതാ ശ്രീകൃഷ്ണ സൂര്യോദയം !!!

    കൃഷ്ണാശനം

    മേൽപ്പത്തൂരരുളുന്ന ദിവ്യകവിതാക്ഷീരാന്നമല്ലോ ഭുജി-
    ച്ചീടുന്നൂ മൃദുഹാസമോടെ ഭഗവാൻ ശ്രീലപ്രഭാതങ്ങളിൽ ;
    പൂന്താനം മധുരം കലർത്തിയരുളും പാനപ്പയസ്സാഹരി ---
    ച്ചാണാക്കണ്ണൻ ഉറങ്ങിടുന്നതു നിശാകാലത്തു  നാൾതോറുമേ !!!

    കൃഷ്ണകേളി

    കേളിക്കൂത്തിലുലഞ്ഞഴിഞ്ഞു ചിതറും നീലച്ചുരുൾ കൂന്തലിൻ
    സ്വാച്ഛന്ദ്യത്തെയടക്കി നീലമയിലിൻ പീലിക്കിരീടത്തിനാൽ
    ചേലിൽപ്പിന്നെയുമമ്മ നീലയഴകിൻ സർവസ്സ്വമായ് മാറ്റവേ,
    ആശ്ലേഷത്തെയഴിച്ചു  ചാടിയകലും ലീലാവിലോലാ ! ജയ !!!

    കൃഷ്ണതീർത്ഥാടനം

    പൂജയ് ക്കായ് മഴ തോരവേ ഹരിയിതാ കേറുന്നു, ഗോപീഗണ --
    ത്തോടൊപ്പം തുളസീവനം വിടരുമാ ഗോവർദ്ധനത്തിൽ സ്വയം;
    നേരം സന്ധ്യ;  ചെരാതുകൾ തെളിയവേ,   പാടുന്നു തീർത്ഥാടകർ :---
    "മേഘത്തിന്നകിടുമ്മവെച്ച കുളിരാം ശൈലക്കിടാവേ  ജയ !

    കൃഷ്ണപ്രിയം 

    താനേ തന്നെ കൊഴിഞ്ഞ പീലിയിളകും പീഡം;  ദയാഭൂമിയിൽ ---
    ത്താനേ വീണു നിറന്ന ഗുഞ്ജമണികൾ കോർത്തുള്ള മാലാവ്രജം;   
    താനേ തന്നെ ചുരന്ന പാലുനിറയെപ്പാനം;  വസന്തത്തിലോ 
    താനേ വന്നു  ചുഴന്ന ഗോപവനിതാസഖ്യം മുരാരീപ്രിയം !!!
    [പീഡം =  ശിരോലങ്കാരം;  ഗുഞ്ജാ =  കുന്നിക്കുരു] 

    കൃഷ്ണോത്സവം 

    നീലം,  കൃഷ്ണ !  ചുരുണ്ട കൂന്തലി;  ലരക്കെട്ടിൽ തുകിൽത്തുണ്ടിലോ,
    പീതം; ചുണ്ടിലതീവ ശോണിമ;  ചിരിത്തെല്ലിൽ നിലാവിൻ നിറം; 
    മാറിൽ ചേർന്നൊരു  കുന്നിമാലയിലതിശ്യാമാരുണങ്ങൾ; ഭവ ---
    ദ്ദേഹത്തിൽ നിറമൊക്കെയൊത്തു കൊടിയേറുന്നുണ്ടു   വർണ്ണോത്സവം !!!  

    കൃഷ്ണദർശനം

    കാതിൽ സ്നേഹ രഹസ്യമന്ത്രമരുളും രാധാമുഖം; ചുണ്ടിലോ 
    നാദത്തിൻ പ്രണവം നുകർന്നു മൃദുവായ്  പാടുന്ന പുല്ലാംകുഴൽ;
    പീലിക്കൺകൾ നിറഞ്ഞൊരാ മുടിയിലോ നീലോജ്ജ്വലൽസൌഭഗം;
    മാറിൽപ്പൂവനമാല;  കൃഷ്ണഭഗവൻ !  തന്നാലുമീ  ദർശനം   !!

    ReplyDelete
  2. കൃഷ്ണാശരീരി 

    കണ്ണൻ പോയി മറഞ്ഞതെങ്ങു ? നിറയും കണ്ണോടെ കാളിന്ദി തൻ 
    മണ്ണിൽ തേടിയലഞ്ഞു കാലുകൾ തളിർ പോലാകെ വാടീടവേ;
    നെഞ്ചിൽ തേങ്ങലുയർന്ന രാധിക മുദാ  കേൾക്കുന്നു ഹൃത്തിൻ ഗുഹയ്-
    ക്കുള്ളിൽ നി "ന്നമലേ, നതാർത്തഹൃദയംതാനെന്നൊളിത്താവളം !!!”

    കൃഷ്ണജലദം

    മേഘത്തിൻ നീലവർണ്ണം ചുരുൾമുടി നിറയെച്ചൂടിനിൽക്കും മുരാരേ !
    മേഘം  പെയ്യുന്ന പോൽ നിൻ മുരളികയരുളീടുന്നിതാ രാഗവർഷം !
    *മേഘജ്യോതിസ്സുപോൽ നിൻ ചിരിയുടെ പരമോദാരമാം ഉർവ് വരത്വം 
    പേർത്തും പോക്കുന്നു വേഗം നമിതജനമനോഭൂമിതന്നൂഷരത്വം  !

    [*MEghasandESam/10]

    കൃഷ്ണബാഷ്പം

    "രാവെത്തീ ഹരികൃഷ്ണ ! നിർത്തുക കളിക്കൂത്തൊക്കെയും സത്വരം 
    മേലോക്കെക്കഴുകാം, വിളക്കു തെളിയിച്ചീടാം, തുടങ്ങാം ജപം;"
    ഈ വാക്കിൻ മുനയേറ്റു നീറി, യരുമക്കൂട്ടാളികൾ പോയ്   മറ----
    ഞ്ഞീടും കാഴ്ച നിനച്ചു കണ്ണനണിയും കണ്ണീർ തുടയ് ക്കാവു നാം !!






    കൃഷ്ണാഹ്വാനം

    കണ്ണാ ! നീ വരികെന്റെ ഹൃത്തി,  ലവിടം ഭാവസ്ഥിരം;  രാധികാ --
    നാമത്തിൻ  തുളസീശതം വളരുമാ ഭൂവിന്നു വൃന്ദാവനം ! 
    ഓടപ്പൊൻകുഴലിന്റെ ഗീതമവിടെക്കേൾക്കാവു നിത്യം ഹരേ ! 
    ഗോപസ്ത്രീജനനൂപുരദ്ധ്വനി ചുഴന്നീടാവു  നിൻ ഗീതിയെ  !!


    കൃഷ്ണദയ 

    ഗൌരോരസ്സിലെയംശുകം മുറുകിയാത്ത്വക്കിൽ  തുടുപ്പേറവേ,
    രാധയ് ക്കൊട്ടുളവായ നീറ്റലുടനേ പാടേ കുളിർപ്പിയ് ക്കുവാൻ
    ചാണക്കല്ലിലരച്ചു താമരയിലക്കിണ്ണത്തിൽ  മാലേയമോ ----
    ടാലേപത്തിനു  തൂവലും കനിവുമായെത്തും ഹരേ,  പാഹി മാം !


    കൃഷ്ണനാമധേയം 

    മേഘം മൂടിയിരുണ്ടു നേരം;  ഇളകും മാർഗ്ഗപ്രദീപങ്ങളിൽ 
    സ്നേഹം വറ്റി;  യണഞ്ഞു കാറ്റിലകലെ  സ്തംഭത്തിലെദ്ദീപവും; 
    പേടിപ്പാന്പുകൾ കാലിലേറിയിഴയുന്പോഴെൻ ഹരേ ! നിന്റെയാ---
    പ്പേരെൻ നാവിൽ നിറച്ചു പോംവഴിയകക്കണ്ണിൽ തെളിച്ചീടണേ !!!


    കൃഷ്ണമഞ്ജീരം

    കൈലാസേശ്വരവാദിതം  ഡമരുവിൻ ഗംഭീര നാദങ്ങളും 
    വാഗ് ദേവീധൃതവല്ലകീ വിരചിതം രാഗങ്ങളും, ശ്രീഹരേ !
    യാഗത്തിൽ വരസാമവേദിയരുളും മന്ത്രങ്ങളും കേൾക്കുവേൻ
    കേളീലോലത നിന്റെ കാൽത്തളകളിൽ ചേർക്കുന്ന ഗീതങ്ങളിൽ !! 


    കൃഷ്ണതത്വമസി

    പിന്നിൽക്കൂടിയണഞ്ഞു കൃഷ്ണമിഴികൾ പൊത്തുന്നു രാസേശ്വരീ --
    ഹസ്തങ്ങൾ ; സ്വരമൊട്ടു  മാറ്റി ഹരിയോടാരാഞ്ഞു തന്വങ്ഗിയാൾ :---
    "കൺകൾപൊത്തുവതാര്, നീ പറയുമോ? കാണട്ടെ നിൻ ചാതുരി!"
    ചന്ദ്രൻ ചന്ദ്രിക തന്നെയെന്നറിയുവോൻ ചൊല്ലുന്നു:-- " നീയെന്ന ഞാൻ !”



    കൃഷ്ണവംശി

    കാളിന്ദിക്കടവിൽ ഘടം നിറയുവാൻ വെള്ളത്തിലാഴ് ത്തീടവേ,
    കേൾപ്പൂ നാഥ ! തവാർദ്ര രാഗമധുരം വേണൂരവം ദൂരെ ഞാൻ;
    വായ്  പൊത്തീട്ടു കുടത്തെ മൂകമുഖയായ് മാറ്റുന്നു ഞാ;  നെങ്കിലും
    രാഗം, കൃഷ്ണ ! മുഴക്കിടുന്നു മമഹൃദ് കുംഭത്തെയുച്ചൈസ്തരം   !


    കൃഷ്ണനിദ്ര 

    നീലക്കൺകളടഞ്ഞു, ചന്ദ്രവദനം കൂന്പുന്നു പൂപോൽ;   ഇടം--
    കൈയ് യിൽ വംശിക മെല്ലെയങ്ഗുലിയയഞ്ഞൂരുന്നു നിശ്ശബ്ദയായ്  !
    ശ്വാസം ദീർഘതരം; കിനാവിലിളകീടുന്നൂ മിഴിക്കോണുകൾ —
    ലോകം കാക്കുമഖണ്ഡമന്ദഹസിതം മാത്രം നിരന്തം, ചിരം  !!! 


    ReplyDelete
  3. കൃഷ്ണകൈതവം

    "അമ്മേ, എൻപ്രിയവേണുവിൽ വരളലേറീടുന്നു ശീതത്തിനാൽ--
    ത്തന്നാലും പുതുവെണ്ണ നീണ്ട കുഴലിന്നുള്ളിൽപ്പുരട്ടീടുവാൻ!"
    എന്നീയർത്ഥനയോതി വെണ്ണയുരുളക്കിണ്ണം യശോദാംബയിൽ
    നിന്നാർജിച്ചു മരങ്ങൾ തീർത്ത മറവിൽ മായും മുരാരേ! ജയ!


    കൃഷ്ണവിവർത്തം

    ഒറ്റത്തന്ത്രിയണിഞ്ഞ തംബുരു വലംകൈയാലെ മീട്ടി, പ്പുറ--
    ക്കണ്ണില്ലാത്തൊരു സൂരദാസനരുളാൽ ചെയ് യുന്നു കൃഷ്ണാർച്ചനം;
    മുന്നിൽപ്പുല്ലിലിരുന്നു നീലമിഴിയാൽ നോക്കിസ്മിതം തൂകിടും
    കണ്ണൻ വാങ് മയനായി മാറിയുണരുന്നാ ശുദ്ധസങ് ഗീതിയിൽ !

    കൃഷ്ണസമാഗമം

    അങ്ങേകുന്ന പുനസ്സമാഗമസുഖം നെഞ്ചിൽത്തുടിയ് ക്കുന്പൊഴാ--
    ണെന്നിൽബ്ബോധമുദിപ്പ; തത്ഭുതമയം ഭാവൽക്കലീലാശതം!
    കയ് പെന്തെന്നറിയാതെയെങ്ങിനെയിവന്നാകും സ്വദിയ് ക്കാൻ മധൂ--
    നിഷ്യന്ദം ? വിരഹങ്ങളും തവദയാദാനപ്രകർഷം ഹരേ !

    കൃഷ്ണരഹസ്യം

    പത്രച്ചാർത്തിനിടയ് ക്കുകൂടിയൊളിവിൽക്കാണുന്നു ശ്രീരാധ നീൾ-
    ക്കണ്ണൻ മാല കൊരുക്കുവാൻ മലരുകൾ നുള്ളാതെ നേടുംവിധം---
    വൃക്ഷം വന്യസുമപ്രിയന്റെ മിഴികൾ കണ്ടുള്ളിലൻപാർന്നുടൻ
    മെയ് യിൽ നീളെ വിടർന്ന സൂക്ഷ്മപുളകം പെയ് യുന്നു പൂമാരിയായ് !


    കൃഷ്ണ വർഷം

    മേഘം കൃഷ്ണദയാഘനം; മഴ സുഖം പൂശുന്ന കൃഷ്ണാങ് ഗുലീ--
    ലേപം; കാറ്റിലണഞ്ഞ നേർത്ത കുളിരോ കണ്ണന്റെയാലിങ് ഗനം ;
    പേർത്തും പേർത്തുമുദിച്ച മിന്നലഴകിൽപ്പേറുന്നു കൃഷ്ണാധര--
    സ്മേരൌജ്ജ്വല്യം; അഖണ്ഡവർഷമഖിലം കൃഷ്ണന്റെ രൂപാന്തരം !!


    കൃഷ്ണമയം

    കാണുന്നില്ലൊരിടത്തുമങ്ങയെയൊഴിച്ചൊന്നും, ഹരേ, സർവദാ
    കേൾക്കുന്നില്ലൊരു നാദവും തവ മഹാനാമങ്ങളല്ലാതെ ഞാൻ;
    മൂക്കിൽ വന്നു നിറഞ്ഞ സൗരഭസുഖം ഭാവൽക്കവക്ഷസ്സിലെ--
    പ്പൂമാലക്കുളിരിൽക്കുളിച്ച തുളസീനിശ്വാസസൌഗന്ധികം.


    കൃഷ്ണപാദരേണു

    ഗോധൂളീശുഭഗന്ധം; ഉർവരമഹീസൌരഭ്യം ഉന്മേഷദം;
    കാടിൻ പൂമണം; ആർദ്രവന്യതുളസീഗന്ധം പരാഗാത്മകം;
    കാളിന്ദീജലബിന്ദുവിൻ പരിമളം; സൌഗന്ധികം ധാതുജം --
    നാനാഗന്ധമിണങ്ങിയിങ്ങനെ ഹരീശ്രീപാദരേണുക്കളിൽ !


    കൃഷ്ണനൃത്യം

    വിഘ്നേശന്റെ മൃദംഗവാദനലയം ശ്രീരുദ്രവീണാസുധാ--
    സംപുഷ്ടം കരതാളവാദകഗുഹദ്ധ്വാനത്തൊടൊത്തീടവേ,
    ചിന്തിൽഗ്ഗൗരി നിറച്ചിടുന്നു രസമാം പീയൂഷ; മഗ്ഗീതിയെ--
    ക്കണ്ണൻ ചാക്ഷുഷയജ്ഞരൂപവതിയായ് ത്തീർക്കുന്നു രാധായുതൻ !!


    കൃഷ്ണപ്രത്യക്ഷം

    ക്ഷേത്രം നിന്റെ തികഞ്ഞ സന്നിധി, യിതാ ഭക്തന്റെ നെഞ്ചോ സദാ
    വേണൂനാദമൊഴുക്കി നീ നിറയുമാ വൃന്ദാവനം പാവനം;
    ദേഹം കൊണ്ടു മണത്തു തൊട്ടറിയുമിപ്പ്രത്യക്ഷ വിശ്വം, ഹരേ !
    പ്രേമത്തിന്റെ പുനീതസന്നിധി -- ഭവച്ചൈതന്യഗോവർദ്ധനം !!


    കൃഷ്ണദാനം

    തന്നൂ നീ, കൃഷ്ണ, ഹസ്തം കമലമുകുളമായ് ക്കൂന്പിടാൻ നിന്റെ മുന്നിൽ,—
    ത്തന്നൂ നീയുത്തമാങ് ഗം തിരുനടയിലിതാ സാദരം കുന്പിടാനും;
    തന്നൂ നീ നീണ്ട നാവൊന്നഭിധകളുണരും ഭക്തിയോടേ ജപിയ് ക്കാൻ,
    തന്നൂ നീ മർത്ത്യപാദം ഖലകലിയിതിലും നിന്നെയോർത്തേ നടക്കാൻ.


    കൃഷ്ണലയം

    ശിഷ്ടന്മാർക്കു മനംമറന്നു വിനതീവൃന്ദാവനത്തിൽസ്സദാ
    നൃത്തം ചെയ് യുവതിന്നു ചോദനതരും താളം വിരൽത്തുന്പിലും,
    ദുഷ്ടന്മാരിലഹന്തയേറി ഗരളം തുപ്പുന്ന വൻപത്തിയെ--
    ത്താഴ് ത്തിയ് ക്കും ലയമാപ്പദത്തിലുമെഴും കൃഷ്ണാ കനിഞ്ഞീടണേ !!


    കൃഷ്ണരജനി

    കൃഷ്ണാ തൽപ്പം വിരിച്ചൂ മൃദുലത നിറയും മാതൃഹസ്തങ്ങ, ളൻപാൽ--
    ച്ചെന്നാലും നീയുറങ്ങാൻ; വെടിയുക കളിതൻ കോപ്പുകൾ സ്വൽപ്പനേരം;
    വംശം വെയ് ക്കേണ്ട താഴെ; ക്കിളിയുടെ കഥയാണമ്മ പാടുന്ന; തിന്നാ--
    പ്പക്ഷിയ് ക്കാദ്യത്തിലാവാം അനുകൃതി കുഴലാൽത്താവകം സ്വൽപ്പ്പനേരം!!


    കൃഷ്ണവത്സം

    കൃഷ്ണൻ ഗോഷ് ഠമണഞ്ഞു ഗോക്കളെയിതാ പാട്ടാൽ കുളിർപ്പിയ് ക്കുവാൻ
    ചൊല്ലും ഗാഥകൾ കേട്ടു ഗോഗണമുടൻ കൂർപ്പിപ്പു കർണ്ണങ്ങളെ;
    സന്ധ്യയ് ക്കുള്ള സമൃദ്ധദോഹനമതിൽപ്പാലൊക്കെയർപ്പിച്ച ഗോ--
    വൃന്ദം സ്തന്യമുറന്നു നിൽപ്പൂ — ഹരിയാ രാവിൽ സ്വവത്സോപമം !!


    കൃഷ്ണവിരഹം

    കാളിന്ദീപുളിനം വെടിഞ്ഞു ഹരിയും ഗോപാലഗോവൃന്ദവും
    കാടിൻ പുൽമട തേടവേ പുഴയിതാ കേഴുന്നു നക്തന്ദിനം;
    കാറ്റോ നിശ്ചല; മിന്നു പൂവുകൊഴിയും നീലക്കടന്പിൻ മരം
    വാടി, ക്കണ്ണു നിറഞ്ഞ പോലെയരികിൽ നിൽക്കുന്നു നിസ്തബ്ധയായ് !!


    കൃഷ്ണാമന്ത്രണം

    കൂട്ടം തെറ്റിയലഞ്ഞു നീലമലയിൽപ്പേടിച്ച വത്സം; കൊടും--
    കാട്ടിൽപ്പോംവഴി മുട്ടിയോ ? മുരളുമാ സിംഹം വിദൂരത്തിലോ ?
    ചിത്തം ഞെട്ടിവിറച്ചു തൊണ്ട വരളും നേരത്തു കേൾക്കുന്നിതാ
    ശബ്ദം -- വേണുവിലൂതി മാർഗ്ഗമറിയിച്ചീടുന്ന കൃഷ്ണസ്വനം !


    ReplyDelete
  4. കൃഷ്ണരൂപം

    തൂവെണ്ണക്കൊതി നെഞ്ചിലും, വനജമാം പൂന്തേൻമണം ചുണ്ടിലും,
    കാടിൻ കാരുണിയായ നീലമയിലിൻ പിഞ് ഛം മുടിക്കെട്ടിലും,
    കാലിക്കോലു കരത്തിലും, മിഴിയിലോ ഗോരക്ഷണൌത്സുക്യവും
    പേറിക്കണ്ണനിതാ വരുന്നു ചിതിയിൽക്കാരുണ്യനൃത്തത്തിനായ് !!


    കൃഷ്ണസ്മിതം

    മേലോക്കെച്ചളിയുണ്ട് , നീണ്ടു ചുരുളും കേശത്തിലാകെപ്പര--
    ന്നീടുന്നുണ്ട് പരാഗരേണുപടലം കാടിന്റെ കൈനീട്ടമായ്;
    ഗോധൂളീനിചയം പൊതിഞ്ഞു തുകിലിൻ പൊന്നിൻ നിറം മങ്ങിയെ--
    ന്നാലും വെള്ളിനിലാവു പോലെ തെളിയുന്നുണ്ടിന്നു കൃഷ്ണസ്മിതം !!


    കൃഷ്ണചന്ദ്രിക

    പൂർണ്ണം ദീനതയാൽ മമാർത്തഹൃദയാകാശം ഹരേ, താരകാ--
    ശൂന്യം താമസരാത്രിയെന്റെ പകലിൻ നീളം കുറച്ചീടവേ ;
    ധൂമം മാത്രമുറന്ന ദീപിക മുറിക്കോണിൽക്കെടുന്നൂ; ത്വരാ--
    പൂർവം നിൻ തിരുനാമമുള്ളിലുദയം ചെയ് യാവു സോമോപമം !!



    കൃഷ്ണനടനം

    കൈലാസോജ്ജ്വലരങ്ഗവേദികയിതാ പെട്ടെന്നു ശൂന്യം; ഹരൻ
    ഗൌരീദേവിയൊടൊത്തു നന്ദിയുടെമേൽക്കേറുന്നു, പായുന്നിതാ !
    നാട്യത്തിൻ പ്രഥമപ്രയോക്തൃമിഥുനം ചെല്ലുന്നു വൃന്ദാവന-
    ക്കാവിൽക്കാണുവതിന്നു രാധ ഹരിയൊത്താടുന്ന രാസോത്സവം !


    കൃഷ്ണപ്രത്യഭിജ്ഞ

    പേരില്ലാത്തൊരു ധേനുവില്ല ഹരിതൻ ഗോവ്യൂഹമധ്യത്തി; ലാ
    സ്നേഹാത്മാവു തിരിച്ചറിഞ്ഞ മുഖമേയുള്ളൂ ത്രിലോകങ്ങളിൽ;
    ചേലാർന്നോരഭിധാനമാ സഹൃദയൻ നൽകാത്ത പൂവില്ലയാ
    ദേവാശിസ്സു പരത്തി മുറ്റിവളരും വൃന്ദാവനാന്തത്തിലും !!


    കൃഷ്ണസ്വരം

    സ്വർണ്ണംകൊണ്ടു പണിഞ്ഞ മഞ്ജുളമണീവൃന്ദം കിലുങ്ങുന്നതോ
    കൊന്പിൽ മാന്പഴമഞ്ഞ കണ്ട കുയിലിന്നത്യാശ കൂകുന്നതോ
    തിങ്ങും കാട്ടിലുറന്ന ചോല ശിലയിൽത്തട്ടിക്കിണുങ്ങുന്നതോ
    അങ് കത്തിൽ ഹരി കൊഞ്ചിടുന്ന മൊഴിയിൽക്കേൾക്കുന്നു നന്ദൻ മുദാ ?


    കൃഷ്ണമല്ലൻ

    ഗോവിന്നങ് ഗുലികൊണ്ടു ലാളന; മിതാ ഭക്തർക്കു നാമാക്ഷര--
    ത്തേനിൻ മാധുരി; ദേവകിയ് ക്കു മനസാ പുഷ്പങ്ങളാലർച്ചനം;
    രാധയ് ക്കോ പരിരംഭനിർവൃതി; ഹരേ ! ദാനോത്സുകൻ നീ ഹലിയ്--
    ക്കേകുന്നൂ ജയമിന്നു മല്ലി; ലനുജൻ തോൽക്കുന്നതെന്നും ചിതം !!


    കൃഷ്ണമഹിമ

    പേരാൽ ഭക്തഹൃദന്തദു:ഖഹരണം, നോക്കാലമർത്ത്യാവനം;
    വാക്കാലർജ്ജുനശോകരോഗശമനം; നിത്യാഭയം മുദ്രയാൽ ;
    ഊത്താൽഗ്ഗോഗണരക്ഷണം; വിരലിനാൽഗ്ഗോവർദ്ധനോദ്ധാരണം;
    തീരില്ലിങ്ങനെ ചൊല്ലുകിൽ ഹരിദയാദൃഷ്ടാന്തസാഹസ്രകം !!

    കൃഷ്ണപ്രഭ

    സ്വന്തം പേരിലിണക്കി സർവഗുരുവാം കണ്ണൻ സ്വചൈതന്യവും
    വിശ്വം കൈപ്പു പകർന്നിടുന്പൊഴെതിരായൂറുന്ന മാധുര്യവും
    ചുറ്റും ദുർഭഗരാത്രി ചൂഴ്ന്ന കലിയിൽ വെട്ടിത്തിളങ്ങുന്നതാം
    ചന്ദ്രജ്യോതിയു -- മെന്തൊരത്ഭുതമയം നാമപ്രഭാമണ്ഡലം !!!


    ReplyDelete
  5. കൃഷ്ണശങ്ഖം

    ശ്രീകൃഷ്ണൻ പാഞ്ചജന്യം തിരുപകലറുതിക്കാലമാകുന്പൊഴൂതു--
    ന്നേരത്താക്കൌരവർക്കോ ഭയശതശരമേറ്റാധിയേറ്റം വളർന്നൂ !!
    ശാന്തത്തിൻ പുഷ്പവർഷം വിദുരരിലകമേ പെയ്തു, ശങ്ഖസ്വനത്താൽ--
    പ്പാർത്ഥന്നോ നെഞ്ചിലുണ്ടായതുലസുഖദമാം വീരമിശ്രപ്രഹർഷം !!


    കൃഷ്ണതീർത്ഥം

    ഞാനും നീയും അഭേദ്യരെന്നു പറയുന്നുണ്ടാത്മവിജ്ഞാനമാം
    മാർഗ്ഗത്തിന്നതിദുർഗ്ഗമത്വമെളുതായ് ത്താണ്ടുന്നൊരദ്വൈതികൾ;
    നാലിന്നപ്പുറമല്ലി പഞ്ചമമതാം ദിവ്യം പുമർത്ഥം, ഹരേ ?
    ഞാനാ ഭക്തിസുഖം തിരഞ്ഞു മുഴുകും നിൻ നാമതീർത്ഥങ്ങളിൽ !!


    കൃഷ്ണഗൂഹനം

    കണ്ണീരിന്റെ കണങ്ങളിൽക്കുതിരുമാ ഗണ്ഡങ്ങളോടിന്നൊരാൾ
    ചെന്നീടുന്നു സമാഗമസ്ഥലികളിൽ നിന്നെത്തിരഞ്ഞീടുവാൻ;
    കണ്ടീലാ വിരഹാർത്ത രാധ ദയതൻ നോട്ടം, ഹരേ, നിൻ കൃപാ--
    നിർല്ലീനം മൃദുഹാസ; മേതു മറയത്താണിന്നു നിൻ ഗൂഹനം ?


    കൃഷ്ണവിഭു - 1

    കാട്ടിൽ നീ നരസിംഹമൂർത്തി, കടലിൽ ലക്ഷ്മീവരാഹം, സദാ
    പോക്കിൽ വാമനമൂർത്തി, വന്മലകളിൽ ശ്രീരാമചന്ദ്രൻ, ഹരേ !
    പോരിൽ ചക്രധരൻ; മരുന്നുകളശിയ് ക്കുന്പോൾ മഹാവിഷ്ണുവാ --
    യാപത്തിൽ മധുസൂദനൻ -- സ്ഥിതനിതാ നീയെങ്ങുമെല്ലായ് പ്പൊഴും !!


    കൃഷ്ണവിഭു - 2

    ഉണ്ണുന്പോഴരികിൽജ്ജനാർദ്ദനനിതാ നിൽക്കു, ന്നുറങ്ങുന്പൊഴോ
    പത്മം നാഭിയിലുള്ള ദേവനുമിവന്നേകുന്നു സംരക്ഷണം;
    എന്നും കാണ്മു വിവാഹവേദികകളിൽ ശ്രീലപ്രജാനാഥനായ്--
    ക്കണ്ണൻ ദു:ഖദമായ സ്വപ്നസമയത്തെത്തുന്നു ഗോവിന്ദനായ് !!


    കൃഷ്ണവിഭു -- 3

    നീ വന്നിങ്ങു ത്രിവിക്രമന്റെ വടിവിൽദ്ദു:ഖപ്രവാസങ്ങളിൽ;
    നീ വന്നൂ ജലശായിയായ് ത്തുടരെ വൻ തീ കാട്ടിലാളീടവേ;
    നീ വന്നിങ്ങു തുണച്ചു ശ്രീധര ! സുഹൃത്സങ് ഗങ്ങളിൽ! മാധവാ !
    നീ തന്നൂ വിജയം പരാർത്ഥകൃതമാം കർമ്മത്തിലെന്നും വിഭോ !
    [വിഭു = സർവവ്യാപി]


    ReplyDelete
  6. കൃഷ്ണാഷ്ടമി

    ഇന്നാണഷ്ടമി; യിന്നു ചന്ദ്രഹൃദയം ചേരുന്നു ശ്രീരോഹിണീ--
    കന്യാചേതനയോടു; ഭൂമി പുളകംകൊള്ളുന്നു പുഷ്പങ്ങളാൽ !
    ഇന്നാണച്യുത, പുണ്യപൂർണ്ണദിവസം ! നിൻ നാമകാളിന്ദിയിൽ--
    ചെന്നാമഗ്നത നേടുവാനിവനു നിന്നാശിസ്സു തന്നീടണേ !!


    കൃഷ്ണകേശം

    ആരേ ശ്രീമദ് യശോദാസുതഘനചികുരം കോതി മന്ദാരമാലാ--
    സൌരഭ്യംചേർത്തു കെട്ടിക്കിസലയകുസുമശ്രേണി ചൂടിച്ചു വീണ്ടും?
    ആരേ മായൂരപിഞ്ഛം നിറുകയിലണിയിച്ചെത്രനേരം സലീലം
    സൌന്ദര്യം നോക്കിനിന്നൂ, പരമരസികയാ രാധികയ് ക്കെൻ പ്രണാമം !!


    കൃഷ്ണകരുണ

    വ്യോമം, വായു, ഹുതാശനൻ, ജലഗണം, പൃഥ്വീതലം, എന്നിവ--
    യ് ക്കാകുന്നൂ ഹരിതന്നപാരദയയെപ്പ്രത്യക്ഷമാക്കീടുവാൻ !!
    ഗോക്കൾ; മക്ഷിക, യാർദ്രസസ്യഗണവും, വൃക്ഷങ്ങളും ജീവനായ്
    രൂപംകൊണ്ട മുരാരിതന്റെ കരുണാവൈപുല്യ---മത്യത്ഭുതം !!

    കൃഷ്ണഭാഷ

    പേരാണോ നീ വിളിച്ചൂ, ശുഭകര, മുരളീവാദ്യഗാനത്തിലൂടെ?---
    പ്പാഞ്ഞീ വത്സം വരുന്നൂ, ഉടനടിയശനം നിർത്തി നിൻ നേർക്കമന്ദം !
    നാദത്താലാരചിയ് ക്കും ഭണിതിയുമമലം വൈഖരിയ് ക്കൊപ്പമർത്ഥം
    ദ്യോതിപ്പിച്ചോ ? പരാവാങ് മയ ! സ്വരകുശലൻ നീ ഹരേ, ബ്രഹ്മതത്വം !!


    കൃഷ്ണസമ്മാനം

    കണ്ണാൽക്കാണുക വയ് യ കൃഷ്ണഭഗവൻ ! നിന്നത്ഭുതാകാര, മീ---
    യെങ്ങൾക്കില്ല മഹർഷിമാർക്കു വശമാം ദൃഷ്ടീവിശേഷം, വരം!
    എങ്കിൽക്കൂടിയിവന്നുപോലുമെളുതായ് സ്സാധിപ്പു കേട്ടീടുവാൻ
    ഇന്നും നിന്റെ കഥാശതങ്ങളമൃതവ്യാസസ്വരത്തിൽ, ഹരേ !


    കൃഷ്ണമൌനം

    വാത്സല്യത്തിന്റെ സത്തായ് വ്രജജനപദമാം ഭൌമവൈകുണ്ഠമുറ്റ---
    ത്താടിപ്പാടിക്കളിച്ചും ചിരിയുടെ സുമജം തൂകിയും നീ നടന്നൂ;
    വൈരാഗ്യത്തിന്റെ സത്തായ് ഹരി വിഷമദിരാകേളിയിൽ വൃഷ്ണിവംശം
    നാശത്തിന്നന്നൊരുങ്ങുന്പൊഴുതതു മമതാഹീനനായ് നോക്കിനിന്നൂ !


    കൃഷ്ണോത്സാഹം

    അങ് കത്തിൽ നീയിരിയ് ക്കെ, ക്കുസൃതികൾ മുഴുവൻ കണ്ടു പൊട്ടിച്ചിരിച്ചും,
    കുഞ്ഞിക്കൈയാൽത്തരും നൽപ്രഹരണപുളകംകൊണ്ടു കോരിത്തരിച്ചും,
    ചിന്തിയ് ക്കുന്നേൻ:-- പ്രപഞ്ചം മുഴുവനുമൊരിളംപൈതലാണെന്നപോൽത്ത--
    ന്നങ് കത്തിൽച്ചേർത്തിടുന്നോൻ പരമകുതുകിയാണെന്മടിത്തട്ടിലെത്താൻ !!


    കൃഷ്ണദൂതൻ

    കാറ്റെത്തുന്നു പഴുത്ത മാന്പഴമണം കാടിന്റെ സന്ദേശമായ്--
    പ്പേറിക്കണ്ണനുറങ്ങിടുന്നൊരറയിൽ നിശ്ശബ്ദനായിട്ടിതാ !
    ദേഹത്തിൻ വനമാല്യഗന്ധ, മമലം മാലേയസൌരഭ്യവും
    പേറിദ്ദേവകിതന്റെ ഗേഹമണയാൻ വെന്പുന്നു ദൂതാനിലൻ !!



    കൃഷ്ണോഷസ്സ്

    ഗോപീശ്രേണി പണിപ്പെടുന്നു ഹരിയെപ്പാട്ടാൽ, വളക്കൈയിലെ--
    ക്ക്വാണത്താൽ, മൃദുവായ് മൊഴിഞ്ഞ പുകളിൻ ചിന്താലുണർത്തീടുവാൻ;
    കാളിന്ദീജലവീചി പാടി:-- "ഉണരൂ !" -- സർവം വൃഥാവിൽ, ദ്ദധീ--
    പാത്രത്തിൽ കടകോലു തട്ടുമൊലിയേ കണ്ണന്നുഷ:ചിഹ്നകം!!


    കൃഷ്ണഗോപൻ

    കാലിക്കോലുപയോഗശൂന്യ; മതിനെക്കാളെത്ര സാഫല്യമാ-
    ണേകുന്നൂ ഹരി പേറിടുന്ന മുരളീനാളം ജഗന്മോഹനം !
    കാളക്കൂറ്റനിതാ മെരുങ്ങി വരിയിൽപ്പിൻഗാമിയാകുന്നു, തേ-
    നൂറും രാഗരസം വിഷാണധരനെക്കുഞ്ഞാടുപോലാക്കവേ !!


    ReplyDelete
  7. കൃഷ്ണവിഭാതം

    ഉണ്ണീ കണ്ണുതുറക്കു ! നീലയമുനാസമ്മാനമാകും കുളിർ--
    ത്തെന്നൽ വാതിലിൽ മുട്ടിടുന്നു തുളസീഗന്ധത്തൊടൊപ്പം, ഹരേ !
    സ്വപ്നം തീർന്നുണരും മനോജ്ഞമുഖമാം പൂവൊന്നു കാണാനിതാ
    ബദ്ധപ്പെട്ടകറുന്നു ഗോക്കൾ കറവക്കർമ്മം കഴിഞ്ഞീടവേ.


    കൃഷ്ണദൃശ്യം

    കണ്ണിൽ മിന്നുവതൊറ്റ ദൃശ്യം :-- അഴകിൽക്കൂന്പുന്ന നീൾക്കണ്ണുകൾ,
    ചുണ്ടിൽച്ചേർന്നു മുഴങ്ങിടുന്ന മുരളീനാളം സുവർണ്ണോപമം;
    നെഞ്ചിൽത്തൂങ്ങി ലസിച്ചിടുന്ന വനികാമാല്യം, മുരാരേ, ഭവാ--
    നുള്ളിൽനിന്നരുളുന്ന സാന്ത്വനമഹാമന്ത്രം പരാവാങ്മയം !!


    കൃഷ്ണസാത്വികം

    ധർമ്മാധർമ്മവിവേകമില്ല, ഭഗവൻ, ഞങ്ങൾക്കു ഗീതാമൃതം
    നന്നായിട്ടു ഗ്രഹിയ് ക്കുവാനുമെളുത; ല്ലാ വാണി യോഗാത്മകം !
    തന്നാലും തവപുണ്യനാമജപമാം കർമ്മത്തിലേർപ്പെട്ടൊരീ
    നിൻദ്ദാസർക്കതിലൂടെ സാത്വികഗുണശ്രീയ് ക്കിന്നു സംവർദ്ധനം !!


    കൃഷ്ണനിധി

    പേർത്തും സാന്ത്വനമേകി പണ്ടു പൃഥതൻ ദു:ഖത്തിലൻപാർന്നു നീ;
    ധൈര്യം പാർത്ഥനുമേകിയാ ഭയജമാം മൌഢ്യം നശിച്ചീടുവാൻ;
    പ്രേമം ഗോപികമാർക്കു നല്കി വിരഹച്ചൂടിൽ മഴപ്പെയ് ത്തുപോൽ -----
    രൈക്ത്യം നിന്റെ നിധിക്കുടത്തിനു തുലോമജ്ഞാതമല്ലോ, ഹരേ !!


    കൃഷ്ണനാമം

    ഞാനിക്കണ്ണിലുറന്ന നീരു തടയാതൊട്ടും തുടയ് ക്കാതിതാ
    ധ്യാനിയ് ക്കുന്നു, ഹരേ, മനസ്സിലവിടുന്നേകുന്ന മന്ദസ്മിതം;
    രോഗത്തിന്റെ കടുത്ത വേദനകളിൽ നാമം ജപിച്ചൌഷധ--
    ക്കൂട്ടിൻ ശക്തി പെരുക്കി രോഗശമനം തേടുന്നു, നേടുന്നു ഞാൻ !!


    കൃഷ്ണമമത

    പൂവിൻ പുണ്യം തികഞ്ഞൂ, ഹരിയുടെ തുളസീഗന്ധമോലുന്ന നെഞ്ചിൽ--
    ച്ചേരാൻ ഭാഗ്യം തെളിഞ്ഞൂ, വനലത പുളകം കൊണ്ടു കണ്ണീരണിഞ്ഞൂ;
    നാവേ, നാമം ജപിയ് ക്കൂ, ഹരിയുടെ മമതാബന്ധമിന്നാഗ്രഹിച്ചാ--
    പ്പേരിൻ തീർത്ഥം കഴിയ് ക്കൂ, ഭയശതസകലം നിഗ്രഹിയ് ക്കൂ മനസ്സേ !!

    ReplyDelete
  8. കൃഷ്ണലാളനം

    കാട്ടിൽക്കായ് കനി തേടിവന്ന ഹരിണം കാണുന്നു പുൽമേട്ടില--
    ക്കാർവർണ്ണൻ കരലാളനം കിഴവിയാം ഗോവിന്നുമേകുന്നതായ് ;
    നോട്ടം കണ്ണനു പാലിലല്ല, തു ജഗജ്ജീവീഗണത്തിന്നക--
    ത്താത്മാവായി വിളങ്ങിടും പൊരുളിലേയ് ക്കെന്നും സുകേന്ദ്രീകൃതം !!


    കൃഷ്ണരക്ഷ

    "മേയാൻ ധേനുഗണത്തെവിട്ടു മലയിൽക്കണ്ണാ, നടക്കുന്പൊഴാ
    ധീയിൽപ്പേടി പതുങ്ങിയാൽ മടിവെടിഞ്ഞാ മാത്രയിൽത്തന്നെ നീ
    * “ശ്രീരാമന്റെ പദങ്ങളോർക്കുക !" -- പറഞ്ഞീടുന്നു നന്ദൻ; ചിരി--
    പ്പൂ തെല്ലൊന്നു വിടർന്നുവോ ഹരിമുഖത്താ വാക്കു കേട്ടപ്പൊഴേ ?
    [“പർവതേ രഘുനന്ദനം" -- സ്തോത്രമൊഴി]


    കൃഷ്ണഘ്രാണം

    ഗോമാതാക്കളടുത്തു കൂടി ഹരിയെഗ് ഘ്രാണിച്ചു നോക്കുന്നിതാ --
    മാലേയം പകരുന്ന തൂമണമതോ വൃന്ദാസുഗന്ധങ്ങളോ
    കൈതപ്പൂമണമോ കളിന്ദജ കനിഞ്ഞേകുന്ന ധാതുദ്രവ--
    ക്കൂട്ടോ വാസിതനാക്കിയുണ്ണിയെ; യതോ പൂർണ്ണാവതാരത്വമോ ?

    കൃഷ്ണസന്ധ്യ

    മുല്ലപ്പൂമണമെത്ര മെല്ലെയുയരുന്നാമട്ടിലാമന്ദമായ്
    അന്തിക്കുങ്കുമമിന്നു യാമുനതടം നീളെപ്പരന്നീടവേ,
    കണ്ണൻ വംശിയെടുത്തു നീണ്ട വിരലാലേകുന്നു സന്ധ്യോചിതം
    സ്പന്ദം രാഗതരങ് ഗിണിയ് ക്കു; വരുവിൻ, ധ്യാനത്തിനെല്ലാവരും!!


    കൃഷ്ണനൃത്യം

    ഉണ്ണിക്കണ്ണന്റെ നൃത്യം -- വ്രജകുലതനയാചിത്തചോരന്റെ ഹൃദ്യം
    യജ്ഞം -- കാണുന്നതിന്നായ് അഹമിഹമികയാലെത്തിപോൽദ്ദേവവൃന്ദം;
    ശങ് ഖം ഗോപാലകണ്ഠം മധുരതയൊഴുകുംവണ്ണമൂതുന്ന നേരം
    കണ്ണൻ രങ് ഗത്തുവന്നൂ, യവനിക പിറകിൽപ്പൂവനം വിന്യസിപ്പൂ !


    കൃഷ്ണരോഹിണി

    നിന്നെക്കാണാൻ വരുന്നൂ നവമധു, ഘൃതവും, നൽക്കരിന്പിന്റെ തണ്ടും
    പട്ടും പൂവും മരത്തിൽപ്പണിതൊരു ഗജവും പേറിയീ ഗോപഗോത്രം ;
    പന്തും പിന്നെക്കളിയ് ക്കാൻ യമുനയിലൊഴുകിത്തേഞ്ഞുരുണ്ടുള്ള കല്ലും
    കിട്ടുന്പോൾ പുഞ്ചിരിത്തേൻമലരുകൾ തരുമോ നീ പിറന്നാളിലുണ്ണീ ?


    കൃഷ്ണതത്വം

    ഗോപസ്ത്രീകളുറങ്ങിടുന്പൊഴുതൊരേ രൂപം കിനാവിൽസ്സദാ
    കാണ്മൂ; സൂരജതന്റെ വീചികളൊരേ നാമം ജപിപ്പൂ മുദാ;
    ഗോവൃന്ദങ്ങളൊരേ പരാഗസുരഭീഗന്ധം സ്മരിപ്പൂ സദാ;
    രാധാചിത്തമതേ മഹസ്സിലലിയാനെന്നും കൊതിപ്പൂ മുദാ.


    ReplyDelete
  9. കൃഷ്ണസന്നിധി

    വാത്സല്യം തനിയേ ചുരന്നൊഴുകിടും സർവസ്ഥലത്തും ഭവാൻ
    മൂർത്തീരൂപമെടുത്തു നിൽപ്പു കനിവായ്, ക്കണ്ണാ, നിരന്നെപ്പോഴും;
    ഗോശാലാഭുവി; യന്പലങ്ങളഗതിയ് ക്കന്നം വിളന്പുന്നിട, —
    ത്താരാദ്ധ്യൻ ഗുരു വിദ്യയേകിടുമിടത്തെല്ലാം ഭവത്സന്നിധി !!


    കൃഷ്ണമുരളി

    നിന്നിൽച്ചേർന്നെൻ മനസ്സാ മധുരിമപകരും വംശി തൻ താരനാദം
    തന്നെത്താൻ വിസ്മരിച്ചീപ്പുഴയുടെ കരയിൽക്കേട്ടിരുന്നൂ, മുരാരേ !
    എന്തെൻ പേ; രേതു നാടാ; ണിതു പനിമതിയോ ? രാത്രിയും വന്നുവോ ? നീ--
    യെന്നെപ്പാടേ മയക്കീ; യിനി മമ രജനീയാപനം നിന്റെ കാൽക്കൽ !!

    കൃഷ്ണസ്തംഭം

    സർവം ചഞ്ചലമാ; ണതീവ പരിണാമാവിഷ്ടമല്ലോ നരൻ
    സൃഷ്ടിയ് ക്കുന്നൊരവസ്ഥകൾ; പ്രകൃതിയും ചാപല്യമായാമയം !
    ചുറ്റുന്നൂ പരിവർത്തനച്ചുഴലിയിൽബ്ബോധം; ഹരേ, വീഴ്ച്ചയിൽ--
    ച്ചുണ്ടിൽനിന്നുയരുന്ന നിന്നഭിധയാണേകാവലംബോദ് ഗമം !


    കൃഷ്ണദാസി

    കാതോർക്കൂ, ഗോപതന്വീ, ഹരിയിത വരവായ് ക്കൈയിലുണ്ടത്യസങ് ഖ്യം
    പൂമൊട്ടും പൂർണ്ണപുഷ്പക്കുലകളും ഇലയും വട്ടിയിൽക്കണ്ടുവോ നീ ?
    മാലാകാരീ, തുടങ്ങാം പണി, ഹരിയണിയും ദാമവും രാസകേളീ--
    ലോലർക്കൊക്കെദ്ധരിയ് ക്കാൻ നിരവധി സുമഹാരങ്ങളും കോർത്തിടാം നാം !

    കൃഷ്ണപര്യടനം

    ഗോഷ്ഠത്തിന്നങ് കണങ്ങൾ വ്രജജനബഹുലം -- കണ്ണിനിന്നുത്സവം താ--
    നാദ്യത്തെപ്പിച്ചവെയ് പ്പിന്നമൃതസുഖരസം പെയ്തു നീങ്ങുന്നു കണ്ണൻ;
    വീഴുന്നൂ മുട്ടുകുത്തി, ദ്രുതതരമിഴയുന്നുണ്ടു പിന്നീടെണീറ്റാ--
    ക്കാലിന്മേൽ നിന്നു വീണ്ടും നടവരനടികൾ വെയ് ക്കുവാൻ നോക്കിടുന്നൂ !!






    കൃഷ്ണസൌരി

    കാളിന്ദിപ്പുഴ നിന്നെ നീരലകളാൽത്തൊട്ടിന്നു വാത്സല്യമാം
    പീയൂഷം നുകരുന്നു; തന്റെ ഗതിയും ദിക്കും മറക്കുന്നിതാ !!
    നീയോ തൻ ജലകേളിയെത്ര സമയം മുന്പേ തുടങ്ങീ ? യിതിൻ
    നേരാമുത്തരമോർത്തിടാത്ത ജലധീശയ് യാവിലോലൻ, ഹരേ !!

    ReplyDelete
  10. കൃഷ്ണനാകം

    തോഷാശ്രുക്കളൊഴുക്കിനിൽപ്പു ഭഗവൻ, ഞങ്ങൾ ഭവത്സന്നിധീ--
    നാകത്തിൽ; ത്തിരുനാമമോതിയഴലിന്നൂറ്റം കുറയ് ക്കുന്നിതാ !
    നാമം തീരെ മറക്കലാണു നരകം; നാകം ഭവന്നാമമാം
    നാദബ്രഹ്മലയശ്രുതീയമുനതന്നോളത്തിലാപ്ലാവനം !

    കൃഷ്ണദൃശ്യം

    ചുണ്ടിൽപ്പൊൻവേണുനാളം, ചുരുൾമുടിയഴകിൽച്ചേർന്ന മായൂരപിഞ് ച്ഛം;
    നെഞ്ചിൽ ശ്രീവത്സ, മെന്നും മിഴിയിണനിറയെസ്സൌമ്യകാരുണ്യപൂരം;
    ചൊല്ലിൽ സാരസ്യസാരം, കടിയുടെയഴകിൽപ്പീതവസ്ത്രം -- മുരാരേ !
    മന്നിൽ നമ്രന്റെയുള്ളിൽത്തികയുക പരമാനന്ദദം ദൃശ്യമായ് നീ !

    കൃഷ്ണാദ്വൈതം

    ഉണ്ണിക്കണ്ണന്റെ കണ്ണിൽക്കുസൃതിയുമഴകും യുഗ്മദീപം കൊളുത്തും--
    വണ്ണം കാലിയ് ക്കു കോലും കരമതിലിണയാം വേണുവും ചേർന്നിടുന്നൂ;
    ചുണ്ടിൽ പ്രേമാർദ്രഗാനത്തിരകളിലുയരുന്നുണ്ടു ഗീതാമൃതം കേ--
    ളുള്ളിൽ വാഴുന്ന കണ്ണന്നപരിചിതമതം തന്നെ വൈരുദ്ധ്യബോധം!

    കൃഷ്ണമൈത്രി

    ഉണ്ണാറില്ല പശുക്കിടാങ്ങളഖിലം പാലുണ്ടു വാലാട്ടിടും--
    മുൻപേയുണ്ണി; യുറങ്ങിടില്ലരുമകൾ നിദ്രാണരാകുംവരെ ;
    ഇല്ലാ കണ്ണനു ശാന്തി രോഗവതിയാം ഗോവിന്നു വീണ്ടും സുഖം
    കിട്ടീടുംവരെ; യാർദ്രചിത്തത ഭവദ് ഭാവം ഹരേ സൗഖ്യദം !




    കൃഷ്ണാശ്രയം

    വീണ്ടും വീണ്ടും ഭയത്തിൻ കയറുകളിറുകിക്കണ്ഠനാളത്തെയേറ്റം
    നോവിപ്പിയ് ക്കുന്നു, ശ്വാസം മൃതിയുടെ നടുവിൽപ്പെട്ടതിൻവണ്ണമായീ;
    നാമം ചൊല്ലുന്നു ഞാനീ രജനിയി; ലഭയം തേടി നിൻ കാൽക്കൽ വീണ--
    ക്കാരുണ്യത്തിന്റെ വൃന്ദാസുരഭികൾ മുകരാൻ നൽകണേ, കൃഷ്ണ, ഭാഗ്യം!

    കൃഷ്ണതീർത്ഥം

    പാഥേയം കൃഷ്ണനാമം; വഴിയുടെയരികിൽക്കണ്ട വൃക്ഷങ്ങളെല്ലാം
    പൂക്കും നീലക്കട; ന്പെൻ ചെവികളിൽ നിറയെദ്ധേനുനാദം മനോജ്ഞം;
    മൂക്കിൽത്തട്ടുന്നു വൃന്ദാവനതലസുരഭീവാതമിപ്പോൾ, ഹരേ, യെൻ
    തീർത്ഥം വ്യാസൻ രചിച്ചാ ശുകമുനിയരുളും വാങ് മയം മൂർത്തിയല്ലോ !

    കൃഷ്ണരാഗം

    "മേഘം" -- വേണുവിലൂതിയെത്ര ഗമകം ചേർത്താർദ്രമാക്കുന്നതാം
    രാഗം -- യാമുനതീരഭൂമി നിറയെപ്പെയ് യുന്നു, കേൾക്കൂ സഖീ!
    വ്യോമം കാർമ്മുകിലോടിയെത്തിയിരുളു; ന്നുണ്ടിന്നകാലത്തിലും
    താളം കേട്ടുതുടങ്ങി; മാന്ത്രികമിതും ശ്രീകൃഷ്ണവംശീകൃതം !

    കൃഷ്ണഭങ്ഗി

    മേഘം നിന്റെ നിറം കവർന്നു, കനിവിൻ മൂർത്തേ; നിലാവിൻ നിറം
    പാലിൽച്ചേർത്തു കവർന്നു നിന്റെ ചിരിയിൽനിന്നിന്നു കള്ളിപ്പശു !
    കാളിന്ദിപ്പുഴ നിന്റെ വാക്കിലുയരും ക്വാണം കവർന്നൂ തിര--
    ക്കൂത്തിൽച്ചേർത്തിടുവാ; നതൊക്കെയഴകിൻ മാറ്റിന്നു സംവർദ്ധനം !

    കൃഷ്ണബിഡാലി

    കുഞ്ഞിക്കണ്കളടച്ചു കണ്ണനരികത്തുച്ചയ് ക്കു ശേഷം മയ--
    ങ്ങുന്നെന്നൊട്ടുനിനച്ചു മാതൃമനവും നിദ്രാണമായീടവേ,
    വെണ്ണക്കട്ടകൊതിച്ചു കള്ളനുടനേ പൊങ്ങുന്നു, പക്ഷേ കുതി--
    ച്ചങ്ങെത്തുന്ന കൊതിച്ചിതന്റെ വിളിയായ് മാതാവിനുന്മീലകം !!

    ബിഡാലി = പെണ്പൂച്ച




    കൃഷ്ണനാമേന്ദു

    ഉണ്ണിക്കണ്ണനൊളിച്ചു പൊന്തമറവിൽസ്സത്യം മഹാലീലയിൽ--
    പ്പൊങ്ങും മായ പരത്തിടുന്ന പുകമഞ്ഞിന്നുള്ളിലാകുംവിധം;
    കണ്ണിൽ നീരു നിറഞ്ഞു ഗോപികയിതാ തേടുന്നു; പച്ചപ്പിലാ
    മഞ്ഞച്ചേല തെളിഞ്ഞു -- നെഞ്ചിലുദയം നാമേന്ദു ചെയ്തപ്പോഴേ !!

    കൃഷ്ണവൈഖരി

    മാതാവിന്റെ മടിത്തടത്തിലവിടുന്നാരാദ്ധ്യനായിക്കിട--
    ന്നാനന്ദാബ്ധിയിലാഴ് ത്തിടുന്നു നതരെക്കൊഞ്ചുന്ന വാക്കാലിതാ !
    പാർത്ഥൻതന്റെ രഥത്തടത്തിലവിടുന്നക്ഷോഭ്യനായിക്കിളർ--
    ന്നാ യോദ്ധാവിനു കർമ്മശക്തിപകരുന്നാമ്നായവാക്കാലതാ !

    ReplyDelete