Thursday, 10 July 2014


നല്ല സിനിമകൾ തിരഞ്ഞു കാണുന്ന സ്വഭാവമുള്ളതു കൊണ്ടാവാം ഇത്തവണയും എന്റെ പ്രതീക്ഷകൾ അസ്ഥാനത്തായില്ല;അഞ്ജലി മേനോൻ എന്ന മിടുമിടുക്കിയായ സംവിധായിക ഒരിക്കൽ കൂടി മലയാളികൾക്കായി ബാംഗ്ലൂരിൽ വച്ച് ഒരുക്കിയ നാലും വച്ച് പായസമടക്കമുള്ള മലയാളിസദ്യ അതിഗംഭീരമായിരിക്കുന്നു!!! അതിന്റെ രുചിവൈവിധ്യവും,നിറങ്ങളും,മണവും ഗുണവുമെല്ലാം ഇപ്പോഴും മനസ്സിനെ വല്ലാതെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നു.;വീണ്ടും കാണണമെന്ന ആഗ്രഹമുണ്ടാക്കുന്നു...

ഓരോ മലയാളിക്കും നേരിട്ടനനുഭവിക്കുവാൻ,സംവേദിക്കുവാൻ കഴിയുന്ന,അതിമനോഹരമായ, എന്നാൽ പുതുമയാർന്ന ഒരു കഥയും,അതിലെ ജീവസ്സുറ്റ,എന്നാൽ ഒരു പിടി രസികൻ കഥാപാത്രങ്ങളും,മലയാളിക്ക് മാത്രം മനസ്സിലാക്കുവാൻ കഴിയുന്ന ഒരു പിടി സ്വഭാവസവിശേഷതകളും,സാഹചര്യങ്ങളും, മലയാളിയുടെ മൂല്യബോധധാരണകളും,അന്ധവിശ്വാസങ്ങളും,അമിതമായ ഫാഷൻ ഭ്രമവും,വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹത്തിലെ നിരവധി പോരായ്മകളും,
ജീവിത യാഥാർത്യങ്ങളും, പ്രതിസന്ധികളും,അവയെ തരണം ചെയ്യുന്ന രീതിയും, എല്ലാം വളരെ യാഥാർത്യബോധത്തോടെ,ഒപ്പം നർമമുഹൂർത്തങ്ങളിലൂടെ.ഒക്കെ വേണ്ടിടത്ത് വേണ്ടപ്പോൾ എന്ന രീതിയിൽ ,കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ സംവിധായിക അതിഗംഭീരവിജയം തന്നെ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു!

മക്കളുടെ മേൽ തങ്ങളുടെ ആഗ്രഹങ്ങളുടെ ഭാരം കെട്ടി വച്ച് അവരെ അടിമകളാക്കി സ്വന്തം നഷ്ടസ്വപ്നങ്ങളെ അവരിലൂടെ നേടാൻ ശ്രമിക്കുന്ന മാതാപിതാക്കളും,വിദ്യാഭ്യാസത്തിൽ വളരെ ഉയർച്ചയുണ്ടായിട്ടും,ഇന്നും വിവാഹകാര്യത്തിൽ തന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും കല്പ്പിച്ചു കിട്ടാത്ത മലയാളിപെണ്‍കുട്ടിയും,അവളുടെ നഷ്ടമോഹങ്ങളും,എല്ലാ നിയമങ്ങളും,ഒതുക്കവും സ്ത്രീക്ക് മാത്രം ബാധകം എന്ന സമൂഹത്തിന്റെ അലിഖിത നിയമവും എല്ലാം നർമത്തിൽ ചാലിച്ച വേദനയായി വരച്ചു കാണിക്കുമ്പോൾ,ഒരു സ്ത്രീ സംവിധായികയായാൽ സ്ത്രീകളുടെ മനസ്സ് എത്ര മനോഹരമായി ചിത്രീകരിക്കുവാനാകുമെന്നു അഞ്ജലി നമുക്ക് കാണിച്ചു തരുന്നു...
ഒപ്പം , മാതാപിതാക്കളുടെ സ്നേഹത്തിലൂടെ,കരുതലിലൂടെ,നാളത്തെ അഭിമാനമാകേണ്ടിയിരുന്ന,പുതുതലമുറയെ ഒരു വിപ്ളവകാരിയാക്കി മാറ്റുന്നതിൽ,മറ്റുള്ളവരുടെ മുന്നിൽ ജീവിതം മുഴുവൻ അപമാനിതരാക്കുന്നതിൽ അവരുടെ,വഴക്കുകളും,ഈഗോ പ്രശ്നങ്ങളും,വിവാഹമോചനവും എത്ര മാത്രം പങ്കു വഹിക്കുന്നുവെന്നും സിനിമ കാണിച്ചു തരുന്നു.

കഥാപാത്രങ്ങൾക്കനുയോജ്യമായ ആളുകളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും,സാങ്കേതിക മികവിന്റെ കാര്യത്തിലായാലും,കൈയൊതുക്കത്തോടെ കഥ പറഞ്ഞു പോകുന്ന കാര്യത്തിലായാലും,ഒട്ടും മുഷിപ്പിക്കാത്ത, മനോഹരമായ സംവിധാനത്തിന്റെ കാര്യത്തിലായാലും ഒക്കെ ഈ സിനിമ തികച്ചും ഒരു "അഞ്ജലി മേനോൻ സിനിമ" തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.ചുരുക്കിപ്പറഞ്ഞാൽ മറ്റൊരു സ്ത്രീപ്രതിഭയെക്കൂടി നമ്മുടെ മലയാളത്തിനു സ്വന്തമായിക്കിട്ടി എന്ന് നമുക്ക് വീണ്ടും അഭിമാനിക്കാം.
എല്ലാവർക്കും ഇഷ്ടം പോലെ ചിരിക്കാനും ,ഒപ്പം
ചിന്തിക്കുവാനും,സമാനമായ ജീവിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനും,സ്വയം തിരുത്തുവാനുമൊക്കെയുള്ള ഒരുപാട് കാര്യങ്ങൾ ഈ കൊച്ചു സിനിമ പറഞ്ഞു വക്കുന്നു.

അത് കൊണ്ട് തന്നെ,എന്ത് കൊണ്ടും ഏത് തലമുറയിൽപ്പെട്ട മലയാളികൾക്കും മനസ്സിലാകുന്ന,ആസ്വദിക്കുവാൻ കഴിയുന്ന,ഒരുത്തമകുടുംബചിത്രം തന്നെയാണ് "Bangalore Days" എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഇതെല്ലാവരും തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്ന് പറഞ്ഞു കൊണ്ടും,എല്ലാവർക്കും ഒരു നല്ല "weekend"ആശംസിച്ചു കൊണ്ടും നിറുത്തുന്നു...

Bangalore Days ടീമിന് ഒരുപാട് നന്മകളും ആശംസകളും നേർന്നു കൊണ്ട് ...    

Maya Menon.

No comments:

Post a Comment