My new art work - " Kaalabhairavan"
"ഭക്തമാർക്കണ്ഡയനു വേണ്ടി കാലകാലനായ മഹാദേവൻ"
ഹര ഹര മഹാദേവ...
ഓം നമശിവായ:
ഇന്ന് പ്രദോഷദിനം..!!! ഇന്ന് ഞാൻ ഒരു പക്ഷെ ചിലർക്കെങ്കിലും അറിവുള്ളതാണെങ്കിലും ഒരു ശിവകഥ പറഞ്ഞു തരാം ...
ഒരിക്കൽ അതീവ ശിവഭക്തനായ മൃകന്ടു എന്ന് പേരുള്ള ജ്ഞാനിയായ ഒരു മുനിവര്യനും ,അദ്ദേഹത്തിന്റെ പത്നി മരുദ്വതിയും രാപകലെന്യേ, ശിവനാമകീർത്തനങ്ങളും,ശിവമഹിമാകഥനവുമായി കാലം കഴിച്ചു കൂട്ടിയിരുന്നു .എങ്കിലും അവരുടെ ഉള്ളിൽ സദാ തങ്ങളുടെ കാലശേഷം ഇത് കൊണ്ട് നടക്കുവാനും,തങ്ങൾക്കു അന്ത്യക്രിയകൾ ചെയ്യുവാനും സന്താനങ്ങളില്ലല്ലോയെന്ന ദുഃഖം അലതല്ലിയിരുന്നു.എങ്കിലും തങ്ങളുടെ ദുഃഖം പുറമേ കാണിക്കാതെ അവർ ശിവഭക്തിയിൽ മുഴുകി,ലോകത്തിൽ ശിവഭക്തി പ്രചരിപ്പിച്ചു കൊണ്ടിരുന്നു.അവസാനം കഠിനമായ വൃതങ്ങൾക്കും,പ്രാർഥനകൾക്കും ഒടുവിൽ അന്നൊരു പ്രദോഷദിവസം സാക്ഷാൽ ശ്രീപരമേശ്വരൻ ആ ദമ്പതികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു.
കഠിന തപസ്സിലായിരുന്ന ആ പാവം ദമ്പതികളോട് കണ്ണുകൾ തുറക്കുവാൻ പറഞ്ഞു സാക്ഷാൽ മുക്കണ്ണൻ.ആ പാവങ്ങൾ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച!!!അവരുടെ അത്രയും നാളത്തെ തപസ്യയുടെ ഉത്തരമായ മഹാദേവദർശനം എന്ന മഹാപുണ്യം!!! ഒരു നിമിഷം ഒന്ന് പകച്ച ആ സാധുക്കൾ "നാം നിങ്ങളുടെ കറയറ്റ ഭക്തിയിൽ അതീവ സന്തുഷ്ടരായിരിക്കുന്നു..ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക" എന്ന ഭഗവാന്റെ ചോദ്യത്തിന് മുൻപിൽ "അങ്ങയുടെ ദർശനം തന്നെയാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ പുണ്യം, എന്നിരുന്നാലും സാധു മനുഷ്യരും, ഇപ്പോഴും ഗൃഹസ്ഥാശ്രമികളുമായ ഞങ്ങൾക്ക് ,ഞങ്ങളുടെ കാലശേഷം ഉദകക്രിയകൾ (ശ്രാദ്ധം മുതലായ കർമങ്ങൾ) ചെയ്യുവാനും, ശിവഭക്തിപ്രചാരണം എന്ന ഞങ്ങളുടെ ജന്മകർമം തുടർന്നു കൊണ്ട് പോകാനും ഒരു സന്താനത്തെ കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.അതിനു അവിടുന്ന് കനിഞ്ഞനുഗ്രഹിക്കേണം" എന്ന് ശ്രീകൈലാസ നാഥനോട് അപേക്ഷിക്കുന്നു.ഉടനെ തന്നെ അല്പം കുസൃതിച്ചിരിയോടെ ഭഗവാൻ അവരോടു വീണ്ടും "നിങ്ങൾക്ക് ഞാൻ രണ്ടു തരം സന്താനങ്ങളെക്കുറിച്ച് വിവരിക്കാം.ഒന്ന് ,ശതായുസ്സായ അഥവാ നൂറു വർഷം വരെ ജീവിച്ചിരിക്കുന്ന- ഒന്നിനും കൊള്ളാത്തവരും, മന്ദബുദ്ധികളും,ദുഷ്ടരുമായ നൂറു പുത്രന്മാർ;
രണ്ടാമത്തേത്,സകലകലകളിലും ,ശാസ്ത്രങ്ങളിലും, എന്ന് വേണ്ട എല്ലാ രംഗങ്ങളിലും അതിസമർഥനും ,അതീവ ബുദ്ധിമാനും,പരമസാത്വികനും,ശുദ്ധനും,സത്സ്വഭാവിയുമായ,
പക്ഷെ ,വെറും പതിനാറു വയസ്സ് വരെ മാത്രം ജീവിച്ചിരിക്കുന്നവനായ ഒരു സത്പുത്രൻ - ഇതിൽ ആരെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം" എന്ന്.ആറ്റുനോറ്റു കാത്തിരുന്നിട്ടു ഇങ്ങിനെയൊരു പരീക്ഷണത്തിൽ ഭഗവാൻ ഞങ്ങളെ കൊണ്ട് നിർത്തിയല്ലോ എന്നോർക്കുമ്പോഴേക്കും അതാ ഭഗവാന്റെ ശബ്ദം വീണ്ടും "വേഗം വരം ചോദിക്കൂ ..എനിക്ക് പോകാൻ സമയമായി എന്ന് "..നൂറു വർഷം ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ,ലോകത്തിനു മുഴുവൻ ഗുണമില്ലാത്ത മക്കളുണ്ടാവുന്നതിലും നല്ലത് ഉണ്ടാവാതിരിക്കുന്നതല്ലേ..അങ്ങിനെയെങ്കിൽ ഭഗവാനിൽ പൂർണമായും വിശ്വസിക്കുന്ന ഞങ്ങളിൽ നിന്ന് ലോകത്തിനു മുഴുവൻ നന്മയും,സന്തോഷവും പകരാൻ കഴിയുന്ന,ആയുസ്സ് കുറവാണെങ്കിലും എല്ലാവരും,നന്മ മാത്രം നേരുന്ന,അനുഗ്രഹിക്കുന്ന ഒരു സത്പുത്രനാണ് എന്ന തോന്നലുണ്ടായത് കൊണ്ടാവാം അവർ വേഗം തന്നെ ഒരേ സ്വരത്തിൽ "പതിനാറു വയസ്സ് വരെ മാത്രം ആയുസ്സുള്ള ആ സത്പുത്രനെ മതി" എന്ന് ഭഗവാനോട് പറഞ്ഞതും തദാസ്തു: (അങ്ങിനെ തന്നെ ഭവിക്കട്ടെ) എന്ന അനുഗ്രഹം ചൊരിഞ്ഞ് പാർവതീവല്ലഭൻ അപ്രത്യക്ഷനായി.
സന്തോഷത്തോടെ ആ സാധുക്കൾ തങ്ങളുടെ ആശ്രമത്തിലേക്കു തിരിച്ചു പോയി .ഭഗവാന്റെ അനുഗ്രഹശക്തിയാൽ താമസിയാതെ അവർക്ക് ആരോഗ്യവാനും,സുന്ദരനുമായ ഒരു ആണ്കുഞ്ഞു പിറന്നു.അവർ അവനെ "മൃകന്ടുവിന്റെ പുത്രൻ" എന്നർഥം വരുന്ന " മാർക്കണ്ഡയൻ " എന്ന് പേര് നൽകി. " മാർക്കണ്ഡയൻ" നന്നേ കുഞ്ഞായിരിക്കുമ്പോൾ തന്നെ അനതിസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്നവനും,എല്ലാ ജീവജാലങ്ങങ്ങളിലും കാരുണ്യമുള്ളവനുമായിത്തീർന്നു.അങ്ങിനെ ആ സത്സന്താനം ,അവന്റെ മാതാപിതാക്കളുടെ മാത്രമല്ല,ലോകരുടെ മുഴുവൻ അനുഗ്രഹത്തിനും പാത്രമായിത്തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.
അങ്ങിനെ അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായി കൊച്ചു മാർക്കണ്ഡയൻ വലുതായി വരവേ അച്ഛനമ്മാരുടെ ഉള്ളിൽ തീയായിരുന്നു.കുഞ്ഞിന്റെ ഓരോ പിറന്നാൾ ആഘോഷിക്കുമ്പോഴും,അവരുടെ മനസ്സിൽ ആധിയേറുകയായിരുന്നു.എല്ലാ പിറന്നാളിനും, അച്ഛനുമമ്മയും വല്ലാതെ അസ്വസ്ഥരാകുന്നതും,കൊച്ചുമാർക്കണ്ഡയൻ കാണാതെ മറഞ്ഞു നിന്ന് കരയുന്നതും ബുദ്ധിമാനായ അവൻ ശ്രദ്ധിച്ചു. അങ്ങിനെ പതിനാറാമത്തെ പിറന്നാൾ ദിവസം വന്നു.അന്ന് രാവിലെ മുതൽ മാതാപിതാക്കൾ താൻ കാണാതെ പല തവണ പൊട്ടിക്കരയുന്നതും മാറി നിന്ന് സംസാരിച്ചു ദുഖിക്കുന്നതും കണ്ട മാർക്കണ്ഡയൻ,അവരുടെയടുത്തു ചെന്ന് എന്താണ് കാര്യമെന്നും,ഓർമ വച്ച നാൾ മുതൽ തന്റെ പിറന്നാൾ ദിവസം മാത്രം മാതാപിതാക്കൾ വല്ലാതെ വേദനിക്കുന്നതും,കരയുന്നതും കാണുന്നതാണെന്നും,ഇനി തന്നിൽ നിന്നും എന്തെങ്കിലും തെറ്റ് വന്നു പോയിട്ടുണ്ടെങ്കിൽ സദയം പൊറുക്കണമെന്നും പറഞ്ഞപ്പോൾ,"നിന്നെപ്പോലൊരു പുത്രൻ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണെന്നും,നിന്നിൽ നിന്ന് ഞങ്ങൾ നന്മയും,സന്തോഷവും,അഭിമാനവും മാത്രമേ അനുഭവിച്ചിട്ടുള്ളൂവെന്നും,എന്നാൽ ഇന്നത്തെ ദിവസം ഞങ്ങളുടെ സർവപുണ്യങ്ങളും,അവസാനിക്കുകയാണെന്നും" പറഞ്ഞു കൊണ്ട് ശിവഭഗവാനെ തപസ്സു ചെയ്തത് മുതലുള്ള എല്ലാ കാര്യങ്ങളും മാർക്കണ്ഡയനെ പറഞ്ഞു കേൾപ്പിക്കുന്നു.എന്നാൽ സ്ഥിതപ്രജ്ഞനായ മാർക്കണ്ഡയൻ ഒട്ടും തന്നെ കുലുങ്ങാതെ "ജനിച്ചാൽ ഒരിക്കൽ മരണം ഉണ്ടാവുമെന്നത് പ്രപഞ്ചസത്യമാണെന്നും ,അത് ചിലപ്പോൾ, ചിലർക്ക് നേരത്തേയാവും,മറ്റു ചിലർക്ക് വൈകിയും എന്ന വ്യത്യാസമേയുള്ളൂവെന്നും,ഭഗവാൻ തന്ന ജീവനാണെന്റെയെങ്കിൽ അത് രക്ഷിക്കുവാനും അദ്ദേഹത്തിനു കഴിയുമെന്നും” പറഞ്ഞു കൊണ്ട് മാതാപിതാക്കളെ സമാധാനിപ്പിച്ചു കൊണ്ട് മരണസമയത്തും മഹാദേവനിൽ ധ്യാനിച്ചിരിക്കാമെന്നു പറഞ്ഞു കൊണ്ട് കുറച്ചകലെയായുള്ള തൃപ്പങ്ങോട്ടു ശിവാലയത്തിലേക്ക് വച്ച് പിടിച്ചു.
അപ്പോഴേക്കും അദ്ദേഹത്തിന്റെ അന്ത്യസമയമടുത്തു തുടങ്ങിയതിനാൽ യമദൂതന്മാർ പാശവുമായി പിന്നാലെ കൂടി.അതീവശുദ്ധജീവിതം നയിച്ചിരുന്നത് കൊണ്ടും,കടുത്ത ശിവഭക്തനാക മൂലവും,മാർക്കണ്ഡയനു ചുറ്റും സദാ ശിവഭക്തിയുടെ ഘോരതേജസ്സുണ്ടായിരുന്നു.ഇത് മൂലം യമദൂതന്മാർക്കു അദ്ദേഹത്തിന്റെ നേർക്ക് വരാൻ പോയിട്ട് നോക്കുവാൻ പോലും പറ്റാത്ത അവസ്ഥയായി.ധർമസങ്കടത്തിലായ അവർ യമലോകത്തിലേക്ക് തിരിച്ചു പോയി സാധാരണ ജനങ്ങൾ "കാലൻ” എന്നു വിളിക്കുന്ന
യമധർമനെ വിവരങ്ങളെല്ലാം ധരിപ്പിച്ചു.ഉടനെ തന്നെ അദ്ദേഹം "സാരമില്ല,മാർക്കണ്ഡയൻ മഹാനായതു കൊണ്ട് നാം സ്വയം ചെന്ന് അദ്ദേഹത്തിന്റെ ജീവനെ യമലോകത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതാണ്" എന്ന് പറഞ്ഞു ഭൂമിയിലേക്ക് പുറപ്പെട്ടു.
മാർക്കണ്ഡയൻ തൃപ്പങ്ങോട്ടപ്പന്റെ ക്ഷേത്രത്തിലെക്കെത്തും മുൻപ് തന്നെ യമധർമൻ അദ്ദേഹത്തിന്റെ പുറകെയെത്തി.ഇത് കണ്ട മാർക്കണ്ഡയൻ ഉറക്കെ ശിവനാമങ്ങൾ ഉരുവിട്ട് കൊണ്ട് ഓടാൻ തുടങ്ങി.ഇതിനിടയിൽ,ധർമത്തിന്റെ വിജയത്തിനു വേണ്ടി എന്ത് സഹായവും ചെയ്യുന്ന മഹാവിഷ്ണുവിന്റെ വിഘ്യാതമായ നിളാനദിക്കരയിലുള്ള നാവാമുകുന്ദക്ഷേത്രം കടന്നു വേണമായിരുന്നു മാർക്കണ്ഡയനു തൃപ്പങ്ങോട്ടെത്തുവാൻ..!!! അദ്ദേഹം നേരെ വഴിക്കൊടിയെത്തുമ്പോഴേക്കും,കാലപാശം അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവനില്ലാതാക്കുമെന്നും,ഇത് ശിവലീലക്കുള്ള സമയമാണെന്നും , അതിനാൽ താനിതിലിടപെടുന്നത് ശരിയല്ലെന്നും, മനസ്സിലാക്കിയ നാവാമുകുന്ദനായ ശ്രീമഹാവിഷ്ണു, മാർക്കണ്ഡയന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹത്തെ തന്റെ ക്ഷേത്രത്തിന്റെ പിൻവാതിലിലൂടെ തൃപ്പങ്ങോട്ടെക്ക് എളുപ്പത്തിൽ കടത്തി വിടുന്നു..
അതോടൊപ്പം “അവിടെ ചെന്ന വശം ശിവലിന്ഗത്തിൽ കെട്ടിപ്പിടിച്ചിരുന്നു ഉറക്കെ ചന്ദ്രശേഖരാഷ്ടകം ചൊല്ലിക്കൊണ്ടിരിക്കുവാനും,എന്ത് ശബ്ദം കേട്ടാലും ഭഗവാൻ ശിവൻ പറയും വരെ കണ്ണ് തുറക്കരുതെന്നും” ഉപദേശിക്കുന്നു. ഒപ്പം മാർക്കണ്ഡയൻ കടന്നു പോയ ആ വാതിൽ എന്നന്നേക്കുമായി അടക്കുന്നു...ആർക്കും തുറക്കാനാവാത്ത വിധത്തിൽ!!! ഭഗവാൻ വിഷ്ണുവിനോട് നന്ദി പറഞ്ഞു കൊണ്ട് മാർക്കണ്ഡയൻ വീണ്ടും ഓടിത്തുടങ്ങി.
മാർക്കണ്ഡയനെ പിന്തുടർന്നു വന്ന യമധർമൻ നാവാമുകുന്ദനെ നേരിടാൻ ത്രാണിയില്ലാതെ,വേറെ വഴിക്ക് മാർക്കണ്ഡയനെ പിൻ തുടർന്നു.അപ്പോഴേക്കും മാർക്കണ്ഡയൻ തൃപ്പങ്ങോട്ടു ശിവസന്നിധിയിൽ എത്തിച്ചേർന്നു..ഓടിച്ചെന്നു ശ്രീവിഷ്ണു പറഞ്ഞത് പോലെ ഭഗവാന്റെ ലിന്ഗപ്രതിഷ്ഠയിൽ കെട്ടിപ്പിടിച്ചു കണ്ണിറുക്കിയടച്ചു കൊണ്ട് ,പ്രാണന് വേണ്ടി,ഉറക്കെയുറക്കെ ചന്ദ്രശേഖരാഷ്ടകം ചൊല്ലുവാൻ തുടങ്ങി..പിന്നാലെ വന്ന യമധർമൻ നേരം വൈകുന്നതറിഞ്ഞു വേഗം തന്റെ കൃത്യനിർവഹണത്തിനായി കാലപാശത്തെ മാർക്കണ്ഡയനു നേർക്ക് എറിഞ്ഞു ..അബദ്ധത്തിൽ ..കാലപാശം മാർക്കണ്ഡയനോടൊപ്പം ശിവലിന്ഗത്തെക്കൂടി ബന്ധിച്ചു..പിന്നെ നടന്നതെന്താണെന്ന് പറയുവാൻ ആയിരം നാവുള്ള അനന്തൻ പോലുമശക്തനാണെങ്കിലും,എനിക്കാവും പോലെ, കേട്ടറിവനുസരിച്ചു ഞാൻ പറയാം.കാലപാശം ചെന്ന് വീണത് എല്ലാത്തിന്റെയും അവസാനകാരണനായ,സംഹാരമൂർത്തിയായ,കൈലാസ നാഥന്റെ കഴുത്തിലായത് കൊണ്ട് യമധർമന്റെ ധർമത്തിനു ക്ഷയം സംഭവിച്ചു. ആ നിമിഷം ശിവലിന്ഗത്തിൽ നിന്ന് ഭഗവാൻ ശിവൻ തന്റെ ഖോരമായ കാലഭൈരവവിശ്വരൂപത്തിൽ അഗ്നിജ്വാലകൾക്കിടയിൽ പ്രത്യക്ഷപ്പെടുകയും,ആകാശം മുട്ടെ വളർന്നു നിന്ന് ,ഒരു കൈ കൊണ്ട് തന്റെ കൊച്ചു ഭക്തനെ അനുഗ്രഹിച്ചു സംരക്ഷിക്കുകയും, മറുകൈയിലെ അഗ്നി പാറുന്ന ശൂലം കൊണ്ട് തന്നെ അഭയം പ്രാപിച്ച മാർക്കണ്ഡയനു വേണ്ടി കാലന്റെയും കാലനായി മാറുന്നു.അങ്ങിനെ തന്റെ മൂന്നാം തൃക്കണ്ണു തുറന്നു കാലനെ ഭസ്മമാക്കിയ പരമശിവൻ കൊച്ചുമാർക്കണ്ഡയനെ ചേർത്തു പിടിച്ചാശ്വസിപ്പിക്കുന്നു..എന്നാൽ കാലനില്ലാതായാതോടു കൂടി ലോകത്തിന്റെ സംതുലനാവസ്ഥ അവതാളത്തിലാവുന്നു. ഇതോടെ ബ്രഹമാവും,വിഷ്ണുവും, മറ്റു ദേവകളും,ശിവനെ തന്നെ അഭയം പ്രാപിക്കുന്നു.ഒടുവിൽ മനസ്സലിഞ്ഞ ശ്രീപരമേശ്വരൻ ഒരു കരാറിന്മേൽ മാത്രം യമധർമനെ വീണ്ടും ജീവിപ്പിക്കാമെന്നേൽക്കുന്നു...അതായതു ഇനിയൊരിക്കലും മാർക്കണ്ഡയനു മരണമുണ്ടാവില്ലെന്നും, അവൻ എന്നും, കുന്നും, പതിനാറു വയസ്സിൽ തന്നെ ചിരന്ജീവിയായിരിക്കുമെന്നും അദ്ദേഹം അനുഗ്രഹിക്കുന്നു. അതെല്ലാ ദേവകളും സമ്മതിച്ചതോടെ ഭഗവാൻ ശിവൻ കാലനെ പുനരുജ്ജീവിപ്പിക്കുന്നു…
അങ്ങിനെ ഒരു പ്രദോഷദിവസം തന്നെ അസാധ്യമെന്നു കരുതിയ ആയുസ്സിന്റെ രക്ഷയെ ശ്രീകൈലാസനാഥനായ ശ്രീപരമേശ്വരൻ നൽകുന്നു..അതും തന്റെ ഭക്തനെ എന്നും പതിനാറു വയസ്സിൽ തന്നെ അമരനാക്കിക്കൊണ്ട്...!!! അത് കൊണ്ട് ഈ കഥ പറയുന്നവരും, എഴുതുന്നവരും, വായിക്കുന്നവരും, കേൾക്കുന്നവരും എല്ലാം തന്നെ പുണ്യം ചെയ്തവരാകുന്നു. എന്ന് മാർക്കണ്ഡയപുരാണം പറയുന്നു. അത് കൊണ്ട് തന്നെ നമ്മളെല്ലാവരെയും ആ നീലകണ്ഠൻ, തൃനയനൻ, മഹാമൃത്യുഞ്ജയൻ, മഹാദേവൻ,ദേവാദിദേവൻ, കാലാരി,കാലകാലൻ,കാലഭൈരവൻ,ധനാകർഷണഭൈരവൻ,പാർവതീവല്ലഭൻ,ഉമാമഹേശ്വരൻ,ശ്രീകൈലാസനാഥൻ എന്നിങ്ങനെ അനവധി നാമങ്ങളിൽ അറിയപ്പെടുന്ന ഭഗവാൻ ശങ്കരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിച്ചു കൊണ്ടും എല്ലാവർക്കും നല്ലൊരു പ്രദോഷദിനം ആശംസിച്ചു കൊണ്ടും നിറുത്തുന്നു...
ചന്ദ്രശേഖര..ചന്ദ്രശേഖര..ചന്ദ്രശേഖര..പാഹിമാം
ചന്ദ്രശേഖര..ചന്ദ്രശേഖര..ചന്ദ്രശേഖര..രക്ഷ മാം .
വാൽക്കഷ്ണം : നാവാമുകുന്ദനായ ഭഗവാൻ വിഷ്ണു മാർക്കന്ടെയനെ രക്ഷിക്കാനായി എന്നേന്നുക്കുമായി അടച്ചതെന്നു കരുതുന്ന വാതിൽ ഇന്നും നിളാനദിയുടെ തീരത്തുള്ള നാവാമുകുന്ദ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പിന് ഭാഗത്തായി കാണാമത്രെ!.
മാത്രമല്ല മാർക്കണ്ഡയൻ ലോകപ്രസിദ്ധനായ മുനിവര്യനായി ,എന്നും പതിനാറു വയസ്സുള്ള കുട്ടിയായി ,ഇന്നും നമ്മുടെ കാലത്തും ജീവിച്ചിരിക്കുന്നുവെന്നും ,ഇനി നമുക്കും,ലോകാവസാനത്തിന് ശേഷവും അദ്ദേഹം ചിരന്ജീവിയായിത്തന്നെ തുടരുമെന്നും,പുരാണങ്ങൾ പറയുന്നു.അതാണ് സാക്ഷാൽ ശിവഭഗവാന്റെ ഭക്തവാത്സല്യവും,ശിവമാഹാത്മ്യവും!