Saturday, 10 May 2014


ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രം - ഐതിഹ്യം.   

ഇരിഞ്ഞാലക്കുട പ്രദേശം വളരെ പണ്ട് കാടായിരുന്നു, ദിവ്യജ്ഞനായ ശ്രീകുലീപനി മഹര്‍ഷി അവിടെ തപസനുഷ്ടിച്ചിരുന്നു, സംപ്രീതനായ ശ്രീവിഷ്ണു ഭഗവാന്‍ എന്ത് വരം വേണമെന്ന് ചോദിച്ചു. എന്നെന്നും എന്‍റെ ആശ്രമം നില്‍കുന്ന സ്ഥലത്ത് ശ്രീവിഷ്ണു ചൈതന്യം ഉണ്ടാവണമെന്നും ആശ്രമത്തിനു അരികെയുള്ള പൊയ്കയില്‍ ഗംഗ യമുനാ സരസ്വതി സാന്നിധ്യം ഉണ്ടാവണമെന്നും അപേക്ഷിച്ചു. അങ്ങനെ തന്നെയാകട്ടെ എന്ന് ശ്രീമഹാവിഷ്ണു അനുഗ്രഹിച്ചു. ഗംഗ യമുനാ സരസ്വതി സാന്നിധ്യമുള്ള പൊയ്ക ശ്രീകുലീപനിതീര്‍ത്ഥം എന്ന് പിന്‍കാലത്ത് അറിയപ്പെട്ടു. 

ഇന്നും ഇരിഞ്ഞാലക്കുടയിൽ അമ്പലത്തിനു ചുറ്റുപാടുമുള്ള  വീടുകളിൽ,  ഏതു വേനൽക്കാലത്തും കിണറുകളിലെ വെള്ളം വറ്റാത്തതും,ആ വെള്ളത്തിനു സാധാരണ വെള്ളത്തേക്കാൾ സ്വാദും മാധുര്യവുമുള്ളതും,ഇവിടുത്തെ തീർഥക്കുളമായ കുലീപിനിയിലെ ഉറവു കൊണ്ടാണെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു.

യുഗങ്ങള്‍ക്കു ശേഷം വാകയില്‍ കൈമള്‍ ശ്രീഭരതസ്വാമി പ്രതിഷ്ഠ നടത്തുവാന്‍ ആ സ്ഥലം തന്നെ തെരഞ്ഞടുത്തു. "രണ്ടു അരുവികള്‍ക്ക് മദ്ധ്യേയുള്ള സ്ഥലം" എന്നര്‍ത്ഥമുള്ള "ഇരു ചാല്‍ കുട" യാണ് "ഇരിഞ്ഞാലക്കുട"യായത്‌.


സ്വാതികനും ശാന്തനുമായ ശ്രീഭരതസ്വാമിയില്‍ ശ്രീവിഷ്ണു ചൈതന്യം മാത്രമല്ല സകല ദേവകളുടെയും ചൈതന്യവും ഉണ്ട്, അതിനെപറ്റിയുള്ള ഐതീഹ്യം ഇങ്ങനെ...


പണ്ടൊരു നാൾ, ഒരു ഭക്തന്‍, സകല ദേവ ചൈതന്യവും തളിപറമ്പ് രാജരാജേശ്വരനില്‍ (മഹാ ശിവന്‍ ) വിലയിപ്പിക്കാന്‍ വേണ്ടി അമ്പലങ്ങളായ അമ്പലങ്ങളെല്ലാം കയറി തന്‍റെ കൈയില്‍ കരുതിയിരുന്ന ശംഖില്‍ ദേവചൈതന്യങ്ങള്‍ ആവാഹിച്ചെടുത്തു. അവസാനം അദ്ദേഹം ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിയപ്പോള്‍ കൈയിലെ ശംഖ് നിലത്തു വീണ് ഉടയുകയും എല്ലാ ദേവ ചൈതന്യങ്ങളും ശ്രീഭരതസ്വാമിയില്‍ വിലയം പ്രാപിക്കുകയും. അങ്ങനെ ശ്രീഭരതസ്വാമി "സംഗമിച്ച ഈശ്വരന്‍" അഥവാ "സംഗമേശ്വരനായി" തീരുകയും ചെയ്തു. 


പതിനഞ്ചാം നൂറ്റാണ്ടില്‍ ഓടനാട് (കായംകുളം) നാട്ടുരാജാവിന്‍റെ കൈയ്യില്‍ ഒരു മാണിക്യ കല്ലുണ്ടായിരുന്നു, ആരോ പറഞ്ഞു രാജാവ് അറിഞ്ഞു സംഗമേശ്വരന്‍റെ മുഖത്തിനു "മാണിക്യശോഭ" ഉണ്ടെന്നു !!! അത് ശരിയാണോ പരീക്ഷിച്ചറിയുവാൻ വേണ്ടി അമ്പലത്തില്‍ വന്ന് മാണിക്യ കല്ല്‌ ഭഗവാന്‍റെ മുന്നില്‍ കാണിച്ചപ്പോള്‍, അത് എല്ലാവരും നോക്കി നിൽക്കേ വിഗ്രഹത്തിലേക്ക് ലയിച്ചു ചേർന്നു, അങ്ങനെ ഭഗവാനിൽ മാണിക്യം കൂടിച്ചേർന്നതു കൊണ്ട് അദ്ദേഹം "കൂടല്‍മാണിക്യ"മായി.


തൃപ്രയാറിലെ പോലെ തന്നെ ചതുര്‍ബാഹുപ്രതിഷ്ഠയാണ് ശ്രീകൂടല്‍മാണിക്യത്തിലും. നാല് തൃകൈകളില്‍ ശംഖ്, ചക്രം, കോദണ്ഡം, അഭയ മുദ്രയോട് കൂടി ജപമാല (തൃപ്രയാറില്‍ അക്ഷമാല എന്നതിന് പകരം കൂടല്‍ മാണിക്യത്തില്‍ ജപമാല) എന്നിവ ധരിച്ച് നില്‍ക്കുന്നതായിട്ടാണ് പ്രതിഷ്ഠ, കിരീടവും ആഭരണങ്ങളുമുണ്ട് വലിയൊരു പൂമാല കിരീടത്തിനു മുകളിലൂടെ ഇരുവശത്തേക്കും പാദം വരെ നീണ്ടു കിടക്കുന്നു. 


മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകള്‍ ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തിലുണ്ട്, അവ ഇങ്ങനെ. ഉപദേവതാ പ്രതിഷ്ഠകള്‍ ഇല്ല, ഭഗവാൻ സന്യാസരൂപത്തിലായത് കൊണ്ട് ഈ ക്ഷേത്രത്തിൽ ദീപാരാധനയില്ല. 

ഉഷപ്പൂജ, പന്തിരടി പൂജ എന്നിവ നടത്താറില്ല.പൂജയ്ക്ക് കര്‍പ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല, തുളസി പൂജയ്ക്ക് ഉപയോഗിക്കുമെങ്കിലും തുളസിച്ചെടികൾ ഒരിക്കലും ക്ഷേത്രവളപ്പില്‍ വളരില്ല. 

തുളസി, ചെത്തി, താമര എന്നീ മൂന്നു പുഷ്പങ്ങള്‍ മാത്രമേ പൂജയ്ക്ക് ഉപയോഗിക്കുകയുള്ളൂ . എതിര്‍ത്തു പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നീ മൂന്നു പൂജകള്‍ മാത്രമേ നടത്തുകയുള്ളൂ.


ഉത്സവ ബലിയില്ല, ശ്രീഭൂതബലി മാത്രം. 


നിവേദ്യം വയ്ക്കുന്നത് എത്ര വലിയ വാര്‍പ്പിലായാലും അത് താഴെയിറക്കാന്‍ ഒരാള്‍ മാത്രം മതി, സഹായത്തിനു ശ്രീഹനുമാന്‍സ്വാമി വരുന്നുവെന്നാണ് വിശ്വാസവും സത്യവും.


മീനൂട്ട് ഇവിടുത്തെ പ്രധാന വഴിപാടാണ്, തീര്‍ത്ഥ കുളത്തില്‍ മീനുകള്‍ മാത്രമേയുള്ളൂ; തവള,പാമ്പ് തുടങ്ങിയവയൊന്നും ഇതിൽ വരാറില്ല. 


ഈ ക്ഷേത്രത്തിനു രണ്ടു നിലയിലുള്ള വട്ട (വൃത്താകൃതിയിലുള്ള) ശ്രീകോവിലാണ്, കിഴക്കോട്ടാണ് ദര്‍ശനം. തിടപള്ളിയില്‍ ശ്രീഹനുമാൻ, വാതില്‍ മാടത്തിലെ തെക്കും വടക്കും തൂണുകളില്‍ ദുര്‍ഗ്ഗ,ഭദ്രകാളി സാന്നിധ്യവും ഉണ്ടെന്നു വിശ്വസിക്കുന്നു.


രോഗമോചകനാണ് സംഗമേശ്വരന്‍ - പ്രത്യേകിച്ചു ഉദരരോഗങ്ങള്‍, 

കൂടല്‍ മാണിക്യത്തിലെ മുക്കുടിനിവേദ്യം ലോകപ്രശസ്തമാണ്. 

മുക്കുടിയെ കുറിച്ചൊരു ഐതീഹ്യമുണ്ട്. അഷ്ട വൈദ്യമ്മാരിലെ കുട്ടഞ്ചേരി മൂസ് ഒരിക്കല്‍ കൂടല്‍ മാണിക്യത്തില്‍ ചെന്ന് രാത്രി ഉറങ്ങിയപ്പോള്‍ ദേവന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞു പുത്തരി നേദ്യം കഴിച്ചു എനിക്ക് വയറു വേദനയുണ്ടായി അത് കൊണ്ട് ഒരു മുക്കുടി ഉണ്ടാക്കി രാവിലെ നടയ്ക്കു വയ്ക്കണം. അതെ സമയം തന്നെ മേല്‍ ശാന്തിയ്ക്കും സ്വപ്ന ദര്‍ശനത്തില്‍ ദേവന്‍ അരുള്‍ ചെയ്യ്തു രാവിലെ കുട്ടഞ്ചേരി മൂസ് നടയ്ക്കു വയ്ക്കുന്ന മുക്കുടി എടുത്തു നേദിച്ചു ഭക്തമ്മാര്‍ക്ക് കൊടുക്കണം, "മുക്കുടി നേദ്യം ഉദരരോഗങ്ങള്‍ക്ക് സിദ്ധ ഔഷധമായി ഇനിമേല്‍ അറിയപ്പെടും". ഉദരരോഗങ്ങള്‍ക്ക് വഴുതനങ്ങ ഉപ്പു ചേർക്കാതെ പാകം ചെയ്തു കൊടുക്കുന്നത് ഇവിടുത്തെ മറ്റൊരു വളരെ വിശേഷപ്പെട്ട ഒരു വഴിപാടാണ്. 


ഹൃദയ / ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് മീനൂട്ട് അത്ഭുതരോഗശാന്തി തരുന്നു.ഒപ്പം ഇത് കൊണ്ട് പിതൃപ്രീതിയും ലഭിക്കുന്നു.


അവിടുത്തെ മറ്റൊരു പ്രധാന വഴിപാടാണ് നെയ്‌ വിളക്ക്.വളരെ ചെറിയ വഴിപാടായി തോന്നുമെങ്കിലും നമ്മൾ മനസ്സുരുകി ഒരു നല്ല കാര്യം നടക്കണമെന്ന് പ്രാർഥിച്ചു നെയ്‌ വിളക്ക് നേർന്നു കഴിഞ്ഞാൽ,ആ നടക്കു വച്ച നെയ്‌ ഉരുകിത്തീരും മുൻപേ നമ്മുടെ ആ കാര്യം സാധിച്ചിട്ടുണ്ടാവും.അതായത് നമ്മുടെ എതു ദുഖവും, ശുദ്ധമായ മനസ്സോടെ പ്രാർഥനയുടെ അകമ്പടിയോടെ ഭഗവാൻ സംഗമേശനു മുന്നിൽ സമർപ്പിക്കുമ്പോൾ അത് നെയ്യുരുകുന്ന ലാഘവത്തോടെ ഉരുകിത്തീരുന്നു എന്നർഥം.വെറുതെ നെയ്‌ വിളക്ക് നേർന്നാൽ തന്നെ പലപ്പോഴും കാര്യസാധ്യം ഉണ്ടായിട്ടുള്ളതിനു ഈയുള്ളവൾ അനുഭവസ്ഥയാണ് എന്ന് വളരെ വിനയപൂർവം പറഞ്ഞു കൊള്ളട്ടെ. 


പ്രതിബന്ധ നിവാരണത്തിനും,വിശേഷഅവസരങ്ങളിൽ മഴ പെയ്തു കാര്യം മുടങ്ങാതിരിക്കുവാനും ഭഗവാന് താമരമാല നേരുന്നത് ഇന്നും പ്രസിദ്ധമായ കാര്യമാണ്. പലപ്പോഴും ഭഗവാന്റെ ഉത്സവത്തിന് മുൻപ് വരാറുള്ള ലോകപ്രശസ്തമായ തൃശൂർ പൂരം മഴ കൊണ്ടോ മറ്റോ മുടങ്ങും എന്ന ഘട്ടത്തിൽ പലപ്പോഴും ശ്രീസംഗമേശന് താമരമാല നേർന്നു മഴ നിർത്താറൂള്ളത് തൃശ്ശൂർവാസികൾക്ക് സാധാരണ സംഭവമാണ്. 

ഇന്നലത്തെ പൂരത്തിനും ഇതേ ഉദ്ദേശത്തോടെ താമരമാല വഴിപാടു നടത്തിയതും പൂരം മഴ കൊണ്ട് മുടങ്ങാതെ ഭംഗിയായി നടന്നു എന്നും അറിയുവാൻ നമുക്ക് കഴിഞ്ഞു.

അപ്പം, നെയ്‌ പായസം, കൂട്ട് പായസം, പാൽപ്പായസം വെള്ളനിവേദ്യം, നൂറ്റെട്ട് താമര മൊട്ടുമാല എന്നിവയാണ് പ്രധാന വഴിപാടുകള്‍. 


ആണ്‍കുട്ടികള്‍ ഉണ്ടാവുന്നതിനു കൂട്ട് പായസവും പെണ്‍ കുട്ടികള്‍ ഉണ്ടാവുന്നതിനു വെള്ള നേദ്യവും നടത്താറുണ്ട്‌. ഹനുമാന്‍സ്വാമിയ്ക്ക് അവല്‍ നിവേദ്യവും.


ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തെ കുറിച്ചു പറയുമ്പോള്‍ പ്രഗത്ഭനായ ശ്രീഉണ്ണായിവാര്യരെ കുറിച്ച് പറയാതെ വയ്യ, പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി ശ്രീഉണ്ണായി വാര്യര്‍ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. ഒരിക്കല്‍

ശ്രീസംഗമേശ്വരനെയും ഉണ്ണായി വാര്യരേയും കാണാന്‍ തിരുവതാംകൂർ മഹാരാജാവ് ശ്രീകൂടല്‍ മാണിക്യത്തിലെത്തി.

ശ്രീസംഗമേശ്വരനെ തൊഴുത ശേഷം ഉണ്ണായിവാര്യരേ അന്വേഷിച്ചപ്പോൾ,അദ്ദേഹം അമ്പലത്തിൽ ഒരിടത്തായി ഇരുന്നു തന്റെ കുലത്തൊഴിലായ "മാല കെട്ടൽ"

എന്ന പുണ്യ പ്രവർത്തിയിലേർപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മാല കെട്ടിക്കൊണ്ടിരുന്ന ആ സാധുമനുഷ്യന്‍ തന്നെയാണോ "നളചരിതം"പോലെയുള്ള ആട്ടകഥകള്‍ എഴുതിയതെന്നു അത്ഭുതം കൂറിയ മഹാരാജാവ് അടുത്തു ചെന്ന് നോക്കിയപ്പോള്‍ കണ്ടത്, ഉണ്ണായി വാര്യര്‍ കെട്ടുന്ന ഓരോ മാലയും ഓരോ ശ്ളോകങ്ങൾ ആണെന്നായിരുന്നു.

മേടമാസത്തിലെ ഉത്രം നാളിലാണ് ഉത്സവത്തിന് കൊടിയേറുന്നത് . (തൃശ്ശൂര്‍ പൂരം കഴിഞ്ഞു പിറ്റേ ദിവസം) പത്താം നാൾ തിരുവോണത്തിന് ആറാട്ട്‌. 


തുലാമാസത്തിലെ ഉത്രം നാളിലാണ് പുത്തരി നിവേദ്യവും പുത്തരി സദ്യയും, പിറ്റേന്ന് മുക്കുടി നേദ്യവും. ദേവസ്സാന്നിധ്യമുള്ളത് കൊണ്ട് കൂത്തമ്പലവും കുലീപനി തീര്‍ത്ഥവും കൂടി ചുറ്റിയാണ്‌ ക്ഷേത്ര പ്രദിക്ഷണം പൂര്‍ത്തിയാക്കേണ്ടത്,.


കുലീപനി തീര്‍ത്ഥത്തില്‍ ഗംഗ സന്നിധ്യമുള്ളത് കൊണ്ട് ശിവ ക്ഷേത്രങ്ങളെ പോലെ അപൂര്‍ണ്ണ പ്രദിക്ഷണം മാത്രമേ പാടുള്ളൂ....


[ കഥയ്ക്ക് പിന്നിലെ കഥ  :   നിസ്വാർഥമായ സഹോദരസ്നേഹത്തിന്റെ മൂർത്തിമത് ഭാവമായ ശ്രീ ഭരതൻ...തനിക്കു ലഭിച്ച സർവസമ്പത്തിനേക്കാളും,രാജപദവികളേക്കാളും രാമപാദങ്ങൾക്കും,അവ ധരിച്ച പാദുകങ്ങൾക്കും മഹത്വം കല്പ്പിച്ചു , നീണ്ട പതിന്നാലു സംവത്സരങ്ങൾ ശ്രീരാമനെപ്പോലെത്തന്നെ സന്യാസ ദീക്ഷ സ്വീകരിച്ചു,ശ്രീരാമ പാദുകപൂജയിൽ മുഴുകി അദ്ദേഹത്തിന്റെ അഭാവം ജനങ്ങളിൽ തോന്നിക്കാത്ത വണ്ണം ധർമം,നീതി,സത്യം,ദയ,എന്നിവയെ മുൻ നിർത്തി അത്യന്തം സ്തുത്യർഹമായ രാജഭരണം കാഴ്ച വക്കുകയും പതിന്നാലു വർഷം കഴിയുന്ന ദിവസം ശ്രീരാമൻ വരുവാൻ വൈകിയപ്പോൾ,ഉള്ളതെല്ലാം തനിക്കു മാത്രം സ്വന്തം എന്ന സ്വാർത്ഥത വിചാരിക്കാതെ ,മുൻപ് വാക്ക് പറഞ്ഞത് പ്രകാരം അഗ്നിയിൽ ചാടി മരിക്കുവാൻ ഒരുമ്പെടുന്നു...എന്നാൽ തന്റെ അനുജന്റെ ധർമനിഷ്ഠ അറിയാവുന്ന ശ്രീരാമസ്വാമി,തനിക്കു മുന്പേയെത്തി തന്റെ ആഗമനം അറിയിക്കുവാനും, അങ്ങിനെ അനുജന്റെ പ്രാണൻ രക്ഷിക്കുവാനുമായി ശ്രീഹനുമാനെ അയക്കുന്നു...വായുപുത്രനായ ആഞ്ജനേയൻ (ശ്രീഹനുമാൻ) സ്വാമിയുടെ ആഗ്രഹപ്രകാരം ,നിമിഷാർധം കൊണ്ട് ശ്രീഭരതന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും,

കാര്യങ്ങൾ എല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു ദേഹത്യാഗത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു..തന്റെ ജ്യേഷ്ഠൻ സീതാലക്ഷ്മണസമേതം തിരിച്ചു വരുന്നു എന്നറിഞ്ഞ ശ്രീഭരതൻ രാജ്യമൊട്ടുക്കും വലിയ ഒരു വലിയ ഉത്സവം നടത്തി അദ്ദേഹത്തെ സ്വീകരിക്കുന്നു...]

"ഒരു ദിനം പോലും വന്നു വണങ്ങുന്ന 

നരജനങ്ങൾക്കും,നാരീജനങ്ങൾക്കും
നരകമെന്നുള്ളതുണ്ടാകയില്ലേതും
നരകനാശന ശ്രീ കൂടൽമാണിക്യമേ.."

ഇത്രയും പറഞ്ഞു കൊണ്ട് എല്ലാവർക്കും നന്മ മാത്രം നേർന്നു കൊണ്ട് ഞാൻ നിറുത്തുന്നു.... 


ലോകാസ്സമസ്താത് സുഖിനോ ഭവന്തു :


മായ.

No comments:

Post a Comment