Friday, 14 February 2014


"മണിക്കുട്ടൻ" [ കഥ  എഴുതിയത്മായാരാജേഷ്,ഷാർജ,

ദിവസം :14-ഫെബ്രുവരി -2014]

കഥ  ഏതൊരു  കുട്ടിയേയും പോലെ എന്റെയും  ബാല്യത്തിന്റെ നിഷ്കളങ്ക അനുഭവങ്ങളിലൊന്നിലേക്കു  തുറക്കുന്ന മറ്റൊരു സുവർണ വാതിലാണ്... ഇവിടെ  ഒരു പക്ഷെ നിങ്ങൾക്കെന്നെ
കാണാം,നിങ്ങളിൽത്തന്നെയുള്ള ഒരു കുട്ടിയെ കാണാം..കാരണം കുട്ടികളെ ഇഷ്ടപ്പെടുന്ന,ഒരു  കുട്ടിയുടെ മനസ്സുള്ള ഏതൊരാൾക്കും,കുട്ടികൾക്ക് തന്നെയും  എന്റെയീ അനുഭവം ഇഷ്ടപ്പെടുമെന്നു ഞാൻ കരുതട്ടെ ..]

"മണിക്കുട്ടൻ"

ഇന്നത്തെ കുട്ടികളെപ്പോലെ രാവിലെ അലാറം അടിക്കുന്നത് കേട്ടിട്ടല്ല  എട്ടു വയസ്സ് വരെ ഞാൻ ഉണർന്നിരുന്നത്... മറിച്ചു,അമ്മ തൈർകലത്തിൽ  തൈര് കടയുന്ന ശബ്ദമാണ് അന്നൊക്കെ ,(അന്നുമിന്നും വെണ്ണക്കൊതിച്ചിയായ) എന്റെ ഉറക്കം കളയാറുള്ളത്.അതിനു വേണ്ട തൈരുണ്ടാക്കാനാവശ്യമായ  പാൽ ഞങ്ങൾക്ക് തന്നിരുന്നത് വീട്ടിനു പിന്നിലെ തൊഴുത്തിൽ ഞങ്ങൾ വളർത്തിയിരുന്ന മൂന്ന് പശുക്കളിൽ മൂത്തവളയായ "നന്ദിനി"പ്പശുവാണ്.അവളുടെ ആദ്യത്തെ സന്താനവും എന്റെ ആദ്യത്തെ കളിക്കൂട്ടുകാരനുമാണ് നമ്മുടെയീ  കഥാനായകൻ -"മണിക്കുട്ടൻ".എണ്ണക്കറുപ്പ്നിറവും നെറ്റിയുടെ ഒത്ത നടുവിലായി വെളുത്ത ചുട്ടിയുമുള്ള ഒരു ഓമനക്കുട്ടനായിരുന്നു എന്റെ മണിക്കുട്ടൻ.അവനു വേണ്ടി അച്ഛൻ ആലേങ്ങാടന്റെ ഓട്ടു പാത്രക്കടയിൽ നിന്നും  വാങ്ങിയ ഒരു ചെറിയ ഓട്ടു മണിയും കിലുക്കി സുന്ദരനായിട്ടാണ് കക്ഷിയുടെ നടപ്പ്!

രാവിലെ പല്ല് തേച്ചു കഴിഞ്ഞ ഉടനെ ഞാൻ തൈരു കടയുന്ന അമ്മയുടെ മുന്നിൽ കൈയും നീട്ടിയിരിക്കും..ഒരു ഉരുള വെണ്ണ കിട്ടിയാലേ കുളിക്കാൻ പോകുന്ന പ്രശ്നമുള്ളൂ..അതറിയാവുന്നതു കൊണ്ട് വേഗം പതിവ് തെറ്റിക്കാതെ എന്റെ കൈയിൽ കൊള്ളുന്നത്ര ഒരു ചെറിയ ഉരുള വെണ്ണ തന്നു അമ്മ എന്നെ കുളിക്കാൻ വിടും...

ചൊവ്വാഴ്ചയോ  വെള്ളിയാഴ്ചയോ ആണെങ്കിൽ  തൈർ കലം അടച്ചു വച്ചിട്ട് കാച്ചിയ എണ്ണയും, ഉലുവ അല്ലെങ്കിൽ ചെമ്പരത്തി താളിയുമായി എന്റെ പിന്നാലെ അമ്മ തല കഴുകിത്തരുവാൻ വരും ..എന്ന് അമ്മ പതിവ് നിർത്തിയോ.അന്ന് മുതൽ എന്റെ തലമുടിയുടെ വളർച്ച   മുകളിലേക്കാണ്... L

അതിനിടയിൽ ഞാൻ മണിക്കുട്ടനെ അവന്റെ അമ്മയുടെ അടുത്തേക്ക്അഴിച്ചു വിട്ടു പാൽ കുടിപ്പിക്കും..കാരണം കറവക്കാരൻ വന്നു ആദ്യം അവനെക്കൊണ്ട്കുടിപ്പിച്ചു എന്ന് വരുത്തി നന്ദിനിപ്പശുവിനെ പറ്റിച്ചുപാൽച്ചുരത്തിച്ചിട്ടാണല്ലോ ഞങ്ങൾക്ക് പാൽ കിട്ടുന്നത്..അപ്പോൾ ന്യായമായും അത് കഴിഞ്ഞാലുള്ള പാൽ മുഴുവൻ മണിക്കുട്ടന് മാത്രം അവകാശപ്പെട്ടതാണ്..അതെനിക്ക് നിർബന്ധവുമാണ്! അവൻ അവന്റെ അമ്മയുടെ സ്നേഹവും നക്കിത്തോർത്തലുമൊക്കെ ആവോളം ആസ്വദിച്ചു പാലൊക്കെ കുടിക്കുന്നത് കണ്ടിട്ടേ ഞാൻ കുളിക്കാൻ പോകാറുള്ളൂ....ഞാൻ കുളിച്ചു കഴിഞ്ഞു വരുമ്പോഴേക്കും അവൻ ഉഷാറായി ഓടിക്കളിക്കാൻ തയാറായി നിൽക്കുന്നുണ്ടാവും..സ്കൂളില്ലാത്ത ദിവസമാണെങ്കിൽ ഞങ്ങൾ കൊച്ചു പറമ്പിലെ ഉള്ള സ്ഥലത്ത് ഒരൽപം ഓടിക്കളിച്ചു തിരിച്ചു വരും..ചില ദിവസം അവന്റെ കയറു വലിച്ചു കൊണ്ടോടുമ്പോൾ  അവനെന്നെ തട്ടിയിടും ..പക്ഷെ ഞാൻ വീണു കരഞ്ഞു തുടങ്ങിയാൽ..ഓട്ടം നിർത്തി കുറ്റബോധത്തോടെ, പതുക്കെ പതുക്കെ എന്റെ അടുത്തു വന്നു മുഖത്തു നോക്കാതെ കിണുങ്ങി നില്ക്കും .."അയ്യോ ഞാനെത്ര പാവമാണ് ..എന്നെ പിടിച്ചോളൂ.." എന്ന മട്ടിൽ ..:) പക്ഷെ വേദന സഹിക്ക വയ്യാത്ത  ഞാൻ സമയത്ത് അവനോടു പിണങ്ങിയിട്ടുണ്ടാവും..പക്ഷെ ഞങ്ങളുടെ പിണക്കത്തിന് വെറും നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ കാണൂ എന്ന് മാത്രം...കുറച്ചു കഴിയുമ്പോൾ ഞാൻ അവനെ വലിച്ചു കൊണ്ട് വീണ്ടും ഓടും അവനെന്നെ ചിലപ്പോൾ പതുക്കെ ഇടിച്ചിടും..ഞാൻ വീണ്ടും പിണങ്ങും-ഇതൊരു തുടർക്കഥയായിരുന്നൂ ഞങ്ങളുടെ വീട്ടിൽ

എല്ലാ ദിവസവും ഞങ്ങളുടെ വീട്ടിൽ പൂജാമുറിയിൽ ഉണ്ണിക്കണ്ണനു അന്നുമിന്നും നേന്ത്രപ്പഴം,അവിൽ,എന്നിവയും ചില ദിവസം  ശർക്കര,വെള്ളം  എന്നിവയും പൂജിക്കാൻ വയ്ക്കും (അന്ന് വീട്ടിൽ പശുവുണ്ടായിരുന്നത് കൊണ്ട്  വെണ്ണയും പാലും കൂടി വച്ചിരുന്നു) എന്നാൽ പ്രസാദമായി പൂജാമുറിയിൽ നിന്നും എടുക്കുന്ന പഴത്തിൽ നിന്ന് ഞാൻ  കഴിക്കുന്ന പഴത്തിന്റെ പഴത്തൊലിയും ,എന്റെ പഴത്തിന്റെ പകുതിയും ഞാൻ മണിക്കുട്ടനായി കരുതി വയ്ക്കാറുണ്ടായിരുന്നു..
പക്ഷെ എന്നെ കൂടുതൽ തട്ടിയിടുന്ന ദിവസം ഞാൻ പഴത്തൊലി മറ്റു പശുക്കളായ നന്ദിനി,ലക്ഷ്മിക്കുട്ടി എന്നിവർക്ക് കൊടുത്ത് ദേഷ്യം തീർക്കാറുണ്ടായിരുന്നു.. പ്കഷെ ദേഷ്യം മാറിയ ഉടൻ , പത്താഴത്തിന്റെ മുകളിൽ കയറി നിന്ന്, പൂജക്കായി കരുതി കെട്ടിയിട്ടിട്ടുള്ള പഴക്കുലയിൽ നിന്നും  ഒരു പഴം മുഴുവൻ എരിഞ്ഞെടുത്തു,പതുക്കെ താഴെ ഇറങ്ങി ആരും കാണാതെ ഞാനവനു  കൊണ്ട് കൊടുത്തിട്ട് പറയും "അങ്ങോട്ട്തിരിഞ്ഞു നിന്ന് തിന്നോ ,ആരെങ്കിലും വന്നാൽ ചവയ്ക്കാതെ നില്ക്കണം എന്നൊക്കെ"..എന്ത് മനസ്സിലായിട്ടോ എന്തോ, അവൻ തല കുലുക്കുന്നത് കാണാം ..

അങ്ങിനെ കളിച്ചും, ചിരിച്ചും വീണും, ഉരുണ്ടും ഞങ്ങൾ രണ്ടും വളർന്നു...ഒപ്പം ഞങ്ങളുടെ അടുപ്പവും കൂടിക്കൂടി വന്നു...എന്നേക്കാൾ വയസ്സിൽ താഴെയായ മണിക്കുട്ടൻ ശരിക്കും എനിക്കെന്റെ അനിയനെപ്പൊലെയായിരുന്നുഒരു ദിവസം ..അന്ന് ഞാൻ മൂന്നാം ക്ലാസ്സിലേക്ക് പോയിത്തുടങ്ങിയ സമയം .. അതിനു മുൻപുള്ള വർഷം സ്കൂളിനടുത്തുള്ള ദേവകിയമ്മയുടെ മിട്ടായിക്കടയിൽനിന്നു കപ്പലണ്ടിമിട്ടായി  കഴിച്ചപ്പോൾ അടർന്നു പോയ മുന്നിലെ രണ്ടു പല്ലുകളിലൊരെണ്ണം,പതുക്കെ മുളച്ചു തുടങ്ങിയ പ്രായം...

ഒരു ദിവസം സ്കൂൾ വിട്ടു ബാഗ് മേശയിലെക്കെറിഞ്ഞിട്ടു,പതിവ് പോലെ  ഞാൻ മണിക്കുട്ടനെ തേടി അവനെ സ്ഥിരം കെട്ടുന്ന സ്ഥലത്ത് ചെന്ന് നോക്കി- ഇല്ല ..അവിടെ അവനില്ല..ഉടനെ നന്ദിനിപ്പശുവിന്റെ അടുത്തു പോയി നോക്കി..അവിടെയുമില്ല ..പക്ഷെ നന്ദിനിപ്പശു അന്ന് മുന്നില് വച്ച കഞ്ഞിവെള്ളവും,കാലിതീറ്റയും വയ്ക്കോലുമൊന്നും തൊട്ടിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കി ..ഒപ്പം അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നതും ഞാൻ കണ്ടു...
കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയ ഞാൻ ഉടനെ ഓടി അച്ഛന്റെ അടുത്തെത്തി കാര്യം തിരക്കി.

അപ്പോൾ.. അച്ഛൻ പറഞ്ഞു "മണിക്കുട്ടൻ ഇപ്പൊ വലിയ കുട്ടിയായി..ഇനി നമുക്കവനെ വളർത്താൻ കഴിയില്ല പശുക്കുട്ടിയായിരുന്നുവെങ്കിൽ നമുക്ക് വളർത്താമായിരുന്നു..ഇത് മൂരിക്കുട്ടനായതു കൊണ്ട് അവനെ വണ്ടി വലിക്കുന്ന ജോലി ചെയ്യിക്കുന്ന ഇറാന് (ഞങ്ങളുടെ വീടിനടുത്തുണ്ടായിരുന്ന കാളവണ്ടിക്കാരൻ ആണ് ഇറാൻ..അയാൾ എന്നും തന്റെ കാളകളെയും കൊണ്ട് ഞങ്ങളുടെ വീടിനു മുൻപിലൂടെ  കാളവണ്ടിയിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്..പോരാത്തതിന് അച്ഛന്റെ സൈക്കിളിലിരുന്നു കൊണ്ട് തൊട്ടടുത്ത ശ്രീകണ്ഠശ്വരം ശിവക്ഷേത്രത്തിലേക്ക്‌  തൊഴുവാൻ പോകവേ ഞാനീ ഇറാന്റെ വീടും അയാളുടെ കാളകളെയും കണ്ടിട്ടുണ്ട് .. അയാൾ വലിയ ചാട്ട ഉപയോഗിച്ചു കാളകളെ തല്ലിയാണ് നടത്തുന്നത് എന്നതിനും ഞാൻ സാക്ഷിയായിട്ടുണ്ട് )
എന്റെ അടുത്ത ഭയം ഇയാൾ മാംസഭൂക്കാണ്..ഞാൻ കേട്ടിട്ടുണ്ട് ..എന്റെ വീട്ടിൽ ജോലിക്ക് വരുന്ന ക്രിസ്തുമതത്തിൽ പെട്ട അന്നമ്മയും ,മറിയവും അവരുടെ മക്കളായ മക്കളായ വത്സ,ലില്ലി,ലിൻസി  എന്നിവരും പശു,മൂരി മുതലായ വലിയ ജീവികളെ വരെ  കൂട്ടാൻ വച്ച് കഴിക്കുമെന്ന്

ഞങ്ങളുടെ പറമ്പിന്റെ  വടക്കും പടിഞ്ഞാറുമായി രണ്ടുപാമ്പിൻ കാവുകൾ (വടക്ക് മണിനാഗം ,പടിഞ്ഞാറ് കരിനാഗം ) ഉണ്ടായിരുന്നത് കൊണ്ടും അവിടെ മനക്കലെ തിരുമേനിയെക്കൊണ്ട്  മാസത്തിലൊരിക്കൽ  ചുറ്റുമുള്ള വീട്ടുകാർ ഒരുമിച്ചു ചേർന്ന് പ്രായശ്ചിത്തം പോലെ പൂജ ചെയ്യിച്ചു ശക്തി വരുത്തിയിട്ടുള്ളതു കൊണ്ടും ഞങ്ങൾ കുട്ടികൾ പോലും അന്ന് മത്സ്യ മാംസാദികൾ കഴിച്ചു തുടങ്ങിയിട്ടില്ലായിരുന്നു...അത് കൊണ്ട് "മാംസഭുക്ക്" 
എന്ന് കേട്ടാൽ  ഒരു ചെറിയ ഭീകരതയൊക്കെ അന്ന് തോന്നിയിരുന്നു.

ഇനിയവരെന്റെ മണിക്കുട്ടനെഎങ്ങാനും കൊണ്ട് പോയി കൊന്നു തിന്നു കാണുമോ ദൈവമേ?ഞാനെങ്ങിനെ ഇത് സഹിക്കും? ഇന്നലെ വരെ ഞാനെന്റെ അനിയനെപ്പോലെ സ്നേഹിച്ചു വളർത്തിയിട്ടു,ഞാനില്ലാത്ത നേരത്ത് അവനെ വല്ലവരുടെയും കൂടെ അയച്ചപ്പോൾ അവനെന്തു വിഷമം തോന്നിക്കാണും..അവനെന്നെക്കാണണ മെന്നു തോന്നിക്കാണില്ലേ ?അവന്റെ അമ്മയെ വിട്ടു പോയപ്പോൾ അവനെന്തു വിഷമം ഉണ്ടായിക്കാണും നന്ദിനിയുടെ സങ്കടം ഞാനും കണ്ടതാണല്ലോ ..ചെന്ന സ്ഥലത്ത് അവനു ആരെയെങ്കിലും പരിചയമുണ്ടോ? പാവംഅവനെ നമ്മൾ സ്നേഹിക്കും പോലെ അവർ സ്നേഹിക്കുമോ..?അതോ കുറുമ്പ് കാണിക്കുമ്പോൾ ചാട്ട കൊണ്ട് അടിക്കുന്നുണ്ടാവുമോ..അതോ..ഇനിയവൻ ജീവിച്ചിരിപ്പില്ലെ?!” ഓർത്തിട്ടെനിക്കൊരു  മനസ്സമാധാനവുമില്ലാതായി

അന്ന്  രാത്രി മുഴുവൻ കരഞ്ഞു എനിക്ക് പനി വന്നപ്പോൾ പിറ്റേ ദിവസം ഇറാന്റെ വീട്ടിൽ കൊണ്ട് പോയി അവനെ കാണിച്ചു തരാമെന്നു അച്ഛൻ സമ്മതിച്ചു. പിറ്റേന്നു അച്ഛന്റെ സൈക്കിളിൽ കൈയിൽ ഒരു പടല പഴവുമായി ഇറാന്റെ വീട്ടിലെത്തിയപ്പോഴതാ  നിൽക്കുന്നു എന്റെ ഓമനക്കുട്ടൻ- താമരക്കണ്ണൻ! ഞങ്ങളെ കണ്ടതും നിന്ന നിൽപ്പിൽ  അവനൊന്നു തുള്ളിച്ചാടി.. ഇമ്പേ ,.. എന്ന് നീട്ടിക്കരഞ്ഞു .. പിന്നെ ..മുന്നിലെ കഞ്ഞിക്കലം തട്ടി മറിച്ചു കളഞ്ഞു "എന്റെ രക്ഷകർ എന്നെ കൊണ്ട് പോകാൻ  വന്നെടോ" എന്ന മട്ടിൽ  ഇറാന്റെ നേർക്കൊരു നോട്ടവുമെറിഞ്ഞു. ഞാനവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.പിന്നെ ആരോടും സമ്മതം വാങ്ങാതെ  എന്റെ കൈയ്യിലെ പഴം മുഴുവൻ അവനെക്കൊണ്ട് കഴിപ്പിച്ചു.


കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് ഞാനും മണിക്കുട്ടനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലായിട്ടോ, അതോ അച്ഛനെന്റെ വിഷമം അയാളോട് പറഞ്ഞിട്ടോ എന്തോ ഇറാൻ എന്ന കാളവണ്ടിക്കാരൻ എന്റെയടുത്ത് വന്നു പതിഞ്ഞ ശബ്ദത്തിൽ സമാധാനിപ്പിച്ചു കൊണ്ടിങ്ങിനെ പറഞ്ഞു "കിടാവ് വിഷമിക്കേണ്ട ,,ഞാനീ മൂരിക്കുട്ടനെ തല്ലുകയോ ,കൊല്ലുകയോ ,തിന്നുകയോ ഒന്നും ചെയ്യില്ലാട്ടാ...വേണെങ്കിൽ കിടാവിനു ഇഷ്ടോള്ളപ്പോൾ ഇതിനെ വന്നു കാണുകേം ചെയ്യാം ..വല്ലതും കൊടുക്കണമെങ്കിൽ കൊടുക്കുകേം "അയാൾ അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ നിന്ന് പകുതി ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നി..അയാളൊടത് വരെ   മനസ്സിൽ തോന്നിയ  ദേഷ്യത്തിന് ഒരൽപം  ശമനം വന്നു. ഞാൻ പതുക്കെ അയാളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..പക്ഷെ മുഴുവൻ കഴിഞ്ഞില്ല... അന്ന്  മണിക്കുട്ടനെ അവിടെ വിട്ടു പോന്ന ശേഷം അച്ഛനെന്നെ ഡോക്ടറിനടുത്ത് കൊണ്ട് പോയി മരുന്നൊക്കെ കഴിപ്പിച്ചു ഒരു വിധം പനി മാറ്റിയെടുത്തു .  

പിന്നെ ദിവസേന പുറത്തു പോകുന്ന കൂട്ടത്തിൽ അച്ഛനൊരു ജോലികൂടിയായി..എന്താണെന്നല്ലേ ..ഞാൻ സ്കൂൾ വിട്ടു വന്നാൽ എന്നെയും സൈക്കിളിലിരുത്തി ഇറാന്റെ വീട്ടിൽ കൊണ്ട് പോകുക വെറുതെ പോയാൽ പോരാ ... ഒപ്പം വീട്ടിൽ നിന്ന് മണിക്കുട്ടന് തിന്നാൻ പറ്റിയ എന്തെങ്കിലും കൈയിൽ  കൊണ്ട് പോകുകയും വേണം... പാവം അച്ഛൻ! വീണ്ടും കരഞ്ഞു  എനിക്ക് പനി വരാതിരിക്കുവാൻ വേണ്ടി കുറച്ചു ദിവസം അങ്ങിനെ കൊണ്ട് പോയി ..അത് മാത്രവുമല്ല അത് വരെ കൂടൽ മാണിക്യം ക്ഷേത്രത്തിലേക്ക്  കൂടുതലും തൊഴുവാൻ പോയിരുന്ന ഞാൻ വളരെപ്പെട്ടെന്നു തന്നെ ശിവഭക്തയായി മാറിയതിനു പിന്നിൽ മണിക്കുട്ടനാണെന്ന സത്യം എല്ലാവർക്കും മനസ്സിലായി.കാരണം ഇറാൻ എന്ന കാളവണ്ടിക്കാരന്റെ വീടിനു മുന്നിലൂടെ നടന്നു മാത്രമേ ഞങ്ങൾക്കു അടുത്തുള്ള  ശ്രീകണ്ഠശ്വരം  ശിവക്ഷേത്രത്തിലേക്ക്പോകുവാനാകുമായിരുന്നുള്ളൂ എന്നത് തന്നെ...

അങ്ങിനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പരീക്ഷക്കാലം വന്നു. അങ്ങിനെ ഒന്നരാഴ്ചയോളം മണിക്കുട്ടനെ കാണാതെ കഴിച്ചു കൂട്ടേണ്ടി വന്നു..പരീക്ഷ കഴിഞ്ഞതും ഞാൻ അച്ഛനെയും കൂട്ടി മണിക്കുട്ടനെ കാണാൻ ഓടി.അവിടെ ചെന്നപ്പോൾ മണിക്കുട്ടനൊരു ഭാവവ്യത്യാസം! എന്നെ കണ്ടിട്ട്  കണ്ട മട്ടില്ല പഴയ പോലെ കളിക്കുവാൻ വരുന്നില്ല..ഒരു പരിചയക്കേട്പോലെ! കൂടാതെ കുറച്ചു പൊക്കവും കൂടുതൽ വച്ച പോലെ തോന്നി...എനിക്ക് വല്ലാത്ത സങ്കടം വന്നു..ഒന്നരാഴ്ച മുൻപ് വരെ എന്നെ കണ്ടപ്പോൾ തുള്ളിച്ചാടിയിരുന്ന  മണിക്കുട്ടൻ  ഇറാന്റെ വീട്ടിലെ കുട്ടിയുടെ കൂടെ കളിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ..ഞാനവിടെ നിന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു..എല്ലവരുമതു കണ്ടു വല്ലാതായി...എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു ..

ഞാൻ അച്ഛനോടപ്പോൾ തന്നെ വീട്ടിലേക്കു തിരിച്ചു പോകാമെന്നും ഇനിയൊരിക്കലും ഇവനെ കാണാനോ,കൂട്ടുകൂടാനോ വരേണ്ടെന്നും തറപ്പിച്ചു പറഞ്ഞു..ഇത് കണ്ടു ഇറാനും ,അച്ഛനും തമ്മിൽ കണ്ണിറുക്കിഹാവൂ രക്ഷപ്പെട്ടു എന്ന മട്ടിൽചിരിച്ചതെന്തിനാണെന്നു പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത്.

തിരിച്ചു വരുമ്പോൾ അച്ഛനെന്നോട് പറഞ്ഞു..."ഒന്നിനോടും,ഒരാളോടും, ഒരു ജീവിയോടും അമിതമായ സ്നേഹമോ,ഭ്രമമോ തോന്നാൻ പാടില്ല,അത് നമ്മുടെയുള്ളിലെ നന്മയില്ലാതാക്കും ,സ്വാർത്ഥത എന്ന ദുർഗുണം നമ്മിലുണ്ടാക്കും,പിന്നെ മൃഗങ്ങൾക്ക് വിശേഷ ബുദ്ധി കുറവായത് കൊണ്ട് അവയെ നമ്മൾ  എത്ര തന്നെ സ്നേഹിച്ചാലും കുറച്ചു ദിവസം നമ്മെ കാണാതിരുന്നാൽ അവ നമ്മെ മറന്നു പോകും ..അത് ഒരു തരത്തിൽ ദൈവം അവർക്ക് കൊടുത്തിരിക്കുന്ന വരമാണ്  പ്രിയപ്പെട്ടവരുടെ നഷ്ടങ്ങളിൽ വേദന തോന്നാതിരിക്കുവാൻ" എന്നൊക്കെ.ഞാനൊന്നും മിണ്ടാതെ എല്ലാം തല കുലുക്കി കേട്ടു

പിന്നെ ഒരിക്കലും മണിക്കുട്ടനെ കാണുവാൻ വേണ്ടി ഞാൻ വാശി പിടിച്ചില്ല..നന്ദിനിപ്പശു പോലും തന്റെ ആദ്യപുത്രനെ മറന്നു കഴിഞ്ഞിരുന്നു. പതുക്കെ പതുക്കെ ഞാനുമവനെ മറക്കാൻ തുടങ്ങി. ഏതായാലും അവനും എന്നെ മുൻപേ മറന്നു കഴിഞ്ഞല്ലോ.പക്ഷെ ,പിന്നീട് നന്ദിനിപ്പശുവിനു ജനിച്ച ഒരു കുഞ്ഞിനോടും ഞാൻ അധികം അടുക്കാനോ,കൂട്ടുകൂടാനോ പോയില്ല ...കാരണം വീണ്ടും, വീണ്ടും സ്നേഹിക്കുന്നവരുടെ നിന്ദയും, മുഖം തിരിച്ചിലും സഹിക്കുവാനുള്ള ശക്തി അന്നെന്റെ കൊച്ചു ഹൃദയത്തിനുണ്ടായിരുന്നില്ല... ശക്തി ഇന്നുമില്ല 

ഇന്നിതെഴുതാൻ ഇരുന്നപ്പോൾ ഞാനത് മനസ്സിലാക്കി ..കാരണം ഇത്ര വർഷം കഴിഞ്ഞിട്ടും ഒരിക്കൽ ഞാൻ സ്നേഹിച്ചവരെ ,അവരെന്നെ മറന്നാലും,അതൊരു ചെറിയ ജീവിയാണെങ്കിൽ പോലും,മറക്കാനോ മനസ്സിൽ നിന്ന് മായ്ച്ചു കളയാനോ കഴിയില്ലെനിക്കെന്ന്!ഇതൊരു പക്ഷെ സദാ  സ്വപ്നജീവിയായ എന്റെ,പ്രായോഗികബുദ്ധിയുടെ കുറവായിരിക്കാം..അതുമല്ലെങ്കിൽ വളരെപ്പെട്ടെന്നു പല ഭാവങ്ങൾക്ക് വിധേയമാവുന്ന വളരെ ലോലമായ കലാഹൃദയമുള്ളത് കൊണ്ടുമാവാം..അറിയില്ല..പക്ഷെ ഒന്ന് മാത്രമറിയാം.എന്റെ ഉപബോധമനസ്സിന്റെ ഏതോ കോണിലിപ്പോഴും " മണിക്കുട്ടൻ " എന്ന കറുപ്പിൽ വെളുത്ത ചുട്ടിയുള്ള, കഴുത്തിൽ ഓട്ടുകുടമണിയിട്ട് കിലുക്കി നടക്കുന്ന  ഒരു കുറുമ്പൻ കുഞ്ഞനിയനുണ്ട്..അവനെന്നുമവിടെ ഉണ്ടായിരിക്കുകയും ചെയ്യും... :(

No comments:

Post a Comment