Saturday 2 November 2013


Home made Boondi Laddu,cheeda and pazham pori- "Happy Diwali" to all dear ones... :)



Hand made "Diya" on Diwali 2013

Friday 1 November 2013

My first and fast attempt on Terracotta accessories...feeling happy. :)
“അമ്മയാം നന്മ തൻ നാട്”

[ഈ കവിത എഴുതിയത് മായാരാജേഷ്,ഷാർജ
എന്റെ ഈ ചെറിയ കവിത ഞാനെന്റെ സ്വന്തം അമ്മ മാലതിഅമ്മയ്ക്കും,എന്റെ കേരളമണ്ണിനുമായി സമർപ്പിക്കുന്നു. എഴുതിയ ദിവസം: 01-11-2013.]

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ "കേരളപ്പിറവി ആശംസകൾ" നേരുന്നു..


നാളികേരത്തിന്റെ നാട്
നാനാകലകൾ തൻ നാട്
മധുരമെൻ മലയാളനാട്
അമ്മയാം നന്മ തൻ നാട്!

കള്ളവുമില്ല  ചതിയുമില്ലാ,
എള്ളോളമില്ല പൊളിവചനം
കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാത്ത
മാബലിതമ്പുരാൻ വാണ നാട്!

കഥകളി,കൂത്തും,പാഠകവും,
മോഹിനിയാട്ടവുമുണർന്ന നാട്!
കൃഷ്ണാട്ടം,രാമനാട്ടമെന്നിവയും,
ഭക്തിയുണർത്തിയോരെന്റെ നാട്!

കൈകൊട്ടിക്കളിപ്പാട്ടിനോപ്പമായി
വട്ടത്തിൽ, താളത്തിൽ സുന്ദരിമാർ
ആടിത്തിമിർക്കുന്നോരെന്റെ നാട്!
പാണികൊട്ടും,കുരവയുമായ്
ആചാരങ്ങളൊട്ടുണർന്ന നാട്!

ചെണ്ടയും,തിമിലയും,ചേങ്ങിലയും
മിഴാവും കഥ പറഞ്ഞോരു  നാട്!
ഇടക്കയും ഉടുക്കും കൊട്ടി നന്നായ്-
ദൈവത്തെ മുന്നിൽ വരുത്തും നാട്!

വില്ലടിച്ചാൻ പാട്ടിനൊപ്പമായി
ദൈവമെഴുന്നൊള്ളും പൊന്നു നാട്!
വള്ളം കളിയും,വള്ളസദ്യയുമായ്
കണ്ണനാഘോഷിക്കും ദൈവനാട്!

അമ്പലപ്പുഴയിലെ  പായസവും ,
കണ്ണനും പുകഴ്പെറ്റ നല്ല നാട്
ആറന്മുള കണ്ണാടിക്കായ്‌
ആളുകളെത്തുന്ന ദിവ്യനാട്!

എഴരപ്പൊന്നാനയും,ഓണവില്ലും
ഒത്തൊരുമിക്കുന്നൊരെന്റെ നാട്!
പവിത്രമോതിരവും,തൂക്കവും
ഒരുമിച്ചു വാഴുന്നോരെന്റെ നാട്!

ആനയോട്ടത്തീനൊപ്പമായി
ആബാലവൃദ്ധവുമോടും നാട്
കളമെഴുത്തും,നാഗപ്പാട്ടുമായി
ദോഷങ്ങൾ തീർക്കുന്ന നന്മനാട്!

തെയ്യവും തിറയും,പറയുമെല്ലാം
ഉള്ളിൽ വെളിച്ചം വീഴ്ത്തും നാട്
ഓണത്തല്ലും,പുലിക്കളിയും,
കുമ്മാട്ടിയും ഹരം കൊള്ളും നാട്!

ഭക്തോത്തമാന്മാരാം പൂന്താനവും
പിന്നെ മഞ്ജുള,കുറൂരമ്മമാരും
ജ്ഞാനപീഠമേറിയാദിശങ്കരനും,
നാരായണനെന്ന സദ്ഗുരുവും
സ്വജന്മത്താൽ പുണ്യം പകർന്ന നാട്!

കൊഞ്ചിക്കുഴയും കിളിയും
നല്ല തുഞ്ചനവനും പിറന്ന നാട്
കുഞ്ചന്റെ പാടവം കണ്ട നാട്
കോരിത്തരിച്ചങ്ങിരുന്ന നാട്!

രാമപുരത്തു വാരിയർ തൻ
താളത്തിനൊത്ത് തുഴഞ്ഞ നാട്
ആശാന്റെ "വീണപൂവി"നൊപ്പം
വാടിത്തളർന്ന് പോയൊരു നാട്!

ഉള്ളൂരിൻ വൈഭവം കണ്ട നാട്
ആ പ്രേമരസത്തിൽ കുളിച്ച നാട്
വള്ളത്തോളിൻ "സാഹിത്യമഞ്ചരി"യും
കലാമണ്ഡലവുമുയർന്ന നാട്!

ഉണ്ണായി വാരിയർ തൻ തൂലികയിൽ
നള ദമയന്തി പ്രണയം വിടർന്ന നാട്
അമ്മന്നൂർ മാധവചാക്യാരെപ്പോ-
ലതുല്യപ്രതിഭകൾ അരങ്ങുവാണ നാട്!

സംഗീത ലോകത്തെ അറ്റ വാക്കായ്
സ്വാതിതിരുനാൾ പിറന്ന നാട്
ആറു കാലങ്ങളിൽ പാടുമത്ഭുതമായ്
ഷഡ്കാല ഗോവിന്ദമാരാർ പിറന്ന നാട്!

ധീര പഴശ്ശിക്കും,തമ്പുരാൻ ശക്തനും,
സാമൂതിരിക്കുമിതു ജന്മനാട്
വീരകേരളവർമക്കും,മാർത്താണ്ഡവർമക്കും
ജന്മം കൊടുത്തതതുമീ  നാട് തന്നെ!

അറിവിൻ നിറകുടമാം "ഇന്ദുലേഖ' യിലൂടെ
കേരളസ്ത്രീത്വത്തിൻ സാമൂഹ്യ,
സംസ്ക്കാരികാവലോകനം ചെയ്തൊരാ-
ചന്തുമേനവൻ തൻ സ്വന്തംനാട്!

ഇനിയും മഹിളകൾ ,മാന്യന്മാരും
കവികൾ,കവയിത്രികളെല്ലാപേരും
ജന്മമേറെ കൈക്കൊണ്ടോരെന്റെ നാട്
കേരളമെന്നോരാ ജന്മനാട്!

സുഗതകുമാരിയും,ഓ.എൻ.വി യും
കമലയും, സാറയും, മധുസൂദനനും,
എല്ലാരും മലയാള മണ്ണിൻ മക്കൾ!
എല്ലാരും കേരള മണ്ണിൻ മക്കൾ!

ഇനിയും പറഞ്ഞാലും തീരാത്തത്ര
ചരിത്ര മുറങ്ങുന്നോരെന്റെ നാട്!
ശ്രേഷ്ട്ടതയെന്നേ ലഭിച്ച നാട്
ഇന്നത് വീണ്ടുമുറച്ച നാട്!

പാണനും,പാട്ടിയും പാടിയാലും
ആയിരം നാവുള്ളനന്തനോതിയാലും
തീരില്ലയെന്റെ  പൊൻ നാടിൻ മഹത്വം!
എന്റെ പൊന്നമ്മ തൻ സ്നേഹം പോലെ!

എൻപ്രിയ കേരളമാതാവേ,പൊന്നമ്മേ,
നമിക്കുന്നൂ നിൻ മലരടിയിണകളിലിവൾ

പുകഴ്പെട്ടുയരട്ടെ നിന്നാഖ്യ മേൽക്കുമേലിനിയും;
അതിശ്രേഷ്ട്ടയായ് തീർന്നീടുകെന്നമ്മേ നീ-
യതിന്നായ് മാത്രം സദാ പ്രാർഥിക്കുന്നു നിൻ
എളിയ മകളിവളെന്റെ ജന്മനാടെ, നന്മനാടേ!