Tuesday, 17 December 2013

Wednesday, 11 December 2013

"ദ്രൌപതി" 
[ഈ കവിത എഴുതിയത് മായരാജേഷ് ,ഷാർജ-
എന്റെ കവിതകളെല്ലാം ഓരോ പുരാണ കഥാപാത്രങ്ങളുടെ അധികമാരും കാണാത്ത മുഖമാണ് വർണ്ണിക്കാറുള്ളത് .അതിനു ഒരു പക്ഷെ,ഒരു കഥയുടെ മട്ടും ഭാവവും ഉണ്ടാവാം.കുട്ടിക്കാലം മുതൽക്കു തന്നെ ഒരുപാട് കഥകൾ കേട്ട് വളർന്നത്‌ കൊണ്ടാവാം,ഇന്നും പുതിയ പുതിയ കഥകൾ കേൾക്കാനും,അവ പറയാനും ,കവിതകളിലൂടെ അവയെ പ്രകടിപ്പിക്കാനും ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്...]

ദ്രൌപതിയിവൾ, യാഗബലത്താൽ-
ദ്രുപദന്റെ പുത്രിയായ് പിറന്നോരു-
കൃഷ്ണ സോദരിയാം കാളി!

കണ്ണനെപ്പോൾ കറുത്തവൾ, 
“കൃഷ്ണ"യെന്നാഖ്യയുള്ളോൾ
താമരക്കണ്ണഴകി, അതിസുന്ദരിയാമെൻ-
പാഞ്ചാലകുമാരിയിവൾ!

നീലകമലത്തിൻ ഗന്ധവുമുള്ളവൾ,
കുറ്റമറ്റോരംഗവടിവുള്ളോൾ, തേജസ്വിനി
ധീര, സുഭഗ, സകലകലാവല്ലഭ,
യുദ്ധപ്രവീണയും,ശാസ്ത്രപ്രവീണയും!

നളദമയന്തിമാർ തൻ പുത്രിയായിരുന്നൊരു
കുമാരി നളായനി തൻ-
കഴിഞ്ഞ ജന്മത്തിലെ കൊടുംതപത്തിനാൽ
കനിഞ്ഞു നേടീ മഹാദേവൻ തൻ കൈയാൽ വരം!

അതും പോരാഞ്ഞു പിന്നെയീ ജന്മത്തിലോ -
തൻ പുത്രന്മാർ കൊണ്ട് വന്ന പതിവുഭിക്ഷ-
യെന്നു കരുതി ,മാതാ കുന്തി യുമിങ്ങിനെ ചൊല്ലിനാൻ;
” എന്താകിലുമതഞ്ചു പേരും കൂടിത്താൻ പങ്കിട്ടോളാൻ” 

രണ്ടു വചനങ്ങളും തുല്യമായ് ശിവവരത്തിനാൽ,
നാവിൻ തുമ്പിലെ വാണീമാതാവിൻ ഗുണത്തിനാൽ, 
അങ്ങിനെയിജ്ജന്മത്തിൽ വരിച്ചൂ അവൾ-
പഞ്ചപാണ്ഡവരാം അഞ്ചു ഗുണങ്ങളെ-
മനുഷ്യരൂപത്തിൽ,സ്വപതീരൂപത്തിൽ!

അഞ്ചു പേർക്കൊപ്പം കഴിഞ്ഞിട്ടും, 
ശിവനുടെ വരബലാൽ -
സ്വകന്യകാവൃതത്തിനും –
പാതിവൃത്യത്തിനു പോലും
സദാ ഭംഗം വരാത്തവൾ !

പഞ്ചപതിമാരെയുമൊരുപോൽ 
കരുതണമെന്ന് ശാസ്ത്രമെന്നിരുന്നാലും ,
സ്വയംവരപന്തയത്തിൽ തൻ കരവും മനവും 
കവർന്നോരർജുനകുമാരനോടത്രേ-
ദ്രൌപതി തൻ പ്രഥമപ്രണയം പോലും!

ഒരു ചെറുചേലത്തുമ്പിനാൽ,
ലോകൈകനാഥനാം കണ്ണന്റെ മുറിവ് കെട്ടി-
പകരമവൻ കയ്യാൽ തൻ മാനം മറക്കും വിധം 
പട്ടുചേല തൻ സാഗരം തന്നെ നേടിയവൾ!
ലോകൈകനാഥന്റെ സോദരകരങ്ങളിൽ 
രക്ഷാബന്ധനം ചെയ്ത പ്രഥമ സോദരി നീ…

വിശ്വകർമാവിനാൽ രചിതമാം
ഇന്ദ്രപ്രസ്ഥത്തിലായോരുനാൾ -
ദുര്യോധനരൂപമാർന്നഹങ്കാരത്തെ-
സ്വന്തം പരിഹാസം കൊണ്ട് മുറിവേല്പ്പിച്ചവൾ!

അതിനായ് തൻ സത്പുത്രരെയൊക്കവെയും
കുരുക്ഷേത്ര യുദ്ധത്തിലായധർമികൾക്ക് 
ബലി നല്കേണ്ടി വന്ന സഹനത്തിൻ മാതാവവൾ!!!

വീരരാം പതിമാർ നോക്കി നില്ക്കെ തൻ-
സ്ത്രീത്വത്തിന്നു വില പേശിയ നൂറ്റവരെ-
കാലപുരിക്കയക്കും തിഥി വരെയും,
സ്ത്രീ തൻ കുലീന ചിഹ്നമാം വേണീബന്ധമഴിച്ചിട്ട് 
പ്രതിഷേധിച്ച പ്രഥമ കുലനാരി നീ!

തൻ മാനത്തെ കടന്നാക്രമിച്ച കാടത്തത്തിന്നു-
യിർ കൊടുത്തവളെന്നിരിക്കിലു-
മാദരിച്ചൂ ,ഗാന്ധാരിയാം ശ്രേഷ്ഠ കുലമാതാവിനെ പാരം.

ചതിക്ക് പകരം ചതി ചെയ്യാതെ പുത്രദു:ഖത്തിലും തൻ-
ശത്രുമാതാക്കൾ തൻ മനസ്സോർത്തു ക്ഷമിച്ചവൾ!
മഹാഭാരതത്തിൻ ഗതിവിഗതികളെ 
മാറ്റി മറിച്ചവൾ, രാജതന്ത്രങ്ങളറിയുമീ നായിക….!

വീരനാം പൌത്രനമഭിമന്യു വീരമൃത്യു പൂകിയപ്പോഴും-
മനസ്സ് പതറാതെ, ഉത്തരയാം പൌത്രവധുവിന്നു-
മവളുടെ ഉദരഫലമാം പ്രപൌത്രനുംവേണ്ടിത്തന്നെ
പകർന്നൂ തന്നിലെ ശേഷിച്ച കരുത്തവൾ!!!

അതിനാലിന്നും, ഭാരതേതിഹാസത്തിൻ-
ഏടുകൾ മറിക്കുമ്പോൾ; 
പഞ്ചനാരി"മാരിലൊരുവളായ് ഗണിക്കുന്നു ഭുവനം
"ദ്രൌപതി"എന്നായാഖ്യയുള്ളോരീ വീരയാം നായികയെ.























Some of my art works ...