"ഊർമിളായനം"
[ ഈ കവിത എഴുതിയത് മായാരാജേഷ്,ഷാർജ-
ദിവസം -27-സെപ്റ്റംബർ 2013.]
ചെന്താർമിഴിയുള്ളവൾ, സീതയ്ക്ക് സമാനമാം
ബുദ്ധി,വിദ്യാ, രൂപഗുണങ്ങൾ തികഞ്ഞവൾ
ശാലീന,പതിവ്രത, കുലീനനാരിയിവൾ ഊർമിള.
എന്നിട്ടുമെന്തേ രാമായണത്തിലിവൾക്കില്ലാതെ പോയീ സ്ഥാനം
സീതക്കും,മണ്ഡോധരിക്കും,"താടക"ക്കു പോലുമുള്ളത്ര?!!!
സീതാദേവി ഗമിച്ചു ശ്രീരാമനാം പതിക്കൊപ്പം
ഒപ്പം തൻ പതി ലക്ഷ്മണനും ഗമിച്ചൂ സോദരസ്നേഹത്താലെ
"കരയരുതിത് ധർമപാലനം"
കുലത്തിൽ നാരി തൻ കണ്ണീരു വീഴല്ലെന്നു താക്കീതുനൽകീ പതി പോകുന്ന നേരത്തിങ്കൽ...
ഇഹലോകം വിട്ടച്ഛൻ പോയതും കണ്ടു,ഭരതൻ ഋഷിയായതും,
എന്നിട്ടും കരഞ്ഞില്ല പതി തൻ വാക്കിനാലെ...
"രാമായണ"മെഴുതി കവികൾ,"സീതായന"മെഴുതി കവികൾ
മറന്നവർ ജനകന്റെയീ ദുഖപുത്രിയെ,
ത്യാഗമൂർത്തിയാം ലക്ഷ്മണപത്നിയെ - ഊർമിളയെ...
വനവാസമെങ്കിലും സീത രാമനൊപ്പം
സന്യാസമെങ്കിലും ഭർത്രുമുഖദർശനം
ലഭ്യമായ് മാണ്ട്ടവിക്കും ,ശ്രുതകീർത്തിക്കും
എന്നാലൂർമിളയൊ സദാ വിരഹിണി...
രാജർഷിയല്ല പതി,സന്യാസിയും പക്ഷെ ..
ത്യാഗത്തിൻ മൂർത്തിയായ്, ജ്യേഷ്ട്ടനാം
അവതാരവിഷ്ണുവേ അനുഗമിച്ചവൻ
അനന്താവതാരത്തെ പതിയായ് ലഭിച്ചവൾ
അറിഞ്ഞില്ലയിനി ലോകനന്മക്കായ്
നീണ്ട പതിന്നാലു സംവത്സരങ്ങൾ തൻ കൊടുംവിരഹമെന്നു..
അതുമല്ലവൾ വരമായ് നേടീ സ്വയം-
ലക്ഷ്മണൻ തന്റെ നിദ്രയൊക്കെയും ദ്രുതം തന്നെ ;
ശ്രീരാമദേവന്റെയും ദേവിസീത തന്റെയും രാപ്പകൽ രക്ഷക്കായ്- പതിന്നാലു വർഷത്തേയും!
അവളുടെ ത്യാഗമത്രെ ശരിയായ ത്യാഗം
അവളുടെ വിരഹം ശരിയാം വിരഹവും
അവളുടെ മഹത്വം സീതയെക്കാളുമുയരെ
എന്നിട്ടുമാരും കണ്ടീലവളുടെ ത്യാഗവും,മഹത്വവും...
പാടിയില്ലൊരു കവിയും,കഥാകാരനുമവളുടെ
മഹത്ചരിത്രവും ,ചാരിത്ര്യവും..ഹാ.. കഷ്ടം!
ദേവിയെങ്കിലും,അപ്സരസ്സെന്നാകിലും
ഭാഗ്യമെന്നോന്നില്ലായെങ്കിൽ ഭൂവിതിൽ പിറക്കയും
ദുരിതങ്ങളിങ്ങനെയോരോന്നായ് സഹിക്കയും
ചെയ്ക വേണമെന്നറിഞ്ഞാലും മാലോകരാകും നമ്മൾ..
ഊർമിളാദേവി തന്റെ ത്യാഗത്തിനാലെയിന്നു
ഭൂവിതിൽ രാമായണം സാധ്യമായെന്നുമോതാം
അങ്ങിനെയുള്ള പരിശുദ്ധ തൻ കഥയിന്നുരച്ചു-
കൊണ്ടു ഞാനും നിറുത്തുന്നീ ഊർമിളായനം...
ഓർക്കുക വല്ലപ്പോഴും നിങ്ങളെൻ ഊർമിളയെ
ഓർക്കുകയിവൾ തൻ മഹത്വവും,ത്യാഗത്തെയും
സീതാരാമന്മാർക്കായ് അമ്പലം പണിയുന്നോർ
മനസ്സിതിലെങ്കിലും പണിയുക ഒരു ചെറുകോവിലിവൾക്കായ്...